ad
Deshabhimani

print edition തിരിയും പിച്ചിൽ ഇന്ത്യ

India.jpg

ശ്രീലങ്കൻ ഇലവനുമായുള്ള സന്നാഹ മത്സരത്തിനൊരുങ്ങുന്ന ഇന്ത്യൻ താരങ്ങൾ പരിശീലനത്തിൽ

വെബ് ഡെസ്ക്

Published on Aug 07, 2026, 02:16 AM | 2 min read

കൊളംബോ: സ്‌പിൻ പരീക്ഷകളിൽ തോറ്റുപോയ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്‌ ശ്രീലങ്ക കഠിന പരീക്ഷണം നൽകുമോ? ടെസ്‌റ്റ്‌ പരന്പരയ്‌ക്ക്‌ മുന്നോടിയായുള്ള സന്നാഹ മത്സരത്തിന്‌ ഇന്ത്യൻ ടീം ഇന്നിറങ്ങുകയാണ്‌.

കൊളംബോയിൽ ശ്രീലങ്കൻ ഇലവനുമായി ത്രിദിന മത്സരമാണ്‌ കളിക്കുക. പരമ്പരയിലെ ആദ്യ ടെസ്‌റ്റിന്‌ 15നാണ്‌ തുടക്കം. രണ്ടാമത്തേത്‌ 23നും.


ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്‌ ടീമുകളോട്‌ സ്വന്തം തട്ടകത്തിൽ തകർന്നടിഞ്ഞ ഇന്ത്യൻ ടീമിന്‌ സ്‌പിന്നർമാരെ നേരിടുന്നതിലെ ദ‍ൗർബല്യമാണ്‌ തിരിച്ചടിയായത്‌. ലങ്ക സ്‌പിന്നർമാരുടെ വിളനിലമാണ്‌. സ്വന്തം തട്ടകത്തിൽ ആരെയും വീഴ്‌ത്താനുള്ള കെൽപ്പുണ്ട്‌.


ലോക ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്പ്‌ പോയിന്റ് പട്ടികയിൽ മുന്നേറണമെങ്കിൽ ശുഭ്‌മാൻ ഗില്ലിനും സംഘത്തിനും ജയം വേണം. -ഒന്പത്‌ മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ നാല്‌ വീതം ജയവും തോൽവിയും ഒരു സമനിലയുമായി അഞ്ചാം സ്ഥാനത്താണ്‌. ശ്രീലങ്ക തൊട്ടുപിന്നിൽ. നാല്‌ കളിയിൽ ഒറ്റജയം. ഒരു കളി തോറ്റപ്പോൾ രണ്ടെണ്ണം സമനില.


ഗാലെ ടെസ്‌റ്റിന്‌ മുന്പുള്ള യഥാർഥ പരീക്ഷണമാണ്‌ ഇന്ത്യൻ ബാറ്റർമാർക്ക്‌ ഇന്ന്‌ ആരംഭിക്കുന്ന ത്രിദിനപ്പോര്‌. ഇസിത വിജെസുന്ദരയും രമേഷ്‌ മെൻഡിസുമാണ്‌ ലങ്കൻ ഇലവന്റെ സ്‌പിന്നർമാർ.


അവസാനമായി 2017ലാണ്‌ ഇന്ത്യ ലങ്കയിൽ ടെസ്‌റ്റ്‌ കളിച്ചത്‌. പത്താണ്ട്‌ അടുക്കുന്പോൾ അന്ന്‌ കളിച്ചവരിൽ കെ എൽ രാഹുലും കുൽദീപ്‌ യാദവും രവീന്ദ്ര ജഡേജയും മാത്രമേ ഇന്ത്യൻ ടീമിൽ ശേഷിക്കുന്നുള്ളൂ. ജസ്‌പ്രീത്‌ ബുമ്രയുടെ അഭാവത്തിൽ ബ‍ൗളിങ്‌നിരയുടെ കരുത്ത്‌ ചോർന്നു. മുഹമ്മദ്‌ സിറാജ്‌ നയിക്കുന്ന സംഘത്തിൽ പ്രസിദ്ധ്‌ കൃഷ്‌ണയും ഗുർണൂർ ബ്രാറുമാണ്‌ മറ്റ്‌ പേസർമാർ. പുതുമുഖം അഖ്വിബ്‌ നബിയാണ്‌ മറ്റൊരു പേസർ.


കുൽദീപും ജഡേജയും സ്‌പിൻ നിരയുടെ നെടുന്തൂണുകളാകും. മാനവ്‌ സുത്താറും സരൻഷ്‌ ജയ്‌നുമാണ്‌ പുതുമുഖ സ്‌പിന്നർമാർ. ഇതിൽ ജയ്‌ൻ കഴിഞ്ഞ മാസം ഗാലെയിൽ ഇന്ത്യൻ എ ടീമിനായി ലങ്കൻ എ ടീമിനെതിരെ കളിച്ചിരുന്നു.


പരിശീലനത്തിൽ ക്യാപ്‌റ്റൻ ഗില്ലും രാഹുലും യശസ്വി ജയ്‌സ്വാളും പ്രത്യേകമായാണ്‌ സ്‌പിന്നർമാർക്കെതിരെ കളിച്ചത്‌.


പരിശീലകൻ ഗ‍ൗതം ഗംഭീറിന്‌ നിർണായകമാണ്‌ ഇ‍ൗ പരന്പര. ടെസ്‌റ്റ്‌ ടീമിന്റെ പ്രകടനത്തെക്കുറിച്ച്‌ വിമർശം ഉയരുന്ന സാഹചര്യത്തിൽ മികച്ച പ്രകടനമുണ്ടായില്ലെങ്കിൽ കോച്ചിന്റെ സ്ഥാനം ഇളകും. മുഖ്യ സെലക്ടർ അജിത്‌ അഗാർക്കറുടെ ജോലി ഇ‍ൗ പരന്പരയോടെ അവസാനിക്കും.

സോണൽ ദിനുഷയാണ്‌ ലങ്കൻ ഇലവൻ ക്യാപ്‌റ്റൻ. പേസർമാരായ വിശ്വ ഫെർണാണ്ടോയും ലാഹിരു കുമാരയും ടീമിലുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home