print edition സിക്സർ അഭിഷേകം ; ആദ്യ ട്വന്റി20യിൽ ഇന്ത്യക്ക് 48 റൺ ജയം

ന്യൂസിലൻഡിനെതിരായ ആദ്യ ട്വന്റി20യിൽ അർധസെഞ്ചുറി നേടിയ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ
നാഗ്‌പുർ
അഭിഷേക് ശർമയുടെ റണ്ണഭിഷേകത്തിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ. ഒന്നാം ട്വന്റി20 ക്രിക്കറ്റ് മത്സരത്തിൽ 48 റണ്ണിനാണ് ജയം. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 238 റണ്ണടിച്ചു. ഓപ്പണർ അഭിഷേക് 35 പന്തിൽ 84 റണ്ണടിച്ച് ടോപ്‌സ്‌കോററായി. എട്ട് സിക്‌സറും അഞ്ച് ഫോറും നിറഞ്ഞ ഇന്നിങ്സ്. ഒപ്പമിറങ്ങിയ മലയാളി ബാറ്റർ സഞ്‌ജുസാംസൺ 10 റണ്ണിന് പുറത്തായി. പിന്നാലെയെത്തിയ ഇഷാൻ കിഷനും(8) കിട്ടിയ അവസരം മുതലാക്കാനായില്ല.
മറുപടിക്കെത്തിയ ന്യൂസിലൻഡ് ഏഴിന് 190ൽ അവസാനിപ്പിച്ചു. രണ്ട് ഫോറടിച്ച സഞ്‌ജു രണ്ടാം ഓവറിൽ വീണു. കൈൽ ജാമിസണിന്റെ പന്തിൽ രചിൻ രവീന്ദ്രക്ക് അനായാസക്യാച്ച്. ആകെ നേരിട്ടത് ഏഴ് പന്തുകൾമാത്രം. തിലക് വർമയുടെ അഭാവത്തിൽ അവസരം കിട്ടിയ ഇഷാൻ അഞ്ച് പന്തിൽ രണ്ട് ഫോറടിച്ച് മതിയാക്കി. മൂന്നാം ഓവറിൽ സ്‌കോർ 27/2. അഭിഷേകും ക്യാപ്‌റ്റൻ സൂര്യകുമാർ യാദവും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം ഫലം കണ്ടു. ഫോമിലല്ലാത്ത സൂര്യ 22 പന്തിൽ 32 റണ്ണടിച്ചു.
ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 99 റൺ നേടിയത് അടിത്തറയായി. ഒമ്പത് റണ്ണുമായി ശിവം ദുബെ മടങ്ങിയതോടെ ഇന്ത്യ 166/5 എന്ന നിലയിൽ പരുങ്ങി. മൂന്ന് ഫോറും ഒരു സിക്‌സറുമടക്കം 15 പന്തിൽ 25 റണ്ണെടുത്ത് ഹാർദിക് പാണ്ഡ്യ വേഗം കൂട്ടി. അവസാന ഓവറുകളിൽ റിങ്കു സിങ് നടത്തിയ കൂറ്റൻ അടികളാണ് സ്‌കോർ 200 കടത്തിയത്. അതിനിടെ അക്‌സർ പട്ടേൽ അഞ്ച് റണ്ണിന് പുറത്തായി. അവസാന അഞ്ച് ഓവറിൽ ഇന്ത്യ 56 റണ്ണടിച്ചു. 20 പന്തിൽ 44 റണ്ണുമായി പുറത്താകാതെനിന്ന റിങ്കു നാല് ഫോറും മൂന്ന് സിക്‌സറുമടിച്ചു. അർഷ്‌ദീപ് സിങ് ആറ് റണ്ണുമായി റിങ്കുവിനൊപ്പമുണ്ടായിരുന്നു. ഇന്ത്യ കിവീസിനെതിരെ നേടുന്ന മൂന്നാമത്തെ ഉയർന്ന സ്‌കോറാണിത്. 2018ൽ നേടിയ 245/5 ആണ് ഏറ്റവും ഉയർന്നത്.
കൂറ്റൻ ലക്ഷ്യം പിന്തുടരാനെത്തിയ കിവീസിനായി 40 പന്തിൽ 78 റണ്ണുമായി ഗ്ലെൻ ഫിലിപ്‌സ് പൊരുതി. ആറ് സിക്‌സറും നാല് -േഫാറുമായിരുന്നു ഇന്നിങ്‌സിൽ. മാർക് ചാപ്‌മാൻ 24 പന്തിൽ 39 റണ്ണെടുത്തു. ഇന്ത്യക്കായി വരുൺ ചക്രവർത്തിയും ശിവം ദുബെയും രണ്ട് വീതം വിക്കറ്റ് നേടി.അഞ്ച് മത്സരപരമ്പരയിൽ രണ്ടാമത്തേത് നാളെ റായ്‌പുരിൽ നടക്കും.
കാര്യവട്ടം ട്വന്റി20 ടിക്കറ്റ് വിൽപന തുടങ്ങി
ഇന്ത്യയും ന്യൂസിസലൻഡും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപന തുടങ്ങി. തിരുവനന്തപുരം കാര്യവട്ടത്തുള്ള ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ 31നാണ് കളി. നടൻ പൃഥ്വിരാജ് ടിക്കറ്റ് വിൽപന ഉദ്‌ഘാടനം ചെയ്‌തു.
വിദ്യാർഥികൾക്ക് 250 രൂപക്ക് കളികാണാം. അപ്പർ ടയർ സീറ്റുകൾക്ക് 500 രൂപയും ലോവർ ടയറിന് 1200 രൂപയുമാണ്. Ticketgenie മൊബൈൽ ആപ്ലിക്കേഷൻ വഴി ഓൺലെനായി ടിക്കറ്റെടുക്കാം.
വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഗ്രൂപ്പ് ബുക്കിങ്ങിന് സൗകര്യമുണ്ട്. സ്ഥാപനമേധാവികൾ സാക്ഷ്യപ്പെടുത്തിയ അപേക്ഷ generalconvener@kerala എന്ന വിലാസത്തിൽ അയക്കണം.










0 comments