ad
Deshabhimani

ചോദ്യങ്ങൾ പുറത്തെത്തിച്ചത് 147 സെറ്റുകളാക്കി, നീറ്റ് പരീക്ഷാ ചോര്‍ച്ചയിൽ സിബിഐ റിപ്പോര്‍ട് പുറത്ത്

neet leak
വെബ് ഡെസ്ക്

Published on Aug 07, 2026, 11:03 AM | 2 min read

ന്യൂഡൽഹി: നീറ്റ് ചോദ്യ പേപ്പര്‍ ചോരാൻ ഇടയാക്കിയ സംഭവത്തിൽ എൻടിഎയുടെ വീഴ്ചകൾ കേസിൽ ഉൾപ്പെട്ട പ്രതികൾ സമര്‍ഥമായി ഉപയോഗപ്പെടുത്തുകായിരുന്നു എന്ന് സിബിഐ കണ്ടെത്തൽ. എൻടിഎ ഏര്‍പ്പെടുത്തിയ വിഷയ വിദഗ്ദ്ധരും ചോദ്യ പേപ്പര്‍ തര്‍ജമ ചെയ്യാൻ ഉത്തരവാദിത്തപ്പെടുത്തിയവരും തന്നെയാണ് ഇതിൽ പ്രധാന കൂട്ടാളികൾ. അധികൃതരുടെ വീഴ്ചയും എൻടിഎ സംവിധാനത്തിനകത്തെ പങ്കാളിത്തവും അന്വേഷണ പരിധിയിൽ ഇല്ല.


ചോദ്യങ്ങൾ വായിച്ച്

മനപാഠമാക്കിയും പുറത്തെത്തിച്ചു


ചോദ്യങ്ങൾ മനപാഠമാക്കിയും കോപ്പിയടിക്കാര്‍ പ്രയോഗിക്കുന്ന പോലെ ചെറു കുറിപ്പുകളാക്കി ഒളിപ്പിച്ചുമാണ് പുറത്തെത്തിച്ചതെന്ന് സിബിഐ പറയുന്നു. അറിസ്റ്റിലായ രസതന്ത്ര പ്രൊഫസര്‍ ചെറുകുറിപ്പുകളാക്കിയാണ് ചോദ്യങ്ങൾ ശേഖരിച്ച് പുറത്തെത്തിച്ചത്. ഏകദേശം 147 സെറ്റുകളാണ് ഇങ്ങനെ പുറത്തെത്തിച്ചത്. അറസ്റ്റിലായ മറ്റ് രണ്ട് പ്രതികൾ ചോദ്യങ്ങൾ വായിച്ച് മനസിൽ ഉറപ്പിച്ചു. ഗൂഡാലോചന നടത്തിയ ഹോട്ടൽ മുറിയിൽ എത്തി സഹായികൾക്ക് ഓര്‍മയിൽ നിന്നും പറഞ്ഞുകൊടുത്തു. കടലാസിൽ എഴുതിച്ച് ശേഖരിച്ചു എന്നും സിബിഐ പറയുന്നു.


ചിലര്‍ പാഠപുസ്തകങ്ങൾ എൻടിഎ സംവിധാനത്തിന് അകത്ത് എത്തിച്ചു. ചേദ്യങ്ങൾ ഉൾപ്പെട്ട ഭാഗങ്ങൾ അതിൽ രേഖപ്പെടുത്തി എടുത്തു. 12 ഭാഷകളിൽ ചോദ്യപേപ്പര്‍ തര്‍ജമ ചെയ്ത് നൽകുന്നുണ്ട്. ഇതിനായി ഉത്തവാദിത്തപ്പെടുത്തിയവരാണ് പാഠപുസ്തക തന്ത്രം ഉപയോഗിച്ചതായി കണ്ടെത്തിയത്.


പ്രതികൾ ചേദ്യങ്ങൾ ചോര്‍ത്തുമ്പോൾ

എൻടിഎ എന്ത് ചെയ്യുകയായിരുന്നു


ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഓരോരുത്തരും ഏതെങ്കിലും തരത്തിൽ കോച്ചിങ് സെന്ററുകളുമായി ബന്ധപ്പെട്ടോ സ്ഥിരം പരീക്ഷാ പേപ്പര്‍ കച്ചവട ക്രിമിനൽ സംഘങ്ങളുമായോ കൈകോര്‍ത്ത് പ്രവര്‍ത്തിച്ചവരാണ്. ഇവര്‍ ഇത്രയും വലിയ തട്ടിപ്പ് നടത്തുമ്പോൾ എൻടിഎ കെട്ടിടത്തിനകത്ത് ഒരു സിസിടിവി സംവിധാനം പോലുമുണ്ടായിരുന്നില്ല എന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. എൻടിഎയുടെ ഭാഗത്ത് ഗുരതര വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട് ശരിവെക്കുന്നു. പ്രിന്റിങ് പ്രസുകളിൽ കനത്ത കാവലും നിരീക്ഷണവും ഉണ്ടാവും. ഇവ മറികടക്കാൻ എൻടിഎ കെട്ടിടത്തിന് അകത്ത് തന്നെ അച്ചടിക്ക് മുൻപ് ചോദ്യങ്ങൾ ചോര്‍ത്തുകയാണ് ചെയ്തത്.


എന്നാൽ ടെസ്റ്റിങ് ഏജൻസിക്ക് അകത്ത് നടന്നത് കരുതിക്കൂട്ടിയുള്ള വീഴ്ചയാണോ എന്നതിൽ അന്വേഷകര്‍ ഇനിയും വ്യക്തത വരുത്തിയിട്ടില്ല. സിബിഐ കുറ്റപത്രം സമര്‍പ്പിക്കൽ ഘട്ടത്തിലേക്ക് നീങ്ങുന്നതായാണ് വാര്‍ത്തകൾ.


മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോർച്ചയെത്തുടർന്ന് റദ്ദാക്കുകയും ജൂൺ 21-ന് റീ-ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു. 24 വിദ്യാര്‍ഥികൾ ഇതിനെ തുടര്‍ന്ന് നിരാശയിൽ ജീവനൊടുക്കി. രാജ്യത്തെ പിടിച്ചു കുലുക്കിയ ജന്തര്‍മന്തര്‍ പ്രക്ഷോഭത്തിലേക്ക് എത്തിച്ചത് ഈ വീഴ്ചയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് ഇതിനെ തുടര്‍ന്ന ഗത്യന്തരമില്ലാതെ രാജി വെക്കേണ്ടി വന്നു.


ചോര്‍ത്തിയ വിദഗ്ദ്ധര്‍


ബോട്ടണി, സുവോളജി വിഷയങ്ങളിൽ മനീഷ ഗുരുനാഥ് മാണ്ഡരെ, രസതന്ത്രത്തിൽ പ്രഹ്ലാദ് വിൽഹൽറാവു കുൽക്കർണി, ഊര്‍ജതന്ത്രത്തിൽ മനീഷ സഞ്ജയ് ഹവാൽദാർ എന്നിവരാണ് ചോര്‍ത്തലിൽ മുഖ്യ പങ്ക് വഹിച്ചത്.


ഫോറൻസിക് സയൻസ് ലബോറട്ടറി (CFSL), ഗവൺമെന്റ് എക്സാമിനർ ഓഫ് ക്വസ്റ്റ്യൻഡ് ഡോക്യുമെന്റ്സ് (GEQD) എന്നിങ്ങനെ ഏജൻസികളെ ഉപയോഗിച്ച് നടത്തിയ പരിശോധന വഴി വിദ്യാർത്ഥികളിൽ നിന്ന് പിടിച്ചെടുത്ത നോട്ടബുക്കുകളിലെ ചോദ്യങ്ങളും മെയ് 3-ന് നടന്ന നീറ്റ് പരീക്ഷയിലെ ചോദ്യങ്ങളും പൂർണ്ണമായും ഒത്തുപോകുന്നതായി സിബിഐ സ്ഥിരീകരിച്ചു.


ബാങ്ക് ഇടപാടുകൾ, പണമായി പിടിച്ചെടുത്ത തുക, ഫോറൻസിക് തെളിവുകൾ എന്നിവയെല്ലാം ചേർത്തുവെച്ചാണ് എൻ ടി എയുടെ രഹസ്യ കേന്ദ്രത്തിൽ നിന്ന് ചോദ്യങ്ങൾ ചോർന്ന് വിദ്യാർത്ഥികളിലേക്ക് എത്തിയതിന്റെ മുഴുവൻ കണ്ണികളും സിബിഐ വ്യക്തമാക്കിയിരിക്കുന്നത്.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home