ക്രിക്കറ്റിൽ വീണ്ടും ഇന്ത്യ പാക് ഫൈനൽ; ലങ്കയ്ക്കെതിരെ കൂറ്റൻ ജയം

നിഷിൻ: ഏഷ്യൻ ഗെയിംസ് സെമിയിൽ ശ്രീലങ്കയെ എറിഞ്ഞൊടുക്കി ഇന്ത്യ ഫൈനലിൽ. 124 റൺസിനാണ് ഇന്ത്യൻ വിജയം. നിലവിലെ ചാമ്പ്യന്മാരയ ഇന്ത്യ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്ക, 45 റൺസിന് പുറത്തായി. ഇഷാൻ കിഷന്റെ (80) അർധസെഞ്ചുറിയാണ് ടീമിനെ രക്ഷിച്ചത്. സ്കോർ: ഇന്ത്യ 169/7. ശ്രീലങ്ക 45 (9.5) ഫൈനലിൽ ഇന്ത്യ പാകിസ്ഥാനെ നേരിടും.
ടോസ് നഷ്ടപ്പെട്ട് കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് തകർച്ചയോടെയായിരുന്നു തുടക്കം. ഒപ്പണർ അഭിഷേക് ശർമയും വൺഡൗണായി ഇറങ്ങിയ സഞ്ജുവും ഏഴ് റൺസെടുത്ത് മടങ്ങി. ഒരറ്റത്ത് നിലയുറപ്പിച്ച വൈഭവ് സൂര്യവംശി ഇന്ത്യൻ സ്‌കോർ അമ്പത് കടത്തി. 21 പന്തിൽ നിന്ന് 38 റൺസെടുത്ത് വൈഭവും മടങ്ങിയതോടെ ഇന്ത്യ പതറി. പിന്നാലെ ക്യാപ്റ്റൻ ശ്രേയസ് അയ്യരും (13) വീണു. പിന്നീട് എത്തിവരെല്ലാം റൺസ് കണ്ടെത്താൻ ആകാതെ കുഴഞ്ഞപ്പോൾ പൊരുതിയ ഇഷാൻ കിഷൻ ടീമിനെ മുന്നോട്ട് നയിക്കുകയായിുരന്നു. . നാല് ഫോറും അഞ്ച് സിക്സും പറത്തിയ താരം പുറത്താവാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് തുടക്കം തന്നെ പാളി. ആദ്യ ഓവറിൽ രണ്ട് വിക്കറ്റുമായി ബുമ്ര ലങ്കയെ തകർത്തു. പിന്നാലെ എത്തിയവരെല്ലാം കൂട്ടത്തോടെ കൂടാരം കയറി. നുവാനിഡു ഫെര്‍ണാണ്ടോ (15) മാത്രമാണ് രണ്ടക്കം കടന്നത്. ബുമ്രയ്ക്ക് പുറമെ അഭിഷേക് ശർമയും അക്സർ പട്ടേലും രണ്ട് വിക്കറ്റ് വീതവും വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റും നേടി.
ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് കീഴടക്കിയാണ് പാകിസ്ഥാൻ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ കടന്നത്. മഴമൂലം 13 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് 111 റൺസെടുത്തു. 11.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ ലക്ഷ്യം കണ്ടു.








0 comments