ad
Deshabhimani

പത്തനംതിട്ടയിൽ പത്താം ക്ലാസുകാരിക്ക് ലൈംഗികാതിക്രമം; അച്ഛനടക്കം ഏഴ് പേർ പ്രതികൾ

no abuse
വെബ് ഡെസ്ക്

Published on Aug 07, 2026, 11:16 AM | 1 min read

പത്തനംതിട്ട: മലയാലപ്പുഴയിൽ പത്താം ക്ലാസുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിൽ അച്ഛനടക്കം ഏഴ് പേർ പ്രതികൾ. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. കുട്ടി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ വിവിധ സമയങ്ങളിലായി ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് പരാതി.


ഏഴ് കേസുകളിലായാണ് ഏഴ് പേരെ പൊലീസ് പ്രതിചേർത്തിരിക്കുന്നത്. മലയാലപ്പുഴ പൊലീസാണ് കേസുകൾ അന്വേഷിക്കുന്നത്. ഇതിൽ ഒരു കേസ് പെരുനാട് പൊലീസിന് കൈമാറും.


കുട്ടിയും കുടുംബവും താമസിച്ചിരുന്ന വാടകവീട് കേന്ദ്രീകരിച്ചാണ് അതിക്രമങ്ങൾ നടന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. അമ്മ ജോലിക്കായി പുറത്തുപോകുന്ന സമയത്താണ് ചില സംഭവങ്ങൾ നടന്നതെന്നാണ് കുട്ടിയുടെ മൊഴി.


സഹപാഠികളോടാണ് കുട്ടി ആദ്യം പീഡനവിവരം പറഞ്ഞത്. തുടർന്ന് വിവരം പുറത്തറിയുകയും ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേന പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കൗൺസിലിങ്ങിനിടെ കുട്ടി നേരിട്ട അതിക്രമങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെയാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.


പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്ന വാടകക്കെട്ടിടത്തിന്റെ ഉടമയും കെട്ടിടത്തിലെ മറ്റൊരു താമസക്കാരനും ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്.


കുട്ടിയുടെ പിതാവ് വിദേശത്താണെന്നാണ് പൊലീസ് അറിയിച്ചത്. ഇയാളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കേസിലെ മറ്റ് പ്രതികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണവും തുടരുകയാണ്. വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടികളിലൂടെ തെളിവുകൾ ശേഖരിച്ചുവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home