കൗമാരക്കപ്പുയർത്തി ഇന്ത്യ; ദക്ഷിണാഫ്രിക്കയെ തകർത്തത് ഒമ്പത് വിക്കറ്റിന്

കോലാലംപുർ: അണ്ടർ 19 വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് കിരീടം ചൂടി ഇന്ത്യ. ദക്ഷിണാഫ്രിക്കയെ ഒമ്പതു വിക്കറ്റിന് തകർത്താണ് ഇന്ത്യൻ കൗമാരപ്പട കപ്പുയർത്തിയത്. ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ ജി തൃഷയാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. സ്കോർ: ദക്ഷിണാഫ്രിക്ക 82/10. ഇന്ത്യ 84/1 (11.2)
കോലാലംപുരിലെ ബേയുമാസ് ഓവലിൽ നടന്ന മത്സരത്തിൽ ടോസ് നേടി ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ തുടക്കം പാളിയതോടെ ടീം സ്കോർ 82ൽ ഒതുങ്ങി. 18 പന്തിൽ 23 റൺസെടുത്ത മീകെ വാൻ വൂർസ്റ്റാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ടൂർണമെന്റിലുടനീളം ബാറ്റ് കൊണ്ട് വിസ്മയം തീർത്ത കേരളത്തിന്റെ ജി തൃഷ ഇത്തവണ ബോളിങ്ങിലും തിളങ്ങി. നാല് ഓവറിൽ 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. വൈഷ്‌ണവി ശർമയും ആയുഷി ശുക്ലയും പരുണിക സിസോദിയയും രണ്ട് വീതം വിക്കറ്റുകൾ നേടിയപ്പോൾ ഷബ്‌നം ഷക്കീല്‍ ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങി ഇന്ത്യ 11.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം കണ്ടു. 33 പന്തിൽ 44 റൺസുമായി ജി തൃഷയും 22 പന്തിൽ 26 റൺസുമായി സനിക ചാൽകെയും പുറത്താകെതെ നിന്നു. ഓപ്പണർ ഓപ്പണർ ജി കമാലിനിയുടെ (8) വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. കഴിഞ്ഞതവണ പ്രഥമ ലോകകപ്പിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യ കീരീടം നേടിയിരുന്നു.
0 comments