ad
Deshabhimani

ഒത്തുകളി ആരോപണങ്ങളും ഭരണപ്രതിസന്ധിയും; ക്രിക്കറ്റ് കാനഡയുടെ ഫണ്ടിങ് 6 മാസത്തേക്ക് മരവിപ്പിച്ച് ഐസിസി

cricket canada

കഴിഞ്ഞ പുരുഷ ട്വന്റി-20 ലോകകപ്പിലെ ന്യൂസിലൻഡിനെതിരായ കാനഡയുടെ മത്സരം നിലവിൽ ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ അന്വേഷണത്തിലാണ്. Photo Credit|AFP

വെബ് ഡെസ്ക്

Published on May 16, 2026, 02:06 PM | 2 min read

ടൊറന്റോ: ഭരണപരമായ ഗുരുതര വീഴ്ചകളെയും സുതാര്യതക്കുറവിനെയും തുടർന്ന് ക്രിക്കറ്റ് കാനഡയ്ക്കുള്ള സാമ്പത്തിക സഹായംഅന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ മരവിപ്പിച്ചു.


അടുത്ത ആറ് മാസത്തേക്കാണ് ഐസിസി ഫണ്ടിങ് തടഞ്ഞുവെച്ചിരിക്കുന്നത്. കാനഡ ക്രിക്കറ്റ് ബോർഡിൽ തുടരുന്ന സാമ്പത്തിക ക്രമക്കേടുകളും അഴിമതി ആരോപണങ്ങളും കണക്കിലെടുത്താണ് ആഗോള ക്രിക്കറ്റ് ഭരണസമിതിയുടെ ഈ കടുത്ത നടപടി.


ഫണ്ടിങ് തടഞ്ഞത് കാനഡയുടെ ദേശീയ ടീമുകളുടെ മത്സരങ്ങളെയോ പരിശീലന പരിപാടികളെയോ ഉടനടി ബാധിക്കില്ലെന്നാണ് വിവരം. എങ്കിലും, ഐസിസിയിൽ നിന്നുള്ള സാമ്പത്തിക സഹായത്തെ വലിയ തോതിൽ ആശ്രയിക്കുന്ന അസോസിയേറ്റ് അംഗമായ ക്രിക്കറ്റ് കാനഡയ്ക്ക് ഈ തീരുമാനം കനത്ത പ്രഹരമാകും.


ബോർഡിന്റെ 2024-ലെ സാമ്പത്തിക കണക്കുകൾ പ്രകാരം അവരുടെ ആകെ വരുമാനത്തിന്റെ (5.7 ദശലക്ഷം കനേഡിയൻ ഡോളർ) 63 ശതമാനവും (3.6 ദശലക്ഷം കനേഡിയൻ ഡോളർ) ഐസിസിയിൽ നിന്ന് ലഭിച്ച ഗ്രാന്റായിരുന്നു.


ഐസിസി നയങ്ങളുടെ ലംഘനം, സാമ്പത്തിക മേൽനോട്ടത്തിലെ പോരായ്മകൾ എന്നിവയാണ് നടപടിക്ക് ആധാരമെന്ന് കാനഡയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭരണപരമായ അപാകതകൾക്ക് പുറമെ ഒത്തുകളി ആരോപണങ്ങളും നിലവിൽ ബോർഡിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.


കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ കാനഡ കളിച്ച മത്സരം ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ അന്വേഷണത്തിലാണ്. കൂടാതെ, ദേശീയ ടീം തിരഞ്ഞെടുപ്പിൽ കാനഡ ക്രിക്കറ്റ് ബോർഡിലെ മുൻ ഉന്നതർ ഇടപെട്ടതായും മത്സരങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചതായും വ്യക്തമാക്കുന്ന മുൻ കനേഡിയൻ കോച്ചിന്റെ ഫോൺ റെക്കോർഡിങ്ങും ഐസിസി അന്വേഷിക്കുന്നുണ്ട്.


ഭരണതലപ്പത്തെ ക്രിമിനൽ കേസുകളും കഴിഞ്ഞ ഒരു വർഷമായി ക്രിക്കറ്റ് കാനഡയെ വേട്ടയാടുന്നുണ്ട്. മുൻ സിഇഒ സൽമാൻ ഖാൻ തന്റെ പേരിലുള്ള ക്രിമിനൽ പശ്ചാത്തലം മറച്ചുവെച്ചാണ് പദവിയിലെത്തിയത്. മോഷണം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി കാൽഗറി പോലീസ് ഇയാൾക്കെതിരെ കേസെടുത്തതോടെ ഇയാളെ പുറത്താക്കുകയായിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞ വാരാന്ത്യത്തിൽ പുതിയ ഭരണസമിതി രൂപീകരിക്കുകയും അരവിന്ദർ ഖോസയെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.


വിഷയത്തിൽ ഐസിസി ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായിട്ടില്ല. എന്നാൽ, പുതിയ ഭരണസമിതിക്ക് മുൻപ് ഉണ്ടായിരുന്ന പ്രശ്നങ്ങളാണ് ഇവയെന്നും, ഭരണത്തിലും സാമ്പത്തിക നിയന്ത്രണങ്ങളിലും പാലിക്കേണ്ട എല്ലാ നിയമപരമായ കുറവുകളും അടിയന്തരമായി പരിഹരിക്കാൻ പുതിയ ബോർഡ് പൂർണ്ണമായി പ്രതിജ്ഞാബദ്ധമാണെന്നും ക്രിക്കറ്റ് കാനഡയുടെ മീഡിയ മാനേജർ ജിമ്മി ശർമ്മ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home