ad
Deshabhimani

അമ്മയാകുന്നത് കരിയറിന്റെ അവസാനമല്ല; വനിതാ താരങ്ങൾക്കായി പുതിയ നയവുമായി ഐസിസി

Afy Fletcher

Photo Credit:ICC

വെബ് ഡെസ്ക്

Published on Jun 22, 2026, 04:51 PM | 2 min read

ദുബായ്: വനിതാ ക്രിക്കറ്റ് താരങ്ങൾക്കായി ഏറ്റവും മികച്ചതും സമഗ്രവുമായ 'റിട്ടേൺ ടു പ്ലേ പോസ്റ്റ്-പ്രെഗ്നൻസി നിർദ്ദേശങ്ങൾ' ഔദ്യോഗികമായി പുറത്തിറക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ.


ഗർഭധാരണം, പ്രസവം, അതിനുശേഷമുള്ള കരിയറിലെ തിരിച്ചുവരവ് എന്നിവയിലുടനീളം വനിതാ കളിക്കാർക്ക് ആവശ്യമായ പിന്തുണയും സുരക്ഷയും ഉറപ്പാക്കാൻ അംഗരാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതാണ് ഈ പുതിയ ചട്ടക്കൂട്.


വനിതാ ക്രിക്കറ്റ് കൂടുതൽ പ്രൊഫഷണലായി മാറുകയും കളിക്കളത്തിൽ സജീവമായിരിക്കുമ്പോൾ തന്നെ കുടുംബജീവിതം ആരംഭിക്കാൻ കൂടുതൽ താരങ്ങൾ താല്പര്യം കാണിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഐസിസിയുടെ ഈ ചരിത്രപരമായ തീരുമാനം.


ഓസ്‌ട്രേലിയൻ വനിതാ ടീം ഡോക്ടർ ഡോ ഫിലിപ്പ ഇംഗെയുടെ നേതൃത്വത്തിൽ ഐസിസി മെഡിക്കൽ അഡ്വൈസറി കമ്മിറ്റിയാണ് ഈ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കിയത്.


കളിക്കാരുടെ ക്ഷേമത്തിന് മുൻഗണന നൽകിക്കൊണ്ട് പ്രാദേശിക നിയമങ്ങൾക്ക് അനുസൃതമായി സ്വന്തം പ്രെഗ്നൻസി നയങ്ങൾ രൂപീകരിക്കാൻ ഇത് ക്രിക്കറ്റ് ബോർഡുകളെ സഹായിക്കും.


കളിക്കാരുടെ പ്രസവാനന്തര തിരിച്ചുവരവിനായി ആറ് ഘട്ടങ്ങളുള്ള ഒരു പ്രത്യേക മോഡലും ഇതിൽ അവതരിപ്പിച്ചിട്ടുണ്ട്. പ്രസവത്തിന് ശേഷമുള്ള ആരോഗ്യ വീണ്ടെടുക്കൽ മുതൽ മത്സര ക്രിക്കറ്റിലേക്കുള്ള സജീവമായ തിരിച്ചുവരവ് വരെ ഘട്ടം ഘട്ടമായി ഇതിലൂടെ നിരീക്ഷിക്കും.


ഗർഭകാലത്തും പ്രസവാനന്തരവും കളിക്കാർക്ക് കൃത്യമായ വൈദ്യസഹായവും യാത്രാ-ശിശുസംരക്ഷണ പിന്തുണയും ഫ്ലെക്സിബിളായ പരിശീലന അന്തരീക്ഷവും ഉറപ്പാക്കണമെന്ന് പുതിയ നയം ശുപാർശ ചെയ്യുന്നു. ഇതിനായി ഓരോ കളിക്കാരിക്കും പ്രത്യേക 'കേസ് മാനേജരെ' നിയമിക്കണം.


ഗർഭധാരണം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം പൂർണ്ണമായും കളിക്കാരുടേതായിരിക്കും. ആദ്യത്തെ മൂന്ന് മാസങ്ങൾക്ക് ശേഷം മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ നിർദ്ദേശിക്കുന്നുണ്ടെങ്കിലും, കളി നിർത്തേണ്ട കൃത്യമായ പ്രായം ബോർഡുകൾക്ക് നിർബന്ധമാക്കാനാകില്ല.


അമ്മയാകുന്നത് ഒരു ക്രിക്കറ്റ് കരിയറിന്റെ അവസാനമല്ലെന്ന് തെളിവിവുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ഡോ ഫിലിപ്പ ഇംഗെ വ്യക്തമാക്കി.


നിലവിൽ വനിതാ ലോകകപ്പിൽ കളിച്ചുകൊണ്ടിരിക്കുന്ന വെസ്റ്റ് ഇൻഡീസ് താരം അഫീ ഫ്ലെച്ചർ ഐസിസിയുടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. 2021-ൽ മകന് ജന്മം നൽകിയ ശേഷമാണ് ഫ്ലെച്ചർ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്.


"പ്രസവത്തിന് ശേഷം സ്ത്രീകളെ സംരക്ഷിക്കാൻ ഐസിസി ഇത്തരം നയങ്ങൾ കൊണ്ടുവരുന്നത് വളരെ നല്ല കാര്യമാണ്.


കുടുംബത്തോടൊപ്പം ജീവിക്കാനും ഒപ്പം കളിയിലേക്ക് തിരിച്ചുവരാനും ഇത് അവസരമൊരുക്കുന്നു. വനിതാ ക്രിക്കറ്റിനായി ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളിൽ ഒന്നാണിത്," ഫ്ലെച്ചർ പ്രതികരിച്ചു.


പ്രസവാനന്തരമുള്ള ശാരീരിക വീണ്ടെടുക്കൽ കഠിനമായിരുന്നെന്നും കുഞ്ഞിനെ പിരിഞ്ഞിരിക്കുന്നത് മാനസികമായി ബുദ്ധിമുട്ടിച്ചെന്നും പറഞ്ഞ താരം, ശക്തമായ പിന്തുണയുണ്ടെങ്കിൽ ഏത് കളിക്കാരിക്കും കളിയിലേക്ക് മടങ്ങിയെത്താനാകുമെന്നും കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home