രണ്ടാം ടെസ്‌റ്റിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് 408 റണ്ണിന് തോറ്റു
print edition എട്ടുനിലയിൽ പൊട്ടി ; ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് തോൽവി

ഗുവാഹത്തിയിലെ ബർസാപര സ്--റ്റേഡിയത്തിൽ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ നിരാശരായ ഇന്ത്യൻ ടീം
ഗുവാഹത്തി
ഗൗതം ഗംഭീറിന്റെ പുതിയ ടെസ്‌റ്റ് ടീം ഒരിക്കൽക്കൂടി തോറ്റന്പി. രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിൽ ദക്ഷിണാഫ്രിക്കയോട് തോറ്റത് 408 റണ്ണിന്. ടെസ്‌റ്റ് ചരിത്രത്തിൽ ടീമിന്റെ ഏറ്റവും അപമാനകരമായ പതനം. 12 വർഷമായി ഒറ്റ പരന്പരയും സ്വന്തം തട്ടകത്തിൽ തോറ്റിട്ടില്ലെന്ന റെക്കോഡ് 12 മാസത്തിനിടെ രണ്ട് തവണയാണ് തകർന്നടിഞ്ഞത്. മറുവശത്ത് 25 വർഷത്തിനിടെ ആദ്യമായി ദക്ഷിണാഫ്രിക്ക ഇന്ത്യൻ മണ്ണിൽ പരന്പര സ്വന്തമാക്കി. ആദ്യ കളിയിൽ 30 റണ്ണിനായിരുന്നു ടെംബ ബവുമയുടെ സംഘത്തിന്റെ ജയം.
ഇന്ത്യയുടെ പുതിയ ടെസ്‌റ്റ് വേദിയായ ഗുവാഹത്തിയിൽ അഞ്ചാംദിനം ഇരിപ്പിടങ്ങൾ ശൂന്യമായിരുന്നു. ഇന്ത്യൻ ബാറ്റർമാരുടെ കാഴ്‌ചപ്പാടും പദ്ധതിയും അതുപോലെതന്നെ. എതിരാളിയെ വീഴ്‌ത്താൻവച്ച കുഴികളിൽ ഒരിക്കൽക്കൂടി സ്വയംവീണു. ഇന്ത്യയുടെ മൂന്ന് സ്‌പിന്നർമാരെ കൊണ്ട് പറ്റാത്തത് ദക്ഷിണാഫ്രിക്ക സിമോൺ ഹാർമറെന്ന ഒറ്റ സ്‌പിന്നറിലൂടെ നേടി. 549 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ 140നാണ് പുറത്തായത്. ആറ് വിക്കറ്റുമായി ഹാർമെർ നാശംവിതച്ചു. മാൻ ഓഫ് ദി സീരീസും മുപ്പത്താറുകാരനാണ്. 93 റണ്ണും ഏഴ് വിക്കറ്റുമെടുത്ത ഓൾ റൗണ്ടർ മാർകോ യാൻസെൺ മാൻ ഓഫ് ദി മാച്ചായി.
സ്‌കോർ: ദക്ഷിണാഫ്രിക്ക 489, 260/5 ഡി.; ഇന്ത്യ 201, 140
രണ്ടിന് 27 റണ്ണെന്ന നിലയിൽ അഞ്ചാംദിനം തുടങ്ങിയ ഇന്ത്യ ഏറെദൂരം പോകില്ലെന്ന് ഉറപ്പായിരുന്നു. പക്ഷേ, എതിരാളികളെപ്പോലും ഞെട്ടിപ്പിക്കുന്ന വിധത്തിലായിരുന്നു സ്വന്തം തട്ടകത്തിൽ ഇന്ത്യയുടെ തകർച്ച. രാത്രി കാവൽക്കാരൻ കുൽദീപ് യാദവിനെ (5) ബൗൾഡാക്കിയാണ് ഹാർമെർ തുടങ്ങിയത്. ധ്രുവ് ജുറേൽ (2), ക്യാപ്‌റ്റൻ ഋഷഭ് പന്ത് (13) എന്നിവർ വന്നതും പോയതും അറിഞ്ഞില്ല. മൂന്നാം നന്പറിൽ ഇറങ്ങിയ ബി സായ്‌സുദർശൻ പല തവണ പുറത്താകലുകളിൽനിന്ന് രക്ഷപ്പെട്ടു. 159 പന്ത് നേരിട്ട് 14 റണ്ണെടുത്ത സുദർശനെ ഒടുവിൽ സെനുരാൻ മുത്തുസാമി പറഞ്ഞയച്ചു. 54 റണ്ണുമായി രവീന്ദ്ര ജഡേജ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. വാഷിങ്‌ടൺ സുന്ദർ (16), നിതീഷ് കുമാർ റെഡ്ഡി (0) എന്നിവരെ മടക്കി ഹാർമെർ പരന്പരയിലെ രണ്ടാമത്തെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു.
രണ്ട് കളിയിൽ 8.94 ശരാശരിയിൽ 17 വിക്കറ്റാണ് ഓഫ് സ്‌പിന്നർ നേടിയത്. യാൻസെൺ 12 വിക്കറ്റ് നേടി.
പരിശീലകൻ ഗൗതം ഗംഭീറിന്റെ തന്ത്രങ്ങൾ പാളി
തോറ്റ പരീക്ഷണങ്ങൾ
പതിനഞ്ചംഗ ടീമിൽ നാല് ഓൾ റൗണ്ടർമാർ, മൂന്ന് വിക്കറ്റ് കീപ്പർമാർ. ലോക ടെസ്‌റ്റ് ചാന്പ്യൻഷിപ് ജേതാക്കളായ ദക്ഷിണാഫ്രിക്കയുമായുള്ള പരന്പരയ്‌ക്ക് മുഖ്യ സെലക്ടർ അജിത് അഗാർക്കറും പരിശീലകൻ ഗൗതം ഗംഭീറും തെരഞ്ഞെടുത്ത ഇന്ത്യൻ ടീമായിരുന്നു ഇത്. കൊൽക്കത്തയിലെ ഇൗഡൻ ഗാർഡൻസിൽ സ്‌പിൻ കുഴിയൊരുക്കിയും അതിൽ തിരിച്ചടി കിട്ടിയപ്പോൾ ഗുവാഹത്തിയിൽ ബാറ്റർമാരുടെ പറുദീസ ഒരുക്കിയും തന്ത്രം നെയ്‌തു. പക്ഷേ, സ്‌പിന്നിനെയും പേസിനെയും നേരിടാനറിയാതെ ഇന്ത്യൻ ബാറ്റിങ് നിര തകർന്നടിയുന്നതാണ് കണ്ടത്. കൊൽക്കത്തയിൽ നാല് സ്‌പിന്നർമാരെ ഒരേസമയം കളിപ്പിച്ചിട്ടും കാര്യമുണ്ടായില്ല. രണ്ട് സ്‌പിന്നർമാരുമായി ദക്ഷിണാഫ്രിക്ക ജയിച്ചു. സ്ഥാനത്തും അസ്ഥാനത്തുമുള്ള ഗംഭീറിന്റെ പരീക്ഷണങ്ങൾ പാടേ പരാജയമായി. രഞ്‌ജി ട്രോഫിയിൽ തെളിഞ്ഞ കളിക്കാർക്ക് പകരം ഐപിഎല്ലിലെ റണ്ണടിക്കാരെ അഞ്ച് ദിവസക്കളിയിൽ പിടിച്ചിട്ട പരീക്ഷണവും പാളി.
മുൻ പരിശീലകരും കളിക്കാരുമെല്ലാം ടെസ്‌റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ അപമാനകരമായ തോൽവിയിൽ പ്രതികരിച്ചു. ഗംഭീറിനുനേരെയാണ് വിമർശന ശരങ്ങൾ. മുഖ്യ സെലക്ടർ അജിത് അഗാർക്കറുടെ നിലയും പരുങ്ങലിലാണ്.
ചുമതലയേറ്റെടുത്ത് 16 മാസത്തിനിടെ എട്ടാം ടെസ്‌റ്റ് തോൽവിയാണ് ഗൗതം ഗംഭീറിന്. മൂന്നാം പരന്പര തോൽവിയും. സ്വന്തം തട്ടകത്തിൽ ന്യൂസിലൻഡിനോട് 3–0നും ദക്ഷിണാഫ്രിക്കയോട് 2–0നും തോറ്റു. ആകെ 19 കളിയിൽ ഏഴ് ജയം, 10 തോൽവി, 2 സമനില. 36.82 ആണ് വിജയശതമാനം.
ഡങ്കൺ ഫ്‌ളെച്ചർക്ക് കീഴിൽ മാത്രമാണ് ഇന്ത്യ ഇതിനെക്കാൾ മോശം പ്രകടനത്തിലായിട്ടുള്ളത്. 39 കളിയിൽ 17ൽ തോറ്റു. 13 ജയവും ഒന്പത് സമനിലയും. വിജയശതമാനം 33.33.
കഴിഞ്ഞ വർഷം ന്യൂസിലൻഡിനോട് സ്വന്തം തട്ടകത്തിൽ മൂന്ന് കളി തോറ്റതോടെയാണ് ഇന്ത്യയുടെ പതനം തുടങ്ങുന്നത്. പിന്നെ ഓസ്‌ട്രേലിയയോട് അവരുടെ തട്ടകത്തിൽ തോറ്റു. ഇംഗ്ലണ്ടുമായി സമനില. ഇതിനിടെ ബംഗ്ലാദേശിനോടും വെസ്‌റ്റിൻഡീസിനോടും ജയിച്ചു. ദക്ഷിണാഫ്രിക്കയോട് സന്പൂർണ തോൽവി.
വിരാട് കോഹ്‌ലി, രോഹിത് ശർമ, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ, ആർ അശ്വിൻ എന്നിവർക്കുശേഷം പുതിയൊരു ടീമിനെ വാർത്തെടുക്കുകയായിരുന്നു ഗംഭീറിന്റെ ഉത്തരവാദിത്തം. പക്ഷേ, ടീം തെരഞ്ഞെടുപ്പ് പലപ്പോഴും സംശയ നിഴലിലായി.
ഐപിഎല്ലിലെ റണ്ണടിക്കാരൻ ബി സായ്‌സുദർശനാണ് നിലവിൽ മൂന്നാം നന്പർ ബാറ്റർ. രഞ്‌ജിയിൽ മികച്ച റെക്കോഡല്ല സുദർശന്. പരന്പരയിൽ രണ്ട് ഇന്നിങ്‌സിൽ നേടിയത് 29 റൺ. ഇന്ത്യൻ കുപ്പായത്തിൽ ആറ് കളിയിൽ 302. ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡി കഴിഞ്ഞ പത്ത് ഇന്നിങ്‌സിൽ ആകെ നേടിയത് 103 റണ്ണാണ്. പന്തെറിയുന്നത് അപൂർവം. വിക്കറ്റ് കീപ്പർമാരായ ഋഷഭ് പന്തും കെ എൽ രാഹുലും ധ്രുവ് ജുറേലും ഒരേസമയം ടീമിൽ കളിക്കുന്നു. രണ്ട് കളിയിൽ 29 റണ്ണാണ് ജുറേൽ നേടിയത്.
ബിസിസിഐ തീരുമാനിക്കട്ടെ: ഗംഭീർ
ടെസ്‌റ്റ് ടീം പരിശീലക സ്ഥാനത്ത് തുടരണോയെന്നത് തീരുമാനിക്കേണ്ടത് ബിസിസിഐ ആണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് ഗൗതം ഗംഭീർ.
‘യുവനിരയുമായി ഇംഗ്ലണ്ടിൽ പരന്പര സമനിലയാക്കിയപ്പോഴും ഏഷ്യാ കപ്പും ചാന്പ്യൻസ് ട്രോഫിയും നേടിയപ്പോഴും ഇതേ ഞാൻ തന്നെയായിരുന്നു പരിശീലകൻ. ഇന്ത്യൻ ക്രിക്കറ്റിലെ യഥാർഥ പരിവർത്തന കാലമാണിത്. ടെസ്‌റ്റ് ക്രിക്കറ്റിൽ സാങ്കേതിക തികവിലും മാനസികമായും സമ്മർദങ്ങൾ കൈകാര്യം ചെയ്യുന്നതിലും ടീം പുരോഗതി കൈവരിക്കണം. ഒരിക്കലും ഗ്യാലറിക്ക് വേണ്ടി കളിക്കരുത്’– ഗംഭീർ പറഞ്ഞു.









0 comments