പന്ത് ചുരണ്ടൽ; ഫഖർ സമാന് രണ്ട് മത്സരങ്ങളിൽ വിലക്ക്

ലാഹോർ: പാകിസ്ഥാൻ സൂപ്പർ ലീഗ് 2026 സീസണിൽ പന്തിൽ കൃത്രിമം കാട്ടിയെന്ന ഗുരുതരമായ കണ്ടെത്തലിനെത്തുടർന്ന് ലാഹോർ ഖലന്ദർസ് താരം ഫഖർ സമാനെ രണ്ട് മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ടൂർണമെന്റിലെ പെരുമാറ്റച്ചട്ടം 'ലെവൽ 3' ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടിയെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു. ഐസിസി നിയമത്തിലെ ആർട്ടിക്കിൾ 2.14 പ്രകാരമാണ് താരത്തിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
മാർച്ച് 29 ന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ കറാച്ചി കിങ്സിനെതിരെ നടന്ന മത്സരത്തിലാണ് വിവാദ സംഭവം നടന്നത്. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ പന്തിന്റെ അവസ്ഥയിൽ മാറ്റം വരുത്തിയതായി അമ്പയർമാർ കണ്ടെത്തുകയായിരുന്നു.
ഇതേത്തുടർന്ന് ലാഹോർ ഖലന്ദർസിന് അഞ്ച് റൺസ് പിഴ ചുമത്തുകയും കറാച്ചി ഇന്നിങ്സിലെ അവസാന ഓവറിന് മുൻപായി പന്ത് മാറ്റാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഓൺ ഫീൽഡ് അമ്പയർമാരായ ഷാഹിദ് സൈകത്ത്, ഫൈസൽ ഖാൻ അഫ്രീദി എന്നിവരുൾപ്പെട്ട അമ്പയറിങ് പാനലാണ് താരത്തിനെതിരെ പരാതി നൽകിയത്.
കുറ്റം നിഷേധിച്ച ഫഖർ സമാൻ അച്ചടക്ക സമിതിക്ക് മുൻപാകെ തന്റെ വാദങ്ങൾ നിരത്തിയെങ്കിലും മാച്ച് റഫറി റോഷൻ മഹാനാമ അത് തള്ളി. ലഭ്യമായ തെളിവുകൾ പരിശോധിച്ച ശേഷം ഫഖർ സമാൻ കുറ്റക്കാരനാണെന്ന് റഫറി വിധിക്കുകയായിരുന്നു.
ലാഹോർ നായകൻ ഷഹീൻ ഷാ അഫ്രീദി, ടീം ഡയറക്ടർ സമീൻ റാണ എന്നിവരുടെ സാന്നിധ്യത്തിലാണ് ഹിയറിങ് നടന്നത്. ലെവൽ 3 ലംഘനത്തിന് ലഭിക്കാവുന്ന പരമാവധി ശിക്ഷയായ രണ്ട് മത്സരങ്ങളിലെ വിലക്കാണ് താരത്തിന് നൽകിയിരിക്കുന്നത്.
വിലക്ക് നിലവിൽ വന്നതോടെ ലാഹോർ ഖലന്ദർസിന്റെ വരാനിരിക്കുന്ന രണ്ട് പ്രധാന മത്സരങ്ങൾ ഫഖർ സമാന് നഷ്ടമാകും. ഏപ്രിൽ 3-ന് മുൾട്ടാൻ സുൽത്താൻസിനെതിരെ ലാഹോറിലും, ഏപ്രിൽ 9-ന് ഇസ്ലാമാബാദ് യുണൈറ്റഡിനെതിരെ കറാച്ചിയിലും നടക്കുന്ന മത്സരങ്ങളിൽ താരത്തിന് കളിക്കാനാകില്ല. ഈ തീരുമാനത്തിനെതിരെ 48 മണിക്കൂറിനുള്ളിൽ ടൂർണമെന്റ് ടെക്നിക്കൽ കമ്മിറ്റിക്ക് അപ്പീൽ നൽകാൻ താരത്തിന് അവകാശമുണ്ട്.









0 comments