ad
Deshabhimani

തുടർച്ചയായ തോൽവികൾക്ക് പിന്നാലെ ഗംഭീറിനെതിരെ വിമർശനം; പരിശീലക സംഘത്തിൽ അഴിച്ചുപണിക്ക് സാധ്യത

Gambhir

ടീം ഇന്ത്യ (ഇടത്) ഗൗതം ഗംഭീർ (വലത്) Photo:BCCI,Getty images

വെബ് ഡെസ്ക്

Published on Jul 12, 2026, 06:12 PM | 1 min read

ലണ്ടൻ : അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ തുടർച്ചയായ ട്വന്റി20 പരമ്പരകളിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനും സപ്പോർട്ട് സ്റ്റാഫിനുമെതിരെ കടുത്ത വിമർശനം. കഴിഞ്ഞ മാസം അയർലൻഡിനോട് രണ്ട് മത്സരങ്ങളുടെ പരമ്പര തോറ്റ ട്വന്റി20 ലോക ചാമ്പ്യന്മാരായ ഇന്ത്യ, ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 4-0 എന്ന കനത്ത തോൽവിയും ഏറ്റുവാങ്ങി. വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഗംഭീറും ടീം മാനേജ്‌മെന്റും വലിയ സമ്മർദ്ദത്തിലാണ്.


അതേസമയം, മോശം പ്രകടനത്തെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സംഘത്തിൽ വലിയ അഴിച്ചുപണികൾക്ക് സാധ്യതയുള്ളതായാണ് റിപ്പോർട്. ഗംഭീറിന്റെ അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോസ്കാറ്റെ, ബോളിങ് കോച്ച് മോണി മോർക്കൽ എന്നിവർ വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് ശേഷം തങ്ങളുടെ സ്ഥാനങ്ങൾ ഒഴിഞ്ഞേക്കുമെന്നാണ് സൂചന. കരാർ കാലാവധി അവസാനിക്കുന്നതോടെ ഇരുവരും ടീമിൽ നിന്ന് മാറാൻ ആലോചിക്കുന്നതായാണ് വിവരം.


വർഷം മുഴുവൻ ടീമിനൊപ്പം യാത്ര ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടുകൾ ഡോസ്കാറ്റെ ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. ഒരു ഐപിഎൽ ഫ്രാഞ്ചൈസിയുമായി അദ്ദേഹം ചർച്ചയിലാണെന്നും റിപ്പോർട്ടുണ്ട്. എന്നാൽ മോർക്കൽ തന്റെ ഭാവി കാര്യങ്ങളിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇരുവരുമായും ബിസിസിഐ ചർച്ചകൾ നടത്തിവരികയാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ, സെന്റർ ഓഫ് എക്സലൻസിൽ ഫാസ്റ്റ് ബോളിങ് കോച്ചായി നിയമിതനായ ലക്ഷ്മിപതി ബാലാജിയെ ലങ്കൻ പര്യടനത്തിനായി ബിസിസിഐ അയച്ചേക്കും. 2024ൽ ഗൗതം ഗംഭീർ പരിശീലകനായി ചുമതലയേറ്റപ്പോഴാണ് ഡോസ്കാറ്റെയെയും മോർക്കലിനെയും സപ്പോർട്ട് സ്റ്റാഫിലേക്ക് തെരഞ്ഞെടുത്തത്.


ഇവർക്ക് പുറമെ ടീമിന്റെ ഫീൽഡിങ് കോച്ച് ടി ദിലീപിന്റെ സ്ഥാനവും തെറിച്ചേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം അഭിഷേക് നായർക്കൊപ്പം ദിലീപിനെയും മാറ്റാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഒരു അവസരം കൂടി നൽകുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ചൊവ്വാഴ്ച ആരംഭിക്കാനിരിക്കെ സപ്പോർട്ട് സ്റ്റാഫുകൾക്കിടയിലെ ഈ അനിശ്ചിതത്വം ഇന്ത്യൻ ക്യാമ്പിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home