print edition ചലച്ചിത്ര അക്കാദമി ജീവനക്കാരെ ഒഴിവാക്കുന്നു; മേള പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം
: ചലച്ചിത്ര അക്കാദമിയിൽ മേള നടത്തി പരിചിതരായ ജീവനക്കാരെ പിരിച്ചുവിടുന്നു. ഇത് രാജ്യാന്തര ചലച്ചിത്രമേളയെ പ്രതിസന്ധിയിലാക്കും.
ഡെപ്യൂട്ടി ഡയറക്‌ടർ എൻ പി സജീഷിനെ സ്ഥലംമാറ്റി. ഐഎഫ്‌എഫ്‌കെയുടെ 25–ാം പതിപ്പുമുതൽ ഫെസ്റ്റിവൽ മാനേജറായിരുന്ന കെ ജെ റിജോയെ പിരിച്ചുവിട്ടു. ഗ്രാമങ്ങളിൽ സാധാരണക്കാർക്ക് നല്ല സിനിമ കാണാൻ അവസരമൊരുക്കിയിരുന്ന ടൂറിങ് ടാക്കീസിന്റെ സംസ്ഥാന കോ– ഓർഡിനേറ്ററായിരുന്നു ഇദ്ദേഹം. ഓഫീസ് ലാപ്‌ടോപ്, മറ്റ് ഒൗദ്യോഗിക രേഖകൾ, ഓഫീസ് സാമഗ്രികൾ എന്നിവ അടിയന്തരമായി അഡ്‌മിനിസ്‌ട്രേഷനിൽ തിരികെനൽകണമെന്നാണ് അക്കാദമി സെക്രട്ടറി ഇൻ ചാർജ് സി സി സജിത് ഉത്തരവിട്ടത്. അച്ചടക്കനടപടിയോ കാരണംകാണിക്കൽ നോട്ടീസോ നൽകാതെയാണ് പുറത്താക്കൽ. ഡിസംബർ 11 മുതൽ 18 വരെയാണ് മേള.
ഒരുമാസം തികച്ചില്ലാതിരിക്കെയാണ് മേള നടത്തി പരിചിതരായ ജീവനക്കാരെ പുറത്താക്കിയത്.
അക്കാദമി ചെയർമാനായി നടൻ രവീന്ദ്രനെയും വൈസ് ചെയർപേഴ്‌സണായി നടി പ്രിയങ്കയെയും നിയമിച്ചത് സെപ്‌തംബറിലാണ്. യുഡിഎഫ് സർക്കാർ അധികാരത്തിൽവന്നശേഷം മാസങ്ങളോളം അക്കാദമിക്ക് നാഥനില്ലാതിരുന്നിട്ടും രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള കുറവുകളില്ലാതെ സംഘടിപ്പിച്ചവരാണ് ഒഴിവാക്കപ്പെട്ട ജീവനക്കാർ.
ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്‌ടർ തസ്‌തികയിലേക്ക് അപേക്ഷ വിളിച്ചിട്ടുണ്ട്.
ഐഎഫ്‌എഫ്‌കെയിലേക്കുള്ള ചലച്ചിത്രങ്ങളുടെ തെരഞ്ഞെടുക്കൽ പ്രക്രിയ അക്കാദമി അട്ടിമറിച്ചെന്ന ആക്ഷേപം നിലവിലിരിക്കെ വെള്ളിയാഴ്‌ച വിവിധ വിഭാഗങ്ങളിൽ ജൂറി തെരഞ്ഞെടുത്ത ചിത്രങ്ങളുടെ പട്ടിക പുറത്തിറങ്ങി. നടത്തിപ്പുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങളെല്ലാം ഇഴയുന്നു. മേള മികച്ചരീതിയിൽ നടക്കുമെന്നാണ് ഭരണസമിതി മന്ത്രിയെ ധരിപ്പിച്ചിട്ടുള്ളത്. അക്കാദമിക്കുള്ളിൽ ആഭ്യന്തരകലഹം രൂക്ഷമായി മൂർച്ഛിച്ചു.








0 comments