ഓപ്പറേഷൻ കണ്ണൂർ മഖ്ന; ആദ്യ മയക്കുവെടിയേറ്റു

ഇരിട്ടി : ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും ഭീതി പരത്തിയ മോഴയാനക്ക് (കണ്ണൂർ മഖ്ന-1) ആദ്യ മയക്കുവെടിയേറ്റു. ആറളം ഫാം പതിമൂന്നാം ബ്ലോക്കിൽ വച്ചാണ് മയക്കുവെടി വെച്ചത്. ഒരു റൗണ്ട് മയക്കു വെടിയേറ്റ ആന മയങ്ങിവീഴാൻ കാത്തിരിക്കുകയാണ്. മോഴയെ വാഹനത്തിൽ കയറ്റാനായി മുത്തങ്ങയിൽനിന്ന് എത്തിച്ച വിക്രം, ഭരത്, ഉണ്ണികൃഷ്ണൻ എന്നീ മൂന്ന് കുങ്കിയാനകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്.
മയക്കുവെടിവച്ച് പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം ബുധനാഴ്ച പാളിയിരുന്നു. 10 മണിക്കൂറോളം കാത്തിരുന്നിട്ടും മയക്കുവെടിവയ്‌ക്കാൻ അനുകൂല സാഹചര്യം ഒത്തുവരാത്തതിനാൽ ദൗത്യം വ്യാഴാഴ്ചത്തേക്ക് മാറ്റിയതായിരുന്നു.
ബുധൻ പുലർച്ചെയാണ് മോഴയാന വനത്തിൽനിന്ന് ജനവാസ മേഖലയിലേക്ക് തിരികെയെത്തിയത്. വിവരം ലഭിച്ച ഉടൻ പുലർച്ചെ അഞ്ചുമുതൽ വനംവകുപ്പ് ജാഗ്രതാ നിർദേശം നൽകി. അരമണിക്കൂറിനകം നൂറംഗ ദൗത്യസംഘം സ്ഥലത്തെത്തി വിവിധ സംഘങ്ങളായി മോഴയെ നിരീക്ഷണത്തിൽ നിർത്തി. എന്നാൽ വനത്തിൽനിന്ന് ജനവാസ കേന്ദ്രത്തിലേക്ക് പ്രവേശിക്കുമ്പോൾ മോഴയ്‌ക്കൊപ്പം കല്ലേരിക്കൊമ്പനും സുന്ദരി പിടിയാനയും എത്തിയതോടെ ആസൂത്രണം പാളി. രണ്ട് ആനകളുടെ സാന്നിധ്യം കാരണം മോഴയെ ഒറ്റപ്പെടുത്താനായില്ല. മോഴയെ വിട്ടുമാറാതെ രണ്ട് ആനകളും ഒപ്പംനീങ്ങി. ഓടച്ചാൽ ഭാഗത്ത് ഇഞ്ചക്കാടുള്ള ഇടതൂർന്ന പ്രദേശമായതിനാൽ നിരീക്ഷണ സംഘത്തിന് അടുത്തെത്താനുമായില്ല. കനത്ത ചൂടിനെതുടർന്ന് ആനകൾ പൊന്തക്കാട്ടിലേക്ക് മറഞ്ഞതോടെ ബുധൻ ഉച്ചയോടെ ദൗത്യം താൽക്കാലികമായി നിർത്തി നിരീക്ഷണം തുടർന്നു. വൈകിട്ട് വരെയും മയക്കുവെടിക്ക് അനുയോജ്യമായ സാഹചര്യം രൂപപ്പെടാത്തതിനാൽ ബുധനാഴ്ചത്തെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.
ദൗത്യത്തിന്റെ ഭാഗമായി ആറളം പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകളിലും ആറളം ഫാമിലെ 7, 9, 10, 13 ബ്ലോക്കുകളിലും കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വളയംചാലിലേക്കുള്ള റോഡിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. ആറളം, ഉളിക്കൽ, കരിക്കോട്ടക്കരി, മട്ടന്നൂർ സ്റ്റേഷനുകളിൽ നിന്നുള്ള പോലീസും ആംബുലൻസും മെഡിക്കൽ സംഘവും സ്ഥലത്ത് നിലയുറപ്പിച്ചു. കണ്ണൂർ ഡിഎഫ്ഒ സജി, ആറളം വൈൽഡ് ലൈഫ് വാർഡൻ വി രതീശൻ, റേഞ്ചർമാരായ ടി നിതിൻ രാജ്, സുധീർ നരോത്ത്, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യാ രാഘവൻ എന്നിവരുടെ നേതൃത്വത്തിലാണ് ദൗത്യം.







0 comments