ad
Deshabhimani

പഴയ വീര്യമില്ല, ക്രീസിൽ പരിഭ്രമം; ഗ്രീനിന്റെ പ്രകടനത്തിൽ വിമർശനവുമായി ആരോൺ ഫിഞ്ച്

aron finch
വെബ് ഡെസ്ക്

Published on Apr 08, 2026, 03:38 PM | 1 min read

കൊൽക്കത്ത: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ വിദേശ താരമെന്ന റെക്കോർഡുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലെത്തിയ കാമറൂൺ ഗ്രീനിന്റെ മോശം ഫോം ചർച്ചയാകുന്നു. സീസണിലെ ആദ്യ മൂന്ന് ഇന്നിങ്‌സുകളിലും നിരാശപ്പെടുത്തിയ ഗ്രീൻ, പഴയ ആത്മവിശ്വാസമില്ലാതെ ക്രീസിൽ പരിഭ്രമിക്കുകയാണെന്ന് മുൻ ഓസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് നിരീക്ഷിച്ചു.


തിങ്കളാഴ്ച പഞ്ചാബ് കിംഗ്‌സിനെതിരെ നടന്ന മത്സരത്തിലും ഗ്രീനിന് തിളങ്ങാനായില്ല. മഴ മൂലം ഉപേക്ഷിക്കപ്പെട്ട മത്സരത്തിൽ നേരിട്ട രണ്ടാം പന്തിൽ തന്നെ താരം പുറത്തായി. 25.20 കോടി രൂപയ്ക്ക് ടീമിലെത്തിയ 26-കാരനായ ഈ ഓൾറൗണ്ടർ, മൂന്ന് മത്സരങ്ങളിൽ നിന്നായി കേവലം 20 റൺസ് മാത്രമാണ് നേടിയത്. മുംബൈ ഇന്ത്യൻസിനെതിരെ 18 റൺസ് നേടിയതാണ് ഈ സീസണിലെ ഉയർന്ന സ്കോർ. സൺറൈസേഴ്‌സിനെതിരായ മത്സരത്തിൽ രണ്ട് റൺസെടുത്ത് നിൽക്കെ റണ്ണൗട്ടാവുകയും ചെയ്തു.


2023-ൽ മുംബൈ ഇന്ത്യൻസിനായി മൂന്നാം നമ്പറിൽ ഇറങ്ങി 452 റൺസ് അടിച്ചുകൂട്ടിയ ഗ്രീനിനെയല്ല ഇപ്പോൾ കാണുന്നതെന്ന് ഫിഞ്ച് ചൂണ്ടിക്കാട്ടി. അന്ന് ക്രീസിൽ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്ന താരം ഇപ്പോൾ പ്രതിരോധത്തിലാണെന്നും, ഗ്രീനിനെ ബാറ്റിംഗ് ഓർഡറിൽ താഴേക്ക് മാറ്റുന്നതിന് പകരം മുൻനിരയിൽ തന്നെ കളിപ്പിക്കുകയോ അല്ലെങ്കിൽ വിശ്രമം നൽകുകയോ വേണമെന്ന് ഫിഞ്ച് അഭിപ്രായപ്പെട്ടു.


മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കെകെആർ മാനേജ്‌മെന്റിന്റെ തീരുമാനത്തെയും ഫിഞ്ച് രൂക്ഷമായി വിമർശിച്ചു. മഴ പെയ്യാൻ സാധ്യതയുള്ളപ്പോൾ ഡക്ക്‌വർത്ത് ലൂയിസ് നിയമം രണ്ടാം ബാറ്റിംഗിനെ തുണയ്ക്കുമെന്നിരിക്കെ, ഈർപ്പമുള്ള പിച്ചിൽ ആദ്യം ബാറ്റ് ചെയ്തത് മണ്ടത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രിൽ 9-ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ കൊൽക്കത്തയിൽ തന്നെയാണ് കെകെആറിന്റെ അടുത്ത മത്സരം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home