ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച; എന്തു നടന്നാലും എന്റെ നെഞ്ചത്ത് കേറണ്ട: കൈയ്യൊഴിഞ്ഞ് മന്ത്രി ഒ ജെ ജനീഷ്

തിരുവനന്തപുരം : തൃശൂരിൽ നടക്കുന്ന സ്കൂൾ ഗെയിംസിലുണ്ടായ ഗുരുതര വീഴ്ചയുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് കൈയ്യൊഴിഞ്ഞ് കായിക മന്ത്രി ഒ ജെ ജനീഷ്. നീന്തൽ ചാമ്പ്യൻഷിപ് നടന്ന അക്വാട്ടിക് കോംപ്ലക്സിലെ താൽക്കാലിക പന്തലിന്റെ ഷീറ്റുകൾ ഇളകി വീണ് വിദ്യാർഥികളടക്കം അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു. ഇതിനെപ്പറ്റിയുള്ള ചോദ്യത്തിന് ഇത് കായികമന്ത്രിയുടെ ഉത്തരവാദിത്തമല്ലെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നുമാണ് മന്ത്രി പറഞ്ഞത്.
വീഴ്ചയിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും കായികവകുപ്പിന്റെ ചുമതലയല്ലെന്നും മന്ത്രി പറഞ്ഞു. എന്ത് പ്രശ്നം നടന്നാലും തന്റെ നെഞ്ചത്തേക്ക് കയറേണ്ട ആവശ്യമില്ലെന്നും തനിക്ക് ഇതുമായി ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഗെയിംസിന്റെ ഉദ്ഘാടനത്തിന് മന്ത്രിയുടെ ചിത്രം വച്ചാണ് നോട്ടീസ് പുറത്തിറക്കിയത്. ഈ സാഹചര്യത്തിലാണ് തനിക്ക് ഇതുമായി ബന്ധമില്ലെന്നുപറഞ്ഞ് മന്ത്രി കയ്യൊഴിയുന്നത്.
വ്യാഴാഴ്ചയാണ് നീന്തൽ ചാമ്പ്യൻഷിപ് നടന്ന കോംപ്ലക്സിലെ താൽക്കാലിക പന്തൽ ഇളകി വീണത്. വിദ്യാർഥികൾക്ക് പരിക്കേറ്റതോടെ മത്സരം മാറ്റിവച്ചു. എന്നാൽ മത്സരം മാറ്റിവെച്ച വിവരം അധികൃതർ അധ്യാപകരെയോ രക്ഷിതാക്കളെയോ അറിയിച്ചില്ല. ഇതോടെ വിവിധ ജില്ലകളിൽ നിന്നും തൃശൂരിലെത്തിയവർ പ്രതിസന്ധിയിലായി. ഇതിനുപുറമെ വിവിധ ജില്ലകളിൽനിന്നെത്തിയ വിദ്യാർഥികൾക്ക് കുടിവെള്ളമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ പോലും ലഭിച്ചില്ലെന്ന് പരാതി ഉയർന്നു.









0 comments