രാജിക്കത്ത് എനിക്ക് നൽകി, അനുനയിപ്പിക്കാൻ ശ്രമിച്ചു; സ്ഥിരീകരിച്ച് മേയർ

തിരുവനന്തപുരം : ആർ ശ്രീലേഖയുടെ രാജി സ്ഥിരീകരിച്ച് തിരുവനന്തപുരം മേയർ വി വി രാജേഷ്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ശ്രീലേഖ തനിക്ക് കത്ത് തന്നിരുന്നുവെന്ന് വി വി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ രാജി സ്വീകരിച്ചോ എന്ന ചോദ്യത്തിന് സെക്രട്ടറിക്കാണ് രാജിക്കത്ത് നൽകേണ്ടതെന്നും തനിക്കും കത്ത് തന്നിരുന്നു എന്നുമാണ് രാജേഷ് പ്രതികരിച്ചത്. അനുനയിപ്പിക്കാനുള്ള ശ്രമം നടത്തിയെന്നും രാജേഷ് വ്യക്തമാക്കി.
എന്നാൽ രാജി പിൻവലിപ്പിക്കാനുള്ള ശ്രമം നടന്നോ എന്ന ചോദ്യത്തിന് അതൊക്കെ മാധ്യമങ്ങൾ പറയുന്നതാണെന്നുപറഞ്ഞ് മേയർ തടിതപ്പി. രാജിയെക്കുറിച്ചുള്ള മറ്റ് ചോദ്യങ്ങൾക്ക് മറുപടി പറയാതെ എന്റെ കയ്യിൽ കത്ത് കിട്ടിയെന്നും പരിഹരിക്കാൻ ശ്രമിച്ചുവെന്നും മാത്രമാണ് മേയർ പറഞ്ഞുകൊണ്ടിരുന്നത്. രാജി സ്വീകരിച്ചോ എന്ന ചോദ്യം വീണ്ടും ഉയർന്നപ്പോൾ മുമ്പ് പറഞ്ഞതിൽ എല്ലാമുണ്ടെന്നും നമുക്ക് നോക്കാമെന്നുമായിരുന്നു മറുപടി. മറ്റ് ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ മേയർ സംസാരം അവസാനിപ്പിക്കുകയായിരുന്നു.
എന്നാൽ രാജിയിൽ ശ്രീലേഖ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതികരണം തേടി വീട്ടിലെത്തിയ മാധ്യമപ്രവർത്തകർക്ക് ഇവിടെ ആളില്ല എന്ന മറുപടിയാണ് നൽകിയത്.









0 comments