ad
Deshabhimani

മത്സരം 15ന്‌ കൊളംബോയിൽ , തീരുമാനം ഐസിസിയുമായുള്ള ചർച്ചയിൽ

print edition ലോകകപ്പ് ബഹിഷ്‌കരണം പിൻവലിച്ചു ; വീണ്ടും ഇന്ത്യ x പാക്‌ മുഖാമുഖം

India Pakistan Cricket
വെബ് ഡെസ്ക്

Published on Feb 11, 2026, 12:17 AM | 2 min read

ലാഹോർ

പത്ത്‌ ദിവസത്തെ നാടകീയ സംഭവങ്ങൾക്കൊടുവിൽ ബഹിഷ്‌കരണ ഭീഷണി പിൻവലിച്ച്‌ പാകിസ്ഥാൻ. ഇതോടെ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിൽ ഇന്ത്യ–പാകിസ്ഥാൻ മത്സരത്തിന്‌ കളമൊരുങ്ങി. 15ന്‌ ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലാണ്‌ മത്സരം.


രാജ്യാന്തര ക്രിക്കറ്റ്‌ ക‍ൗൺസിലും (ഐസിസി) പാകിസ്ഥാൻ ക്രിക്കറ്റ്‌ ബോർഡും (പിസിബി) നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ്‌ തീരുമാനം. ഇന്ത്യയുമായി കളിക്കുന്ന കാര്യം പാകിസ്ഥാൻ സർക്കാർ ഒ‍ൗദ്യോഗികമായി അറിയിച്ചു.


‘എല്ലാ കക്ഷികളുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലും സുഹൃദ്‌ രാജ്യങ്ങളുടെ അഭ്യർഥനകൾ കണക്കിലെടുത്തും പാകിസ്ഥാൻ സർക്കാർ 15ന്‌ കൊളംബോയിൽ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ മത്സരത്തിന്‌ ഇറങ്ങാൻ പാകിസ്ഥാൻ ടീമിനോട്‌ നിർദേശിക്കുന്നു. എല്ലാത്തിനുമുപരി ക്രിക്കറ്റിന്റെ താൽപര്യം സംരക്ഷിക്കുന്നതിനും കളിയുടെ ഭാഗമായ രാജ്യങ്ങളെ പിന്തുണയ്‌ക്കുന്നതിനും വേണ്ടിയാണ്‌ ഇ‍ൗ തീരുമാനം– പാക്‌ സർക്കാരിന്റെ കുറിപ്പിൽ വ്യക്തമാക്കി.


ഇന്ത്യയുമായുള്ള മത്സരത്തിൽനിന്ന്‌ പിന്മാറരുതെന്ന്‌ ഏഷ്യയിലെ മറ്റ്‌ ക്രിക്കറ്റ്‌ ശക്തികളായ ശ്രീലങ്കയും ബംഗ്ലാദേശും യുഎഇയും പാകിസ്ഥാനോട്‌ ആവശ്യപ്പെട്ടിരുന്നു. ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ബോർഡ്‌ തലവൻ അമിനുൾ ഇസ്ലാം പിസിബി തലവൻ മൊഹ്‌സിൻ നഖ്‌വിയുമായി ഇക്കാര്യത്തിൽ ചർച്ച നടത്തി. പാക്‌ പ്രധാനമന്ത്രി ഷെഹ്‌ബാസ്‌ ഷരീഫ്‌ ലങ്കൻ പ്രസിഡന്റ്‌ അനുര കുമാര ദിസനായകെയുമായി സംസാരിച്ചു.


ഐസിസി ഡയറക്ടർ ഇമ്രാൻ ഖവാജയുടെ നേതൃത്വത്തിലായിരുന്നു പിസിബിയുമായുള്ള ചർച്ച. ലാഹോറിൽ നടന്ന ചർച്ചയിൽ ബിസിബി തലവനും പങ്കെടുത്തു. ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാട്‌ എടുത്ത ബംഗ്ലാദേശിനെതിരെ നടപടിയെടുക്കില്ലെന്ന്‌ ഐസിസി പ്രഖ്യാപിച്ചതിനു പിന്നാലെയാണ്‌ പാക്‌ സർക്കാർ ഒ‍ൗദ്യോഗിക അറിയിപ്പ്‌ പുറത്തിറക്കിയത്‌.


ഇന്ത്യ–പാക്‌ മത്സരം നടക്കാതിരുന്നാൽ വലിയ സാന്പത്തിക നഷ്ടമാണ്‌ ഐസിസിക്ക്‌ സംഭവിക്കുക. ഏകദേശം 2200 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ്‌ കണക്ക്‌. എല്ലാ രാജ്യങ്ങളെയും ഇത്‌ സാരമായി ബാധിക്കും. രാജ്യങ്ങൾക്ക്‌ ഐസിസിയിൽനിന്ന്‌ കിട്ടുന്ന വരുമാന വിഹിതത്തിലും ഇടിവ്‌ സംഭവിക്കും. ആതിഥേയരായ ലങ്കയ്‌ക്കും വലിയ തിരിച്ചടിയായിരിക്കും. ഇതോടെയാണ്‌ പാകിസ്ഥാന്റെ വിലപേശലിനിടയിലും ഐസിസി ചർച്ചയുമായി മുന്നോട്ട്‌ നീങ്ങിയത്‌. ഇന്ത്യയുമായുള്ള പരന്പര, ബംഗ്ലാദേശിനെയും ഉൾപ്പെടുത്തിയുള്ള ത്രിരാഷ്‌ട്ര പരന്പര, കൂടുതൽ വരുമാന വിഹിതം തുടങ്ങിയ പാകിസ്ഥാന്റെ ആവശ്യങ്ങൾ ഐസിസി തള്ളിയതായാണ്‌ സൂചന.


ബംഗ്ലാദേശ്‌ താരം മുസ്‌താഫിസുർ റഹ്‌മാനെ ഐപിഎല്ലിൽനിന്ന്‌ പുറത്താക്കിയതോടെയാണ്‌ സംഭവങ്ങളുടെ തുടക്കം. ബിസിസിഐയുടെ നീക്കത്തിൽ പ്രതിഷേധിച്ച്‌ ബംഗ്ലാദേശ്‌ കടുത്ത തീരുമാനങ്ങളിലേക്ക്‌ നീങ്ങി. ഇന്ത്യയിൽ കളിക്കില്ലെന്നായിരുന്നു നിലപാട്‌. ഇന്ത്യയിലെ ലോകകപ്പ്‌ മത്സരങ്ങൾ കൊളംബോയിലേക്ക്‌ മാറ്റണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഐസിസി വഴങ്ങിയില്ല. ഇന്ത്യയിൽ കളിക്കാനില്ലെങ്കിൽ ലോകകപ്പിൽനിന്ന്‌ പുറത്താക്കുമെന്ന മുന്നറിയിപ്പ്‌ നൽകി. ഇ‍ൗ സാഹചര്യത്തിൽ പാകിസ്ഥാൻ മാത്രം ബംഗ്ലാദേശിന്‌ അനുകൂലമായി നിന്നു. ദിവസങ്ങൾക്കുശേഷം പിസിബി തലവൻ പാക്‌ ടീം ഇന്ത്യയുമായി കളിക്കില്ലെന്ന സൂചന നൽകി. പിന്നാലെ പാക്‌ സർക്കാർ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്‌തതോടെ വിവാദം മറ്റൊരു തലത്തിലേക്ക്‌ മാറുകയായിരുന്നു.


ബംഗ്ലാദേശിന്‌ ആശ്വാസം

ഐസിസിയും പിസിബിയുമായുള്ള ചർച്ചയുടെ ഗുണംകിട്ടിയത്‌ ബംഗ്ലാദേശിന്‌. ഇന്ത്യയിൽ കളിക്കില്ലെന്ന തീരുമാനമെടുത്തതോടെ ട്വന്റി20 ലോകകപ്പിൽനിന്ന്‌ പുറത്തായ ബംഗ്ലാദേശിന്‌ കടുത്ത നടപടികളാണ്‌ കാത്തിരുന്നത്‌. എന്നാൽ പുതിയ സാഹചര്യത്തിൽ ഒരു നടപടിയുമുണ്ടാകില്ലെന്ന്‌ ഐസിസി ഉറപ്പ്‌ നൽകി. ഇന്ത്യയുമായി കളിക്കണമെങ്കിൽ ബംഗ്ലാദേശിനെതിരെ നടപടികൾ പാടില്ലെന്ന്‌ പാകിസ്ഥാൻ ഐസിസിയോട്‌ ആവശ്യപ്പെട്ടിരുന്നു. സാന്പത്തികമായോ കളിയുമായി ബന്ധപ്പെട്ടോ ഭരണ നിർവഹണ തലത്തിലോ നടപടികളൊന്നുമുണ്ടാകില്ലെന്ന്‌ ഐസിസി വ്യക്തമാക്കി.


2031 ഏകദിന ലോകകപ്പിന്‌ ഇന്ത്യയും ബംഗ്ലാദേശും സംയുക്തമായാണ്‌ ആതിഥേയത്വം വഹിക്കുന്നത്‌. അതിനുമുന്പ്‌ ബംഗ്ലാദേശിന്‌ മറ്റൊരു ഐസിസി ചാന്പ്യൻഷിപ്പ്‌ കൂടി നൽകാൻ ധാരണയായി. അണ്ടർ 19 ലോകകപ്പിനാണ്‌ സാധ്യത.


അതേസമയം, ഐസിസിയുമായുള്ള ചർച്ചയിൽ പാകിസ്ഥാനും ചെറിയ ഇളവുകൾ നൽകിയതായാണ്‌ സൂചന. ട്വന്റി20 ലോകകപ്പിനുശേഷം മാത്രമേ വിവരങ്ങൾ പുറത്തുവരികയുള്ളൂ.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home