ഇഷാൻ കിഷൻ(40 പന്തിൽ 77) കളിയിലെ താരം
print edition സൂപ്പർ ഇന്ത്യ ; 61 റൺ ജയത്തോടെ സൂപ്പർ എട്ടിൽ

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്ഥാനെതിരെ സിക്-സർ നേടുന്ന ഇന്ത്യൻ ഓപ്പണർ ഇഷാൻ കിഷൻ
കൊളംബോ
ലങ്കൻ മണ്ണിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയത് അനായാസജയം. സ്‌പിൻ ബൗളിങ്ങിൽ കുരുക്കാൻ ശ്രമിച്ചെങ്കിലും ഓപ്പണർ ഇഷാൻ കിഷന്റെ ബാറ്റ് എല്ലാ കണക്കുകൂട്ടലും പൊളിച്ചു. കൊളംബോ പ്രേമദാസ സ്‌റ്റേഡിയത്തിൽ ഇഷാൻ 40 പന്തിൽ 77 റണ്ണടിച്ച് ആധിപത്യമുറപ്പിച്ചു. 10 ഫോറും മൂന്ന് സിക്‌സറും ഉൾപ്പെട്ട മനോഹരമായ ഇന്നിങ്സായിരുന്നു ഇരുപത്തേഴുകാരന്റേത്. ക്രിക്കറ്റിൽ കുറച്ചുകാലമായി തുടരുന്ന ഇന്ത്യൻ ആധിപത്യത്തിന് തടയിടാൻ ഒരുഘട്ടത്തിലും പാകിസ്ഥാനായില്ല. തുടർച്ചയായ മൂന്നാം ജയത്തോടെയാണ് സൂപ്പർ എട്ടിൽ പ്രവേശിച്ചത്.
സ്‌കോർ: ഇന്ത്യ 175/7, പാകിസ്ഥാൻ 114 (18)
ജയിക്കാൻ 176 റൺ ലക്ഷ്യമിട്ട പാകിസ്ഥാന്റെ ക്യാപ്‌റ്റൻ സൽമാൻ ആഗയടക്കം(4) നാല് മുൻനിര ബാറ്റർമാർക്കും രണ്ടക്കം കടക്കാനായില്ല. വിക്കറ്റ്‌കീപ്പർ ഉസ്‌മാൻഖാന്റെ 44 റണ്ണാണ് 100 കടത്തിയത്. ബൗളർ ഷഹീൻ അഫ്രീദി(23*) അവസാനം നടത്തിയ കൂറ്റനടികൾ നാണക്കേട് ഒഴിവാക്കി. ഷദാബ്‌ഖാനും(14) ഷഹിം അഷ്‌റഫും(10) മാത്രമാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റർമാർ. ബാബർ അസം അഞ്ച് റണ്ണിന് മടങ്ങി.
ഇന്ത്യൻ ബൗളർമാർ വർധിതവീര്യത്തോടെ പന്തെറിഞ്ഞപ്പോൾ പാകിസ്ഥാന്റെ ബാറ്റിങ്‌നിര ദയനീയമായി തകർന്നടിഞ്ഞു. പേസർമാരും സ്‌പിന്നർമാരും ഒരുപോലെ മികവുകാട്ടി. ജസ്‌പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർക്കെല്ലാം രണ്ട് വിക്കറ്റ് വീതമുണ്ട്. മൂന്ന് ഓവറിൽ 16 റൺ വഴങ്ങിയാണ് ഹാദികിന്റെ നേട്ടം. വരുൺ മൂന്ന് ഓവറിൽ വിട്ടുകൊടുത്തത് 17 റൺ.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റെടുത്ത ഇന്ത്യൻ നിരയിൽ ഇഷാനെ തളക്കാൻ പാകിസ്ഥാൻ സ്‌പിന്നർമാർക്കായില്ല. 20 ഓവർ കളിയിൽ പതിനെട്ടും സ്‌പിൻ ബൗർളമാർക്ക് നൽകിയ പാകിസ്ഥാൻ ക്യാപ്‌റ്റന്റെ തന്ത്രം പൊളിഞ്ഞു. ക്യാപ്റ്റൻ സൂര്യകുമാർ യാദവും(32) തിലക്‌വർമയും(25) ശിവം ദുബെയും(27) സ്‌കോർ ഉയർത്തി. അഭിഷേക് ശർമയും ഹാർദിക് പാണ്ഡ്യയും റണ്ണെടുക്കാതെ മടങ്ങി. റിങ്കു സിങ് നാല് പന്തിൽ 11 റണ്ണുമായി പുറത്തായില്ല.
ആദ്യ ഓവറിൽ ഓപ്പണർ അഭിഷേക് ശർമയെ നഷ്‌ടമായശേഷം ഇഷാനും തിലക് വർമയും ചേർന്നുള്ള 87 റണ്ണാണ് അടിത്തറയിട്ടത്. തുടർന്ന് സൂര്യകുമാറും തിലകും ചേർന്ന് 38 റൺ നേടി. ലോകകപ്പിൽ രണ്ടാം തവണയാണ് പാകിസ്ഥാൻ 18 ഓവർ സ്‌പിന്നർമാർക്ക് നൽകിയത്. ട്വന്റി20യിൽ മൂന്നാം തവണ മാത്രം.
ഇന്ത്യ അവസാന മത്സരത്തിൽ ബുധനാഴ്‌ച നെതർലൻഡ്‌സിനെ നേരിടും. പാകിസ്ഥാന് നമീബിയയെ തോൽപിച്ചാൽ സൂപ്പർ എട്ടിലെത്താം.
അഭിഷേകിന് ആറ് കളിയിൽ നാലാം പൂജ്യം
ലോകകപ്പിലെ രണ്ട് മത്സരങ്ങളിലും റണ്ണെടുക്കാതെ മടങ്ങി അഭിഷേക് ശർമ. പാകിസ്ഥാനെതിരെ ക്യാപ്‌റ്റൻ സൽമാൻ ആഗയുടെ പന്തിൽ ഷഹീൻ അ-ഫ്രീദിയുടെ കൈയിലൊതുങ്ങി. നേരിട്ടത് നാല് പന്ത്. ആദ്യ കളിയിൽ അമേരിക്കയ്‌ക്കെതിരെ നേരിട്ട ആദ്യ പന്തിലും പുറത്തായിരുന്നു. പനി കാരണം നമീബിയക്കെതിരായ രണ്ടാം മത്സരത്തിന് ഇറങ്ങിയില്ല.
ട്വന്റി20യിൽ അവസാന ആറ് കളിയിൽ നാലാമത്തെ പൂജ്യമാണ്. ഇതിൽ മൂന്നിലും നേരിട്ട ആദ്യ പന്തിൽ മടങ്ങി. 68 ആണ് ഉയർന്ന സ്‌കോർ. മറ്റൊരു കളിയിൽ 30 അടിച്ചു. ആറ് കളിയിൽ ആകെ 98 റൺ.











0 comments