തനിച്ച് താമസിക്കുന്ന വയോധികയുടെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങളും പണവും കവർന്നു

പ്രതീകാത്മക ചിത്രം
വിഴിഞ്ഞം: തനിച്ചു താമസിക്കുന്ന വയോധികയുടെ വീട് കുത്തിത്തുറന്ന് കവർച്ച നടത്തി. വിഴിഞ്ഞം മുക്കോല പഞ്ചവടി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഗിരിജയുടെ(60) വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടു.
തനിച്ചു താമസിക്കുന്നതിനാൽ ഉറങ്ങുന്നതിനായി രാത്രിയിൽ അയൽവീട്ടിലേയ്ക്ക് പോകുന്നതാണ് ഗിരിജിയുടെ പതിവ്. ഇത്തരത്തിൽ പോയി രാവിലെ വീട്ടിലെത്തിയപ്പോഴാണ് കതക് തകർത്തനിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു പവന്റെ മാലയും ഒരു ജോടി കമ്മലും അഞ്ചു മോതിരങ്ങളുമാണ് നഷ്ടപ്പെട്ടത്.
വീട്ടിൽ സൂക്ഷിച്ചിരുന്ന 45000 രൂപയും പോയതായി കണ്ടെത്തി. തുടർന്ന് പ്രദേശവാസികളുടെ സഹായത്തോടെ വിഴിഞ്ഞം പൊലീസിനെ അറിയിച്ചു. പൊലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.








0 comments