Deshabhimani

print edition വനിതാ പ്രീമിയർ ലീഗ്‌ ട്വന്റി 20: റൺപോരിൽ ഗുജറാത്ത്‌

gujarath
വെബ് ഡെസ്ക്

Published on Jan 11, 2026, 12:30 AM | 2 min read

മുംബൈ: വനിതാ പ്രീമിയർ ലീഗ്‌ ട്വന്റി 20 ക്രിക്കറ്റിൽ ഗുജറാത്ത് ജയന്റ്‌സിന്‌ ജയത്തുടക്കം. പൊരുതിക്കളിച്ച യു പി വാരിയേഴ്സിനെ പത്ത് റണ്ണിന് കീഴടക്കി. പുറത്താകാതെ 27 റണ്ണും രണ്ട് വിക്കറ്റും നേടിയ ഗുജറാത്തിന്റെ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ജോർജിയ വെയർഹാം കളിയിലെ താരമായി.

സ്‌കോർ: ഗുജറാത്ത് 207/4 ; യുപി 197/8.


അവസാന ഓവറിൽ മൂന്ന് വിക്കറ്റ് ശേഷിക്കെ യു പിക്ക് ജയിക്കാൻ 27 റൺ വേണ്ടിയിരുന്നു. പന്തെറിഞ്ഞ സോഫി ഡിവൈൻ 16 റണ്ണിൽ ഒതുക്കി. മലയാളി താരം ആശ ശോഭന അവസാന മൂന്നു പന്തിൽ രണ്ട് ഫോറും ഒരു സിക്സറും നേടിയെങ്കിലും വൈകിപ്പോയി. 10 പന്തിൽ 27 റണ്ണുമായി തിരുവനന്തപുരത്തുകാരി പുറത്താകാതെ നിന്നു. സ്പിൻ ബൗളിങ്ങിൽ വിക്കറ്റ് കിട്ടാതിരുന്ന ആശ ബാറ്റ് കൊണ്ട് നിരാശ മാറ്റി. മൂന്ന് ഫോറും രണ്ട് സിക്സറുമടിച്ചു. 11 റണ്ണെടുത്ത സോഫി എക്ലസ്റ്റോൺ അവസാന ഓവറിൽ പുറത്തായത് യുപിക്ക് തിരിച്ചടിയായി. 40 പന്തിൽ 78 റൺ നേടിയ ഫീബി ലിച്ച്ഫീൽഡിന് കാര്യമായ പിന്തുണ കിട്ടിയില്ല.


ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനായി ക്യാപ്റ്റൻ ആഷ്‌ലി ഗാർഡ്നർ 65 റണ്ണുമായി നയിച്ചു. അനുഷ്‌ക ശർമയും(44) സോഫി ഡിവൈനും(38) സ്‌കോർ ഉയർത്തി. ഓപ്പണർ ബെത് മൂണി 13 റണ്ണിന് പുറത്തായി. ഇരുടീമുകളും ചേർന്നെടുത്ത 404 റൺ വനിതാ ലീഗിലെ രണ്ടാമത്തെ വലിയ സ്‌കോറാണ്. കഴിഞ്ഞ വർഷം ബംഗളൂരുവും യുപിയും ചേർന്ന് 438 റണ്ണടിച്ചിരുന്നു. ഒരു കളിയിൽ കൂടുതൽ സിക്‌സർ എന്ന റെക്കോഡ് പിറന്നു. 21 സിക്സറുകളുണ്ടായി. 11 യുപിയും പത്തെണ്ണം ഗുജറാത്തും നേടി.


മുംബൈക്ക്‌ കൂറ്റൻ ജയം


ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും നാറ്റ് സ്-കീവർ ബ്രുന്റും നേടിയ അർധ സെഞ്ചുറികൾ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന് വനിതാ പ്രീമിയർ ലീഗ് ട്വന്റി 20 ക്രിക്കറ്റിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 50 റൺ ജയമൊരുക്കി. മുംബെെ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റണ്ണെടുത്തു.


ഹർമൻ 42 പന്തിൽ 74 റണ്ണുമായി പുറത്താകാതെ നിന്നു. എട്ട് ഫോറും മൂന്ന് സിക്സറും നേടി. മലയാളി താരം എസ് സജന രണ്ട് പന്തിൽ അഞ്ച് റണ്ണുമായി ഒപ്പമുണ്ടായിരുന്നു . നാറ്റ് സ്-കീവർ 46 പന്തിൽ 70 റണ്ണെടുത്തു. അതിൽ 13 ഫോറുണ്ടായിരുന്നു. മറുപടി ബാറ്റിങ്ങിൽ ഡൽഹി തകർന്നു. 19 ഓവറിൽ 145ന് പുറത്തായി. 56 റണ്ണെടുത്ത ചിന്നെല്ലെ ഹെൻറി മാത്രം പൊരുതി. മുംബെെക്കായി നിക്കോളാ കാരിയും അമേലിയ കെറും മൂന്ന് വീതം വിക്കറ്റ് നേടി. മുംബൈ ആദ്യ കളിയിൽ ബംഗളൂരുവിനോട് തോറ്റിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home