ഐഎഫ്‌എഫ്‌കെ : മലയാള സിനിമയെ വിലയിരുത്തിയത് അന്യഭാഷക്കാർ

ബിമൽ പേരയം
Published on Nov 15, 2026, 04:43 AM | 1 min read
തിരുവനന്തപുരം
: സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 31–ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മലയാള വിഭാഗത്തിൽ ജൂറി അംഗങ്ങളായിരുന്നത് അന്യഭാഷക്കാർ. മലയാളിയായ ഏക ജൂറി അംഗം ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകൻ ഫാസിൽ മുഹമ്മദ്. നാലംഗ ജൂറിയിൽ മൂന്നുപേർ ഡൽഹി, അസം, തമിഴ്‌നാട് സ്വദേശികളാണ്. രശ്‌മി ദുരൈസ്വാമി, പാർഥജിത് ബറുവ, കാർത്തിക് രാജ എന്നിവരായിരുന്നു മറ്റ് ജൂറി അംഗങ്ങൾ. ഡൽഹി സ്വദേശിനിയായ രശ്‌മി ദുരൈസ്വാമിയായിരുന്നു ജൂറി ചെയർപേഴ്‌സൺ.
മലയാള സിനിമകളെ തെരഞ്ഞെടുക്കാൻ പ്രഗത്ഭരായ ചലച്ചിത്ര പ്രതിഭകളുണ്ടായിട്ടും അവരെയെല്ലാം ഒഴിവാക്കി അന്യഭാഷക്കാരെയാണ് ജൂറി അംഗങ്ങളാക്കിയത്. സ്‌ക്രീനിങ്ങിനുവന്ന നൂറോളം ചിത്രങ്ങളിൽനിന്ന് 14 മലയാള ചിത്രങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. മലയാള സിനിമകളുടെ കലാപരമായ മികവും സാംസ്‌കാരിക പശ്ചാത്തലവും വിലയിരുത്തേണ്ടiffk സമിതിയിൽ മലയാളഭാഷയും സിനിമയും അടുത്തറിയുന്നവർക്ക് മതിയായ പ്രാതിനിധ്യം നൽകിയില്ല.
മറ്റു ഭാഷക്കാരായ ചലച്ചിത്രപ്രവർത്തകർക്ക് സബ്ടൈറ്റിൽ വായിച്ചു മാത്രമേ സിനിമയുടെ കഥാസാരം മനസ്സിലാകുകയുള്ളൂ. മുൻവർഷങ്ങളിൽ മലയാള സിനിമാ തെരഞ്ഞെടുപ്പ് സമിതിയിൽ മലയാളികൾ മാത്രമായിരുന്നു. സിനിമകൾ പുതുതായി ഉയർന്നുവരുന്ന പ്രാദേശിക സ്വത്വങ്ങളെയും സാംസ്കാരിക തനിമകളെയും തിരിച്ചറിയാനറിയാത്ത സമിതിക്ക് മുന്പിലാണെത്തിയത്. ജൂറി അംഗങ്ങളുടെ നിയമനത്തിലെ മാനദണ്ഡം, മലയാളികളുടെ പ്രാതിനിധ്യം, തെരഞ്ഞെടുപ്പിന് സ്വീകരിച്ച നടപടിക്രമം എന്നിവ സംബന്ധിച്ച് ചലച്ചിത്ര അക്കാദമി വിശദീകരണം നൽകണമെന്നാണ് സിനിമാ പ്രവർത്തകരുടെ ആവശ്യം.
അക്കാദമി ചെയർമാൻ രവീന്ദ്രന്റെ തന്നിഷ്‌ടപ്രകാരമാണ് ജൂറി അംഗങ്ങളെ തെരഞ്ഞെടുത്തതെന്ന് ആക്ഷേപമുണ്ട്. ഇന്റർനാഷണൽ ഫിലിം ഫെസ്‌റ്റുകളിൽ ജൂറി അംഗമായിരുന്നവരായിരുന്നു മറ്റംഗങ്ങളെന്നും പരിചയസന്പന്നതയിൽ കുറവില്ലെന്നും പിൻവാതിൽ ഇടപെടലുണ്ടായിട്ടില്ലെന്നും ജൂറി അംഗം ഫാസിൽ മുഹമ്മദ് പറഞ്ഞു.








0 comments