ad
Deshabhimani

ആദ്യം ദ.ആഫ്രിക്കയെ എറിഞ്ഞിട്ടു, പിന്നെ അടിച്ചെടുത്തു; ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം

Abhishek Sharma.jpg
വെബ് ഡെസ്ക്

Published on Dec 14, 2025, 08:18 PM | 2 min read

ധർമശാല: ഇന്ത്യൻ ബ‍ൗളർമാർ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടു. മൂന്നാം ട്വന്റി20 ക്രിക്കറ്റിൽ ഏഴ് വിക്കറ്റ്‌ ജയത്തോടെ ഇന്ത്യ പരമ്പരയിൽ 2–1ന്‌ മുന്നിലെത്തി. സ്‌പിന്നും പേസും സമാസമം ചേർത്തുള്ള ആക്രമണത്തിൽ ആഫ്രിക്കൻ കൂടാരം ചാമ്പലായി. സ്‌കോർ: ദക്ഷിണാഫ്രിക്ക 117, ഇന്ത്യ 120/3 (15.5).


ചെറിയ ലക്ഷ്യം അഭിഷേക്‌ ശർമയുടെയും (35) ശുഭ്‌മാൻ ഗില്ലിന്റെയും (28) സൂര്യകുമാർ യാദവിന്റെയും (12) വിക്കറ്റ്‌ നഷ്‌ടപ്പെടുത്തി ഇന്ത്യ നേടി. തിലക്‌ വർമയും (25) ശിവം ദുബെയും (10) പുറത്താകാതെ നിന്നു.


ടോസ്‌ നേടി പന്തെറിഞ്ഞ ഇന്ത്യൻ ബ‍ൗളർമാരുടെ മൂർച്ചക്കും കണിശതക്കും മുന്നിൽ ആഫ്രിക്കൻ ബാറ്റർമാർക്ക്‌ പിടിച്ചുനിൽക്കാനായില്ല. നാലാം പന്തിൽ അർഷ്‌ദീപ്‌ സിങ് ഓപ്പണർ റീസ ഹെൻഡ്രിക്‌സിനെ റണ്ണെടുക്കുംമുമ്പ്‌ വിക്കറ്റിന്‌ മുന്നിൽ കുടുക്കി. തൊട്ടടുത്ത ഓവറിൽ ക്വിന്റൺ ഡികോക്കും(1) എൽബിഡബ്ലിയു. ഹർഷിത്‌ റാണക്കാണ്‌ വിക്കറ്റ്‌. നാലാം ഓവറിൽ ഡെവാൾഡ്‌ ബ്രെവിസും(2) മടങ്ങിയതോടെ ആഫ്രിക്കൻ ശ‍ൗര്യം അവസാനിച്ചു. ഹർഷിത്‌ റാണ ബ‍ൗൾഡാക്കുകയായിരുന്നു. സ്‌കോർ ബോർഡിൽ 3.1 ഓവറിൽ മൂന്ന്‌ വിക്കറ്റിന്‌ ഏഴ്‌ റൺ എന്ന ദയനീയ നില. ട്രിസ്‌റ്റൺ സ്‌റ്റബ്‌സിനെ(7) ഹാർദിക്‌ പാണ്ഡ്യ വിക്കറ്റ്‌കീപ്പർ ജിതേഷ്‌ ശർമയുടെ കൈകളിലെത്തിച്ചതോടെ ഏഴ്‌ ഓവറിൽ 30/4 എന്ന നിലയിലേക്ക്‌ കൂപ്പുകുത്തി.


ഒരറ്റത്ത്‌ വിക്കറ്റ്‌ വീഴുമ്പോഴും ക്യാപ്‌റ്റൻ എയ്‌ദൻ മാർക്രം പതറാതെ അർധസെഞ്ചുറി നേടി. കോർബിൻ ബോഷിനെ(4) ശിവം ദുബെ ബ‍ൗൾഡാക്കി. ഡൊണോവൻ പെരേരയും(20) ആൻറിച്ച്‌ നോർത്യെയും(12) മാർക്രത്തെ പിന്തുണച്ചു. അതിനിടെ വരുൺ ചക്രവർത്തിയുടെ സ്‌പിൻ ബാറ്റർമാരെ വീണ്ടും കറക്കി. പെരേരയും മാർകോ യാൻസെണും(2) ബ‍ൗൾഡായി. പത്തൊമ്പതാം ഓവറിൽ എട്ടാമതായി മാർക്രം മടങ്ങുമ്പോൾ ദക്ഷിണാഫ്രിക്കയ്‌ക്ക്‌ 100 കടന്ന ആശ്വാസം. 46 പന്തിൽ 61 റണ്ണെടുത്ത മാർക്രത്തെ അർഷ്‌ദീപിന്റെ പന്തിൽ ജിതേഷ്‌ ശർമ പിടികൂടി. ആറ്‌ ഫോറും രണ്ട്‌ സിക്‌സറുമടിച്ചാണ്‌ മടക്കം.


അർഷ്‌ദീപ്‌ നാല്‌ ഓവറിൽ 13 റൺ വഴങ്ങിയാണ്‌ രണ്ട്‌ വിക്കറ്റെടുത്തത്‌. വരുൺ രണ്ട്‌ വിക്കറ്റ്‌ നേടാൻ വിട്ടുനൽകിയത്‌ 11 റൺ മാത്രം. ഹർഷിത്‌ നാല്‌ ഓവറിൽ 34 റൺ നൽകി രണ്ട്‌ വിക്കറ്റ്‌ കരസ്ഥമാക്കി. ബുധനാഴ്ചയാണ് അടുത്ത കളി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home