ad
Deshabhimani

പെൻഷൻ പദ്ധതി തന്നെ അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടി; ഉത്തരവ് പിൻവലിക്കണമെന്ന് പ്രതിപക്ഷനേതാവ്

Pinarayi Vijayan Press Meet

പിണറായി വിജയൻ

വെബ് ഡെസ്ക്

Published on Aug 07, 2026, 12:04 PM | 2 min read

തിരുവനന്തപുരം: സഹകരണ സംഘങ്ങൾ വഴിയുള്ള വീട്ടുപടിക്കലെ പെൻഷൻ വിതരണം നിർത്തലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം പതിയെ പെൻഷൻ പദ്ധതി തന്നെ അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടിയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. കിടപ്പുരോഗികൾ ഒഴികെയുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) വഴി ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രമാക്കാനാണ് സർക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ്. ഡിബിടി അല്ലാതെ വാതിൽപ്പടി പെൻഷൻ വാങ്ങുന്നവർ ബാങ്കിങ് സേവന മേഖലക്കു പുറത്തുള്ളവരാണ്. ഇവരിൽ ബഹുഭൂരിപക്ഷവും അടിസ്ഥാന വിഭാഗത്തിൽ നിന്നുള്ളവരും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുമാണ്. സമൂഹത്തിന്റെ കരുതൽ വേണ്ടതായിട്ടുള്ള ഇവർക്കെല്ലാം തന്നെ വലിയ തിരിച്ചടിയാണ് പുതിയ ഉത്തരവെന്നും പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു.


പാവപ്പെട്ടവരുടെ കൈകളിൽ നേരിട്ട് പെൻഷൻ തുക എത്തിക്കുന്ന ജനകീയമായ പെൻഷൻ വിതരണ പദ്ധതിയാണ് സർക്കാർ പുതിയ ഉത്തരവിലൂടെ തകിടം മറിക്കാനൊരുങ്ങുന്നത്. പത്ത് വർഷക്കാലമായി ഡിബിടി സ്വയം തെരഞ്ഞെടുത്തവരൊഴികെ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരിലെ പകുതിയോളം പേർക്കും ബാങ്കുകൾ കയറിയിറങ്ങാതെ തങ്ങളുടെ വീട്ടുപടിക്കൽ പെൻഷൻ തുക ലഭ്യമായിരുന്നു. ആ സിസ്റ്റമാണ് യുഡിഎഫ് സർക്കാർ നിർവീര്യമാക്കാൻ ശ്രമിക്കുന്നത്. സാമൂഹ്യ സുരക്ഷാ പെൻഷൻ അവകാശമല്ലെന്നും സർക്കാരിന്റെ ഔദാര്യമാണെന്നുമുള്ള വികല വലതുപക്ഷ നയത്തിന്റെ പ്രതിഫലനമാണ് യുഡിഎഫ് സർക്കാരിന്റെ പുതിയ ഉത്തരവ്.


തൊടു സാങ്കേതിക ന്യായങ്ങൾക്കൊപ്പം ഡിബിടി സംബന്ധിച്ച കേന്ദ്ര നിർദ്ദേശങ്ങൾ പാലിക്കപ്പെടാത്തതിനാൽ കേന്ദ്രസർക്കാർ നൽകുന്ന സാമ്പത്തിക സഹായങ്ങൾ സംസ്ഥാനത്തിന് നഷ്ടപ്പെടുന്ന സാഹചര്യമുണ്ട് എന്ന വാദം കൂടി നിരത്തിയാണ് യുഡിഎഫ് സർക്കാർ ഈ നീക്കത്തിന് ന്യായീകരണം ചമയ്ക്കുന്നത്. കേരളത്തിൽ ഒരു മാസം ആകെ വിതരണം ചെയ്യുന്ന സാമൂഹ്യസുരക്ഷാ പെൻഷൻ തുകയുടെ കേവലം 1% മാത്രമാണ് കേന്ദ്രവിഹിതം. ഈ വിഹിതം കിട്ടുന്നതാകട്ടെ ആകെ പെൻഷൻ ലഭിക്കുന്നവരുടെ 13.5% ആളുകൾക്ക് മാത്രവും. 86% പേർക്കും മുഴുവൻ തുകയും നൽകുന്നത് സംസ്ഥാനമാണ്. അതിനാൽ തന്നെ, പെൻഷൻ വിതരണ രീതിയെപ്പറ്റിയുള്ള കേന്ദ്ര തിട്ടൂരങ്ങളെ തള്ളിക്കളഞ്ഞാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോയിരുന്നത്. എന്നാൽ കേന്ദ്രനിർദ്ദേശം ഒരു അവസരമായി കണ്ടുകൊണ്ട് യുഡിഎഫ് സർക്കാർ പെൻഷൻ പദ്ധതിയെ തന്നെ ദുർബലമാക്കാൻ ശ്രമിക്കുകയാണ്.


ജനകീയ പെൻഷൻ വിതരണ സംവിധാനമില്ലാതാക്കി വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും ബുദ്ധിമുട്ടിക്കുന്നത് കടുത്ത അനീതിയാണ്. പുതിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണം. ആവശ്യമുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും സഹകരണ സംഘങ്ങൾ വഴി വീട്ടിൽ നേരിട്ട് പെൻഷൻ എത്തിക്കുന്ന രീതി പുനഃസ്ഥാപിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home