ad
Deshabhimani

തെന്നിന്ത്യയുടെ വാനമ്പാടിക്ക് വിട നൽകി രാജ്യം

s janaki vida
വെബ് ഡെസ്ക്

Published on Jul 12, 2026, 05:37 PM | 1 min read

മൈസൂരു: തന്റെ സ്വരമാധുരിയിലൂടെ തലമുറകളെ സ്വാധീനിച്ച തെന്നിന്ത്യയുടെ വാനമ്പാടിക്ക് വിട നൽകി രാജ്യം. ആറ് പതിറ്റാണ്ടായി സംഗീതലോകത്ത് നിറഞ്ഞുനിന്ന എസ് ജാനകിയുടെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മൈസൂരുവിലെ കനിയനഗുണ്ഡി ഫാം ഹൗസിൽ വൈകിട്ട് അഞ്ചോടെയായിരുന്നു സംസ്കാരം.


മൈസൂരു മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ രാവിലെ മുതൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു. കലാ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരടക്കം ആയിരങ്ങളാണ് പ്രിയഗായികയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ആരാധകരും സഹപ്രവർത്തകരും സംഗീതലോകത്തെ പ്രമുഖരും അവസാനമായി ജാനകിയെ കാണാനെത്തി.


മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് എസ് ജാനകി അന്തരിച്ചത്. 88 വയസ്സായിരുന്നു. കന്നഡ, മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, ജാപ്പനീസ്, അറബിക്, ജർമൻ, സിംഹള തുടങ്ങി 17 ഭാഷകളിലായി അമ്പതിനായിരത്തോളം ഗാനങ്ങൾ ആലപിച്ച അതുല്യ ഗായികയായിരുന്നു ജാനകി. കന്നഡയിലും മലയാളത്തിലുമാണ് ഏറ്റവുമധികം ഗാനങ്ങൾ പാടിയത്.


1938 ഏപ്രിൽ 23ന് ജനിച്ച എസ് ജാനകി പിന്നീട് ആറ് പതിറ്റാണ്ടുകാലം ദക്ഷിണേന്ത്യൻ സംഗീതത്തിലെ പകരം വെക്കാനില്ലാത്ത ശബ്ദത്തിനുടമയായി മാറി. ഭാവസാന്ദ്രമായ ആലാപനവും വ്യത്യസ്തമായ ശബ്ദവിന്യാസവുംകൊണ്ട് ഓരോ ഗാനത്തിനും വേറിട്ട ജീവൻ നൽകാൻ ജാനകിക്ക് കഴിഞ്ഞു. സംഗീതരംഗത്തെ അത്ഭുതമെന്നാണ് നിരവധി പ്രമുഖർ ജാനകിയെ വിശേഷിപ്പിച്ചിരുന്നത്.


മലയാളത്തിൽ മാത്രം 1200ഓളം ഗാനങ്ങൾക്കാണ് ജാനകി ശബ്ദം നൽകിയത്. ‘തുമ്പീ വാ തുമ്പക്കുടത്തിൻ’, ‘ആടി വാ കാറ്റേ’, ‘കിളിയേ കിളിയേ’, ‘തേനും വയമ്പും’, ‘നാഥാ നീ വരും’ തുടങ്ങിയ ഗാനങ്ങൾ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട പാട്ടുകളായി മാറി. സംഗീതസംവിധായകൻ എം എസ് ബാബുരാജാണ് ജാനകിയെ മലയാള സിനിമാഗാനരംഗത്തേക്ക് കൊണ്ടുവന്നത്.


വിവിധ തലമുറകളിലെ സംഗീതാസ്വാദകരെ ഒരുപോലെ സ്വാധീനിച്ച ജാനകിയുടെ ഗാനങ്ങൾ പ്രണയത്തിന്റെയും വിരഹത്തിന്റെയും സന്തോഷത്തിന്റെയും വേദനയുടെയും ഭാവങ്ങൾ മലയാളികളുടെ മനസ്സിൽ പതിപ്പിച്ചു. ഗായികയുടെ വിയോഗത്തോടെ ഇന്ത്യൻ ചലച്ചിത്രസംഗീതത്തിലെ അപൂർവമായ ഒരു യുഗത്തിനാണ് തിരശ്ശീല വീണത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home