ക്രിക്കറ്റിൽ തുല്യനീതി വേണം; വൈഡ് ബൗൺസറുകളുടെ നിർവചനം മാറ്റണമെന്ന് ഇന്ത്യൻ ഇതിഹാസം

Photo Credit: PTI
മുംബൈ: ആധുനിക ക്രിക്കറ്റ് ബാറ്റർമാർക്ക് അമിത മുൻതൂക്കം നൽകുന്ന ഒന്നായി മാറിയെന്നും ബൗളർമാർക്ക് അർഹമായ പരിഗണന നൽകാൻ നിയമങ്ങളിൽ മാറ്റം വരുത്തണമെന്നും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌കർ.
ട്വന്റി20 ക്രിക്കറ്റിന്റെ വരവോടെ ബൗണ്ടറി ദൂരങ്ങൾ കുറഞ്ഞതും ഫീൽഡിംഗ് നിയന്ത്രണങ്ങൾ കർശനമായതും ബൗളർമാരെ പ്രതിരോധത്തിലാക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്പോർട്‌സ്റ്റാറിലെ തന്റെ കോളത്തിലൂടെയാണ് ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയർമാൻ സൗരവ് ഗാംഗുലിയോട് ഗവാസ്‌കർ ഈ ആവശ്യം ഉന്നയിച്ചത്.
നിലവിൽ ബാറ്ററുടെ തലയ്ക്ക് മുകളിലൂടെ പോകുന്ന ബൗൺസറുകൾ വൈഡ് വിളിക്കുന്ന രീതിയിൽ മാറ്റം വരുത്തണമെന്നാണ് ഗവാസ്‌കറുടെ പ്രധാന നിർദ്ദേശം. "ഇത് ഒരു ഫാസ്റ്റ് ബൗളറുടെ കൈകൾ കെട്ടിയിട്ട് പന്തെറിയാൻ പറയുന്നതിന് തുല്യമാണ്.
ബൗണ്ടറികൾ കുറവായതിനാൽ തന്നെ ബൗളർമാർ ശിക്ഷിക്കപ്പെടുകയാണ്. ഇതിനിടയിൽ ഇത്ര കർശനമായി വൈഡ് വിളിക്കുന്നത് വേഗപ്പന്തുകാരെ കൂടുതൽ തളർത്തും. ബാറ്ററുടെ തലയ്ക്ക് മുകളിൽ ഏകദേശം ഒരു ബാറ്റ് ഹാൻഡിലിന്റെ നീളം (ഒരു അടി) വരെ ഉയരത്തിൽ പോകുന്ന പന്തുകൾക്ക് വൈഡ് നൽകാതെ ബൗളർമാർക്ക് ഇളവ് നൽകണം," അദ്ദേഹം കുറിച്ചു.
മുമ്പ് പരിമിത ഓവർ ക്രിക്കറ്റിൽ ബൗൺസറുകൾ നിരോധിച്ചിരുന്ന കാലത്തെ ഉദാഹരണമായി ഗവാസ്‌കർ ചൂണ്ടിക്കാട്ടി. അന്ന് വാലറ്റക്കാർ പോലും വസീം അക്രമിനെപ്പോലുള്ള ഇതിഹാസ ബൗളർമാരെ ഭയമില്ലാതെ നേരിടുമായിരുന്നു.
താൻ ഐസിസി കമ്മിറ്റി തലവനായിരുന്ന കാലത്താണ് ബൗൺസർ നിയമം തിരികെ കൊണ്ടുവന്നതെന്നും അതോടെയാണ് കളിയിൽ വീണ്ടും സന്തുലിതാവസ്ഥ വന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ബാറ്റർമാർക്ക് ഏത് ഷോട്ടും കളിക്കാൻ അനുവാദമുള്ളപ്പോൾ ബൗളർമാരുടെ വൈവിധ്യങ്ങളെ എന്തിനാണ് നിയന്ത്രിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
അടുത്ത ഐസിസി ക്രിക്കറ്റ് കമ്മിറ്റി യോഗത്തിൽ ബൗളർമാരുടെ ഈ ദുരവസ്ഥ സൗരവ് ഗാംഗുലി പരിഗണിക്കണമെന്നും ഗവാസ്‌കർ ആവശ്യപ്പെട്ടു. മികച്ചൊരു ബാറ്റർക്ക് തലയ്ക്ക് മുകളിൽ ഉയരത്തിൽ വരുന്ന പന്തുകളിൽ നിന്നും റൺസ് കണ്ടെത്താൻ സാധിക്കണം.
അത്തരം നിയമപരിഷ്‌കാരങ്ങൾ മികച്ച ബൗളർമാർ പോലും അടികൊള്ളുന്ന നിലവിലെ സാഹചര്യം മാറ്റാൻ സഹായിക്കുമെന്നും ഗവാസ്‌കർ വ്യക്തമാക്കി. ബൗളിംഗ് സമൂഹത്തിന് കൂടി അല്പം ആശ്വാസം നൽകുന്ന തീരുമാനങ്ങൾ ഗാംഗുലിയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് ഗവാസ്‌കർ പ്രത്യാശിക്കുന്നത്.










0 comments