ആന്ധ്രാപ്രദേശിൽ മരുന്ന് നിർമാണ ശാലയിൽ സ്ഫോടനം; അഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം

തിരുപ്പതി : ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ മരുന്ന് നിർമാണ ശാലയിൽ ബോയിലർ പൊട്ടിത്തെറിച്ച് അഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ടി ഐ എൽ ഹെൽത്ത്കെയർ എന്ന പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ പ്ലാന്റിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ പത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.
സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. ശ്രീ സിറ്റി പൊലീസും അഗ്നിശമന സേനയും ആംബുലൻസുകളും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. സംഭവത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പ്ലാന്റിലെ സാങ്കേതിക തകരാറാണോ അതോ സുരക്ഷാ വീഴ്ചയാണോ സ്ഫോടനത്തിന് കാരണമെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.









0 comments