ആദ്യ കളി ഇന്ത്യ x ലങ്ക
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെപ്‌തംബർ 30 മുതൽ

ബംഗളൂരു: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെപ്‌തംബർ 30മുതൽ നവംബർ രണ്ടുവരെ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കും. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് ആദ്യ മത്സരം. എല്ലാ മത്സരങ്ങളും പകൽ മൂന്നിനാണ്. പതിമൂന്നാം ലോകകപ്പിൽ എട്ട് ടീമുകളാണുള്ളത്. ആകെ 31 കളികൾ.
ഇന്ത്യയിൽ ബംഗളൂരു, ഗുവാഹത്തി, ഇൻഡോർ, വിശാഖപട്ടണം നഗരങ്ങളിലും ലങ്കയിൽ കൊളംബോയിലുമാണ് കളികൾ. പാകിസ്ഥാന്റേതടക്കം 11 കളികൾക്ക് കൊളംബോ വേദിയാകും. ഇന്ത്യക്കുപുറമേ, പാകിസ്ഥാൻ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകളാണ് ലോകകപ്പിനായി മാറ്റുരക്കുന്നത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം ഒക്--ടോബർ അഞ്ചിന് കൊളംബോയിലാണ്. 12ന് വിശാഖപട്ടണത്ത് ഓസ്--ട്രേലിയയെ നേരിടും.
എട്ട് ടീമുകളും പരസ്‌പരം ഏറ്റുമുട്ടുന്ന രീതിയിലാണ് മത്സരക്രമം. ആദ്യ നാല് സ്ഥാനക്കാർ സെമിയിലെത്തും. ഒക്‌ടോബർ 26വരെയാണ് റൗണ്ട്‌റോബിൻ മത്സരങ്ങൾ. ഒക്‌ടോബർ 29നും 30നും സെമിയാണ്. ഗുവാഹത്തിയും ബംഗളൂരുവുമാണ് വേദികൾ. നവംബർ രണ്ടിന് ബംഗളൂരുവിലാണ് ഫൈനൽ. പാകിസ്ഥാൻ സെമിയിലോ ഫൈനലിലോ എത്തിയാൽ വേദി കൊളംബോയാകും.
ഇന്ത്യ ആതിഥേയരാകുന്നത് മൂന്നാം തവണയാണ്. 1978, 1997, 2013 വർഷങ്ങളിൽ ഇവിടെ ലോകകപ്പ് നടന്നെങ്കിലും ഇതുവരെ കപ്പ് നേടാനായിട്ടില്ല. 2005ലും 2017ലും റണ്ണറപ്പായി. ഓസ്‌ട്രേലിയ കഴിഞ്ഞ തവണയടക്കം ഏഴ് കിരീടങ്ങൾ നേടി. ഇംഗ്ലണ്ടിന് നാല് കപ്പുണ്ട്. ഒരുതവണ ന്യൂസിലൻഡും ജേതാക്കളായി.
ഇന്ത്യയുടെ കളികൾ
സെപ്‌തംബർ 30 ശ്രീലങ്ക (ബംഗളൂരു)
ഒക്‌ടോബർ 5 പാകിസ്ഥാൻ (കൊളംബോ)
ഒക്‌ടോബർ 9 ദ.ആഫ്രിക്ക (വിശാഖപട്ടണം)
ഒക്‌ടോബർ 12 ഓസ്‌ട്രേലിയ (വിശാഖപട്ടണം)
ഒക്‌ടോബർ 19 ഇംഗ്ലണ്ട് (ഇൻഡോർ)
ഒക്‌ടോബർ 23 ന്യൂസിലൻഡ്(ഗുവാഹത്തി)
ഒക്‌ടോബർ 26 ബംഗ്ലാദേശ് (ബംഗളൂരു).









0 comments