ദേശീയ റെക്കോഡ് തിരുത്തി; ലോക അണ്ടർ20 അത്‌ലറ്റിക്‌സ് 400 മീറ്ററിൽ മലയാളി താരം അഷ്ഫാഖ് ഫൈനലിൽ

മുഹമ്മദ് അഷ്ഫാഖ്| Photo: Atletics India
യൂജിൻ : ലോക അണ്ടർ20 അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മലയാളി താരം മുഹമ്മദ് അഷ്ഫാഖ് 400 മീറ്ററിൽ ദേശീയ റെക്കോഡ് തിരുത്തി ഫൈനലിൽ. ഹീറ്റ്സിൽ 45.81 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വന്തം പേരിലുള്ള 46.05 സെക്കൻഡ് റെക്കോഡ് താരം മറികടന്നു. സെമിഫൈനലിൽ 46.00 സെക്കൻഡിൽ ഓടി ഫൈനൽ ബെർത്ത് ഉറപ്പിച്ചു.
ഹൈജമ്പിൽ ഇന്ത്യയുടെ ബസന്തും ഫൈനലിലെത്തി. 2.14 മീറ്റർ പിന്നിട്ടാണ് താരം അവസാന 11 പേരിൽ ഇടം നേടിയിരിക്കുന്നത്. ആരും യോഗ്യതാ മാർക്ക് ആയ 2.21 മീറ്റർ കടക്കാത്തതിനാൽ ബസന്തിന് ഫൈനൽ അവസരം ലഭിച്ചു.
മറ്റ് ഇനങ്ങളിലും ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജാവലിൻ ത്രോയിൽ ആശിഷ് യാദവും ടി ധരണീധരനും ഫൈനൽ യോഗ്യത നേടി. യാദവ് 69.87 മീറ്റർ എറിഞ്ഞ് ഗ്രൂപ്പ് എയിൽ ഒന്നാമതായപ്പോൾ, ധരണീധരൻ 68.07 മീറ്ററുമായി ഗ്രൂപ്പ് ബിയിൽ അഞ്ചാമനായി ഫൈനലിൽ പ്രവേശിച്ചു. മികച്ച ഫോമിലുള്ള യാദവിൽ മെഡൽ പ്രതീക്ഷയുണ്ട്. അണ്ടർ20 ലോക റെക്കോഡ് ഇന്ത്യയുടെ നീരജ് ചോപ്രയുടെ പേരിലാണ്.
വനിതാ ഡിസ്‌കസ് ത്രോയിൽ അമാനത് കുംബോജ് 52.58 മീറ്ററുമായി ഫൈനലിലെത്തി. ഗ്രൂപ്പ് എയിൽ ആറാം സ്ഥാനത്തായിരുന്നു താരം. പുരുഷൻമാരുടെ 800 മീറ്ററിൽ മൊഗാലി വെങ്കട്ടറാം സെമിഫൈനലിലേക്ക് മുന്നേറിയപ്പോൾ, ഉവിൻ ആനന്ദിന് ഹീറ്റ്സിൽ തന്നെ പുറത്താകേണ്ടി വന്നു.
അതേസമയം, 4x400 മീറ്റർ മിക്സ്ഡ് റിലേയിൽ ഇന്ത്യൻ ടീമിന് ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ട്രിപ്പിൾ ജമ്പിൽ പി റോയ്ഷാനും ധനുഷ് രാജിനും ഫൈനൽ യോഗ്യത നേടാനായില്ല. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ തനു ചൗധരിയും പിന്നിലായി.









0 comments