ഇംഗ്ലണ്ടിനെതിരെ വിജയം അനിവാര്യം; ട്വന്റി 20 പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു

Photo Credit:ICC
നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിൽ നിലനിൽപ്പിനായുള്ള പോരാട്ടത്തിന് ഇന്ത്യ ഇന്ന് ട്രെന്റ് ബ്രിഡ്ജിൽ ഇറങ്ങുന്നു. തുടർച്ചയായ മൂന്ന് പരാജയങ്ങളുമായി പ്രതിസന്ധിയിലായ ഇന്ത്യൻ ടീമിന്, ഇന്നത്തെ മത്സരം കൈവിട്ടാൽ പരമ്പര തന്നെ നഷ്ടമാകും.
യുവതാരം വൈഭവ് സൂര്യവംശിയുടെ മിന്നുന്ന അരങ്ങേറ്റം നൽകിയ ആവേശം അവസാന മത്സരത്തിൽ ഫലപ്രാപ്തിയിലെത്താതെ പോയത് ടീം മാനേജ്‌മെന്റിനെ വലിയ ആശങ്കയിലാക്കുന്നുണ്ട്. പുതിയ നായകൻ ശ്രേയസ് അയ്യർക്ക് കീഴിൽ മികച്ചൊരു തിരിച്ചുവരവിനാണ് ആരാധകർ കാത്തിരിക്കുന്നത്.
സൂര്യവംശിയിലെ പ്രതീക്ഷകൾ
വെറും 15 വയസ്സും 99 ദിവസവും മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശി, സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്തുകൊണ്ടാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കടന്നുവന്നത്.
അരങ്ങേറ്റ മത്സരത്തിൽ തന്നെ ജോഫ്ര ആർച്ചറെ സിക്സർ പറത്തി വരവറിയിച്ച താരം, ഐപിഎല്ലിലെ തന്റെ ഫോം ടീം ഇന്ത്യയ്ക്കായും പുറത്തെടുക്കുന്നുണ്ട്. എന്നാൽ, ഈ തുടക്കത്തെ ഒരു വലിയ സ്കോറിലേക്ക് മാറ്റാൻ ടീമിന് കഴിയുന്നില്ലെന്നത് ശ്രേയസ് അയ്യർക്കും സംഘത്തിനും തലവേദനയായി മാറിയിരിക്കുകയാണ്.
മാനേജ്‌മെന്റിന്റെ പരീക്ഷണങ്ങൾ വെല്ലുവിളിയാകുന്നു
ടീമിലെ സ്ഥിരതയില്ലാത്ത പരീക്ഷണങ്ങൾ വലിയ വിമർശനങ്ങൾക്കാണ് വഴിവെക്കുന്നത്. ഫോമിലുള്ള സഞ്ജു സാംസൺ അടക്കമുള്ളവരെ ടീമിൽ നിന്ന് ഒഴിവാക്കിയ മാനേജ്‌മെന്റിന്റെ നടപടി വലിയ ചർച്ചയായിട്ടുണ്ട്.
മറുഭാഗത്ത് ജോസ് ബട്ട്‌ലർ ഫോമില്ലാതെ വിഷമിക്കുമ്പോഴും, ജേക്കബ് ബെത്തലിനെപ്പോലെയുള്ള താരങ്ങൾ ഇംഗ്ലണ്ടിന് കരുത്തായി മാറുന്നു. രവി ബിഷ്‌ണോയിയുടെ ബൗളിംഗിലെ താളപ്പിഴകൾ തിരുത്താൻ പ്രിൻസ് യാദവിനെ ഇന്ന് പ്ലെയിംഗ് ഇലവനിലേക്ക് കൊണ്ടുവരാൻ സാധ്യതയുണ്ട്.
ആത്മവിശ്വാസത്തോടെ ഇംഗ്ലണ്ട്
ബെൻ സ്റ്റോക്സിന്റെ വിരമിക്കലിന്റെ നിഴലിലായിരുന്ന ഇംഗ്ലണ്ട് ടീമിന്, ഓൾഡ് ട്രാഫോർഡിലെ വിജയം നൽകിയ ആത്മവിശ്വാസം ചെറുതല്ല. വിജയവഴിയിൽ തുടരുന്നതുകൊണ്ട് തന്നെ ടീമിൽ മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഇംഗ്ലീഷ് മാനേജ്‌മെന്റ്.
ആദിൽ റഷീദ് ട്വന്റി 20 വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ രണ്ടാമതെത്താനുള്ള തയ്യാറെടുപ്പിലാണ്. ഓൾഡ് ട്രാഫോർഡിലെ ടീമിനെ തന്നെ ഇംഗ്ലണ്ട് നിലനിർത്തുമെന്ന് ഇതിനകം സ്ഥിരീകരിച്ചുകഴിഞ്ഞു.
ബാറ്റ്സ്മാൻമാരുടെ പറുദീസ എന്ന് അറിയപ്പെടുന്ന ട്രെന്റ് ബ്രിഡ്ജിൽ, ഇക്കുറി ബൗളർമാർക്കും ചെറിയൊരു മുൻതൂക്കം ലഭിച്ചേക്കാം. 25 ഡിഗ്രി സെൽഷ്യസ് ചൂട് പ്രതീക്ഷിക്കുന്ന നോട്ടിംഗ്ഹാമിൽ ടോസ് നേടുന്നവർ ആദ്യം ബാറ്റ് ചെയ്യാൻ സാധ്യതയില്ല
ടീം സാധ്യതകൾ
ഇന്ത്യ: അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബെ, അക്സർ പട്ടേൽ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്/സുര്യാംഷ് ഷെഡ്ജ്/വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി.
ഇംഗ്ലണ്ട്: ഫിൽ സാൾട്ട്, ജോസ് ബട്ട്‌ലർ , ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), ജേക്കബ് ബെത്തൽ, ടോം ബാന്റൺ, സാം കറൻ, വിൽ ജാക്സ്, ലിയാം ഡോസൺ, ആദിൽ റഷീദ്, ജോഫ്ര ആർച്ചർ, ജോഷ് ടോങ്.











0 comments