Deshabhimani

ഏഷ്യൻ ഗെയിംസ്: ഗോൾഡൻ ചാമ്പ്യൻസ്, പാകിസ്ഥാനെ തകർത്ത് ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണം

Cricket
വെബ് ഡെസ്ക്

Published on Oct 03, 2026, 01:47 PM | 1 min read

നയോഗ : ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ പാകിസ്ഥാനെ 19 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് സ്വർണം. കലാശപ്പോരാട്ടത്തിൽ ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം 19 ആയി.


51 പന്തിൽ 96 റൺസെടുത്ത ഹസൻ നവാസ് പാകിസ്ഥാനായി പൊരുതിയെങ്കിലും ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ ലക്ഷ്യം മറികടക്കാനായില്ല. ഇന്ത്യക്കായി അക്സർ പട്ടേൽ (2/29), വാഷിംഗ്ടൺ സുന്ദർ (2/29), ശിവം ദുബെ (2/33) എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.


നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. വെടിക്കെട്ട് അർധസെഞ്ചുറിയുമായി അഭിഷേക് ശർമയും പുറത്താകാതെ തിളങ്ങിയ തിലക് വർമയുമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.


അഭിഷേക് 28 പന്തിൽ 61 റൺസെടുത്തപ്പോൾ തിലക് 22 പന്തിൽ 51 റൺസുമായി പുറത്താകാതെ നിന്നു. അഭിഷേകിന്റെ ഇന്നിങ്സിൽ മൂന്ന് ഫോറും ഏഴ് സിക്സും തിലകിന്റെ ഇന്നിങ്സിൽ മൂന്ന് ഫോറും നാല് സിക്സും പിറന്നു.


ശിവം ദുബെ 15 പന്തിൽ 27 റൺസും ക്യാപ്റ്റൻ ശ്രേയസ് അയ്യർ 24 പന്തിൽ 21 റൺസും ഇഷാൻ കിഷൻ 18 പന്തിൽ 20 റൺസും നേടി. പാകിസ്ഥാനായി അഹമ്മദ് ദാനിയാലും അറഫാത് മിൻഹാസും രണ്ട് വിക്കറ്റ് വീതം നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home