അമ്മയുടെ വേർപാടിന് പിന്നാലെ വിഷാദരോഗം; പൊരുതിക്കയറാൻ സലീൽ അങ്കോള

സലീൽ അങ്കോള
മുംബൈ: മുൻ ഇന്ത്യൻ പേസറും ബിസിസിഐ മുൻ നാഷണൽ സെലക്ടറുമായ സലീൽ അങ്കോള വീണ്ടും ചികിത്സയിൽ. അമ്മയുടെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്നുണ്ടായ കടുത്ത മാനസികാഘാതവും വിഷാദരോഗവുമാണ് അങ്കോളയെ പുനരധിവാസ കേന്ദ്രത്തിലെത്തിച്ചത്.
അങ്കോള മാനസികാരോഗ്യത്തിനായി സ്വയം ചികിത്സ തേടാൻ കാണിച്ച മനക്കരുത്തിനെ ഭാര്യ റിയ അഭിനന്ദിച്ചു. "അദ്ദേഹം ഒരു പോരാളിയാണ്, തന്റെ ആദ്യ പ്രണയമായ ക്രിക്കറ്റിലേക്ക് കൂടുതൽ കരുത്തോടെ അദ്ദേഹം തിരിച്ചുവരും"- റിയ പറഞ്ഞു. പൂനെയിലെ ചികിത്സാ കേന്ദ്രത്തിൽ കഴിയുന്ന അദ്ദേഹം ആരോഗ്യനില വീണ്ടെടുക്കുകയാണെന്ന് കുടുംബം അറിയിച്ചു.
2024-ൽ പൂനെയിലെ ഫ്ലാറ്റിൽ അമ്മ മാല അങ്കോളയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം സലീലിനെ വല്ലാതെ തളർത്തിയിരുന്നു. കഴുത്തിന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ അവർ സ്വയം ജീവനൊടുക്കിയതാണെന്നായിരുന്നു പ്രാഥമിക നിഗമനം.
1989-ൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം പാകിസ്ഥാനെതിരെയായിരുന്നു സലീൽ അങ്കോളയുടെയും അരങ്ങേറ്റം. ഇന്ത്യക്കായി ഒരു ടെസ്റ്റും 20 ഏകദിനങ്ങളും കളിച്ചു. എന്നാൽ അസ്ഥിയിലെ അർബുദവും തുടർച്ചയായ പരിക്കുകളും കരിയറിന് വില്ലനായി. തുടർന്ന് അഭിനയരംഗത്തേക്ക് തിരിഞ്ഞ അദ്ദേഹം 'കോറ കാഗസ്' ഉൾപ്പെടെയുള്ള സീരിയലുകളിലും 'കുരുക്ഷേത്ര' പോലുള്ള സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. നേരത്തെ മദ്യാസക്തിയിൽ നിന്ന് മോചിതനാകാനും അദ്ദേഹം ചികിത്സ തേടിയിരുന്നു.










0 comments