പരമ്പര നേടാൻ ഇന്ത്യ; ന്യൂസിലൻഡിനെതിരായ അവസാന ഏകദിനം നാളെ

Photo:Getty Images
മൗണ്ട് മൗംഗനൂയ് : ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരം നാളെ. നാലാം ഏകദിനത്തിലെ കനത്ത തോൽവിക്ക് പിന്നാലെ ശക്തമായ തിരിച്ചുവരവും പരമ്പര വിജയവുമാണ് ഇന്ത്യയുടെ ലക്ഷ്യം. നാളെ രാവിലെ 7.30ന് മൗണ്ട് മൗംഗനൂയിയിലെ ബേ ഓവലിലാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ 244 റൺസിന്റെ കനത്ത തോൽവി ഏറ്റുവാങ്ങിയിരുന്നു.
അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. നാളെ ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. നാലാം ഏകദിനത്തിലെ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന ന്യൂസിലൻഡിന് പരമ്പര 2-2ന് സമനിലയിലാക്കുകയാണ് ലക്ഷ്യം.
നാലാം ഏകദിനത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 334 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 89 റൺസിന് പുറത്തായി. 26.4 ഓവറിൽ ഇന്ത്യൻ ഇന്നിങ്‌സ് അവസാനിച്ചു. വിൽ യങ്ങിന്റെ 125 റൺസിന്റെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 333 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിൽ മാറ്റ് ഹെൻറിയുടെ ആറ് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ തകർത്തത്. ആദ്യ ഓവറിൽ രോഹിത് ശർമ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ എന്നിവരെ പുറത്താക്കി.
2027ലെ ഏകദിന ലോകകപ്പ് ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കെ പേസും ബൗൺസുമുള്ള പിച്ചുകളിൽ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് ഇന്ത്യക്ക് നിർണായകമാണ്. നാലാം ഏകദിനത്തിലെ തോൽവിക്കു പിന്നാലെ പരിശീലകൻ ഗൗതം ഗംഭീറും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. റൺസ് നേടാനാകാത്തതിനേക്കാൾ കുറഞ്ഞ ഓവറുകൾക്കുള്ളിൽ ടീം പുറത്തായതാണ് ആശങ്കയെന്നും അദ്ദേഹം പറഞ്ഞു.
ടിം സീഫെർട്ടിന്റെയും വിൽ യങ്ങിന്റെയും മികച്ച പ്രകടനമാണ് ന്യൂസിലൻഡിന് പ്രതീക്ഷ നൽകുന്നത്. നാലാം ഏകദിനത്തിൽ സീഫെർട്ട് 58 റൺസെടുത്തപ്പോൾ യങ് 125 റൺസുമായി തിളങ്ങി. ആദ്യ പത്തോവറിൽ ന്യൂസിലൻഡ് ഓപ്പണർമാരെ നിയന്ത്രിക്കുകയെന്നതും ഇന്ത്യൻ പേസർമാർക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയാണ്.
സ്വന്തം നാട്ടിൽ കഴിഞ്ഞ ഏഴ് വർഷമായി ന്യൂസിലൻഡ് ഏകദിന പരമ്പര തോറ്റിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സോണി സ്പോർട്സ് ചാനലിലും സോണി ലിവിലും മത്സരം തത്സമയം കാണാം.








0 comments