വേനൽക്കാല യാത്രാതിരക്കിന് ദുബായ് കസ്റ്റംസ് സജ്ജം

ദുബായ് : വേനൽക്കാല അവധി യാത്രകളുടെ ഭാഗമായി ദുബായ് വിമാനത്താവളങ്ങളിൽ അനുഭവപ്പെടുന്ന വൻ യാത്രാതിരക്കിനെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കി ദുബായ് കസ്റ്റംസ്. ജൂലൈ ആദ്യപകുതിയിൽ മാത്രം ഏകദേശം 30 ലക്ഷം യാത്രക്കാർ ദുബായ് വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുമെന്നാണ് കണക്ക്. ദുബായ് വിമാനത്താവളവും ബന്ധപ്പെട്ട ഏജൻസികളും ചേർന്ന് യാത്രക്കാർക്ക് വേഗത്തിലും സുരക്ഷിതമായും യാത്ര ഉറപ്പാക്കുന്നതിനുള്ള പ്രത്യേക പ്രവർത്തന പദ്ധതി നടപ്പാക്കിയതായും ദുബായ് കസ്റ്റംസ് അറിയിച്ചു.
യാത്രക്കാരുടെ ബാഗേജ് പരിശോധന വേഗത്തിലാക്കാനായി വിമാനത്താവള ടെർമിനലുകളിൽ 19 അത്യാധുനിക ബാഗേജ് സ്കാനിങ് സംവിധാനങ്ങളുണ്ട്. 77 പരിശോധന, കണ്ടെത്തൽ സംവിധാനങ്ങളും പ്രവർത്തിക്കുന്നു. അറൈവൽ ഹാളുകളിലെ മാനുവൽ ബാഗേജ് പരിശോധനയ്ക്ക് വേണ്ട സമയം ഏഴ് സെക്കൻഡായി കുറച്ചതോടെ കാത്തിരിപ്പ് സമയം ഗണ്യമായി കുറഞ്ഞതായും അധികൃതർ വ്യക്തമാക്കി. വ്യക്തിഗത ഉപയോഗത്തിനായി കൊണ്ടുവരുന്നതും വാണിജ്യ ആവശ്യത്തിനല്ലാത്തതുമായ 3000 ദിർഹംവരെ മൂല്യമുള്ള സമ്മാനങ്ങൾക്ക് കസ്റ്റംസ് തീരുവ ബാധകമല്ല. എന്നാൽ, അനുവദിച്ചിരിക്കുന്ന അളവ് പരിധി പാലിക്കണം.
വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ടെർമിനൽ ഒന്ന്, രണ്ട്, മൂന്ന് എന്നിവിടങ്ങളിൽ പ്രത്യേക വളർത്തുമൃഗ പരിശോധനാമുറികൾ സജ്ജമാക്കുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. ഇതിലൂടെ വെറ്ററിനറി പരിശോധനകൾ വേഗത്തിലാക്കാനും യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനം നൽകാനും ലക്ഷ്യമിടുന്നതായി അധികൃതർ അറിയിച്ചു. യാത്രാതിരക്ക് ആരംഭിക്കുംമുമ്പുതന്നെ തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. സ്മാർട്ട് സാങ്കേതികവിദ്യകളിലും മുൻനിര ജീവനക്കാരുടെ ശേഷി വർധിപ്പിക്കുന്നതിലും തുടർച്ചയായി നിക്ഷേപം നടത്തി സുരക്ഷിതവും വേഗമേറിയതുമായ യാത്രാനുഭവം ഉറപ്പാക്കുകയാണെന്നും ദുബായ് കസ്റ്റംസ് പാസഞ്ചർ ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ ഖാലിദ് അഹമ്മദ് പറഞ്ഞു.










0 comments