അനധികൃത ഏജന്റുമാർക്ക് പണം നൽകരുത്; സേവനം നൽകുന്നത് എംബസിയും കോൺസുലേറ്റും നേരിട്ട്

ദുബായ് : പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭ്യമാക്കാമെന്ന് അവകാശപ്പെട്ട് പ്രവർത്തിക്കുന്ന അനധികൃത ഏജന്റുമാർക്ക് പണം നൽകുകയോ സേവനം സ്വീകരിക്കുകയോ ചെയ്യരുതെന്ന് യുഎഇയിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. ബിഎൽഎസ് ഇന്റർനാഷണലും എസ്ജിഐവിഎസ് ഗ്ലോബലും അബുദാബിയിലെ ഇന്ത്യൻ എംബസിയുടെയോ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയോ അംഗീകൃത സേവനദാതാക്കളല്ല. ഇവരുമായുള്ള കരാർ ജൂലൈ ഒന്നിന് അവസാനിച്ചതായും എംബസി അറിയിച്ചു. പുറംകരാർ ഏജൻസികളുടെയോ എംബസിയുടെയോ കോൺസുലേറ്റിന്റെയോ പേരിൽ അപ്പോയിന്റ്‌മെന്റ് ലഭ്യമാക്കാമെന്ന് അവകാശപ്പെടുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പണം നൽകാൻ പാടില്ല.
നിലവിൽ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ എംബസിയും കോൺസുലേറ്റും നേരിട്ടാണ് നൽകുന്നത്. പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്കുള്ള എല്ലാ അപ്പോയിന്റ്‌മെന്റുകളും ഔദ്യോഗിക ഓൺലൈൻ പോർട്ടൽവഴി സൗജന്യമായി ബുക്ക് ചെയ്യാം. ഇതിനായി മൂന്നാംകക്ഷികൾക്ക് ഫീസ് ഈടാക്കാൻ യാതൊരു അധികാരവുമില്ലെന്നും എംബസി അറിയിച്ചു.
യുഎഇയിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങൾ ഏറ്റെടുക്കാനുള്ള കരാർ ലഭിച്ച അൽ ഹിന്ദ് ഗ്ലോബൽ സർവീസസിന് ഇതുവരെ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. കരാർ നടപടിക്കെതിരെ മത്സരിച്ച രണ്ട് ഏജൻസികൾ നൽകിയ ഹർജി ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലായതിനാലാണ് പുതിയ സംവിധാനത്തിലേക്കുള്ള മാറ്റം വൈകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഇതേത്തുടർന്ന് ഈ മാസംമുതൽ ഓൺലൈൻ അപ്പോയിന്റ്‌മെന്റിന്റെ അടിസ്ഥാനത്തിൽ കോൺസുലർ സേവനങ്ങൾ എംബസിയും കോൺസുലേറ്റും നേരിട്ട് നൽകുകയാണ്. തുടക്കത്തിൽ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ "വാക്ക്-ഇൻ' സേവനം അനുവദിച്ചിരുന്നെങ്കിലും വർധിച്ച തിരക്ക് നിയന്ത്രിക്കുന്നതിനും സേവനങ്ങൾ കൂടുതൽ ക്രമബദ്ധമാക്കുന്നതിനുമായി ഓൺലൈൻ അപ്പോയിന്റ്‌മെന്റ് സംവിധാനം പൂർണമായും നടപ്പിലാക്കിയതായും എംബസി അറിയിച്ചു.










0 comments