ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൽ മദ്യപാനത്തിന് നിയന്ത്രണം; അപ്രതീക്ഷിത വിരമിക്കലിന്റെ കാരണം വെളിപ്പെടുത്തി ബെൻ സ്റ്റോക്സ്

ലണ്ടൻ : ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് മദ്യപാനവുമായി ബന്ധപ്പെട്ട് കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. മുൻപ് പലതവണ മദ്യപാനം കാരണം ബോർഡ് പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് ഈ പുതിയ നടപടി. പുതിയ പെരുമാറ്റച്ചട്ട പ്രകാരം മത്സരത്തിന് തലേദിവസമോ, മത്സരദിവസമോ, തൊട്ടടുത്ത ദിവസങ്ങളിലോ കളിക്കാർക്ക് മദ്യം കഴിക്കാൻ അനുവാദമില്ല. ഹോട്ടലുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലും മദ്യപാനം നിരോധിച്ചിട്ടുണ്ട്. എന്നാൽ മുഖ്യ പരിശീലകൻ ബ്രണ്ടൻ മക്കല്ലം, ക്രിക്കറ്റ് ഡയറക്ടർ റോബ് കീ എന്നിവരുടെ പ്രത്യേക അനുമതിയോടെ ഈ നിർദ്ദേശങ്ങളിൽ ചില ഇളവുകൾ അനുവദിച്ചേക്കാം.
കളിക്കാർക്ക് അർധരാത്രിക്ക് ശേഷം കർഫ്യൂ ബാധകമായിരിക്കും. പൊതുസ്ഥലങ്ങളിൽ മദ്യപിച്ച് പുറത്തിറങ്ങാനോ, മദ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനോ പാടില്ല. രാത്രി 10 മണിക്ക് ശേഷവും ഹോട്ടലിന് പുറത്താണെങ്കിൽ അക്കാര്യം ടീം മാനേജ്‌മെന്റിനെയോ സെക്യൂരിറ്റിയെയോ അറിയിക്കണം. സ്വദേശത്തെ പരമ്പരകളിലും വിദേശ പര്യടനങ്ങളിലും ഈ നിബന്ധനകൾ ബാധകമായിരിക്കുമെന്ന് ബോർഡ് അറിയിച്ചു.
വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി സ്റ്റോക്സ്
ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ പെട്ടെന്നുള്ള വിരമിക്കൽ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാം ദിനത്തിലാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഒന്നാം ടെസ്റ്റ് വിജയത്തിന് ശേഷം നടന്ന രാത്രികാല ആഘോഷങ്ങളെത്തുടർന്ന് സ്റ്റോക്സിന് രണ്ടാം ടെസ്റ്റ് നഷ്ടമായിരുന്നു. വിരമിക്കലിന് പിന്നിൽ ഈ മദ്യപാന വിവാദങ്ങളാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, തന്റെ തീരുമാനത്തിന് പിന്നിലെ യഥാർഥ കാരണം താരം വ്യക്തമാക്കി.
2025ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 4-1 ന് ആഷസ് പരമ്പര പരാജയപ്പെട്ടതുമുതൽ താൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സ്റ്റോക്സ് പറഞ്ഞു. ലോർഡ്സ് ടെസ്റ്റ് കരിയറിനെക്കുറിച്ചുള്ള നിഷേധാത്മക ചിന്തകളാണ് തന്നിലുണ്ടാക്കിയതെന്നും, കരിയർ വീണ്ടെടുക്കാനുള്ള കഠിനശ്രമങ്ങൾക്കൊടുവിൽ താൻ മാനസികമായി തളർന്നുപോയെന്നും അദ്ദേഹം വെളിപ്പെടുത്തി. വിരമിക്കാൻ ക്രിക്കറ്റ് ബോർഡ് തന്നെ നിർബന്ധിച്ചിട്ടില്ലെന്നും എന്നാൽ അടുത്തിടെയുണ്ടായ നൈറ്റ് ക്ലബ് വിവാദങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കിയതായും സ്റ്റോക്സ് കൂട്ടിച്ചേർത്തു.











0 comments