പൊലീസ് സ്‌റ്റേഷിലെ മൂന്നാംമുറയെ ന്യായീകരിച്ച് ചെന്നിത്തല

പന്തളം: കൂടൽ സ്‌റ്റേഷനിൽ ഇരുപതുകാരൻ മൂന്നാംമുറയ്‌ക്കിരയായ സംഭവത്തിൽ പൊലീസിനെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന മാധ്യമങ്ങളുടെ റിപ്പോർട്ട് ഗൗരവത്തിലെടുത്താവാം പൊലീസ് പെരുമാറിയിട്ടുണ്ടാകുക. മർദനത്തിൽ നടപടി സ്വീകരിച്ചു കഴിഞ്ഞു. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് ഡിജിപി പരിശോധിച്ചു വരികയാണെന്നും ചെന്നിത്തല പറഞ്ഞു. കൂടുതൽ നടപടികൾ ഒന്നും ഉണ്ടാവില്ലെന്ന സൂചനയാണ് ആഭ്യന്തരമന്ത്രി നൽകിയത്.
പത്തനംതിട്ടയിൽ സഹപാഠികൾ പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ വ്യാജ പരാതിയിൽ കസ്റ്റഡിയിലെടുത്ത ഇരുപതുകാരനെയാണ് പൊലീസ് ക്രൂരമായി മർദിച്ചത്. പ്രണയം നിരസിച്ച സഹപാഠിയെയും സുഹൃത്തുക്കളെയും മനഃപൂർവം കേസിൽപെടുത്തുകയായിരുന്നു പെൺകുട്ടിയുടെ ലക്ഷ്യം. പ്രതിപട്ടികയിൽ ഒരു പെൺകുട്ടിയും ഉൾപ്പെട്ടിരുന്നു. തന്നെ 10 പേർ ലൈംഗികമായി ഉപദ്രവിച്ചതായി സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിനി വെളിപ്പെടുത്തിയത്. തുടർന്ന് അന്വേഷണം നടത്തിയ കൂടൽ പൊലീസ് ശനിയാഴ്ച ആറുപേരെ കസ്റ്റഡിയിലെടുത്തു. ഇതിൽ പ്രായപൂർത്തിയായ രണ്ടുപേരുമുണ്ടായിരുന്നു.
പെൺകുട്ടിയുടെ മൊഴിയും സാഹചര്യങ്ങളും തമ്മിൽ ചേരാതെ വന്നതോടെ ശനി രാത്രിതന്നെ ആറുപേരെയും പൊലീസ് താൽക്കാലികമായി വിട്ടയച്ചു. വൈദ്യപരിശോധനയിൽ പെൺകുട്ടി അതിക്രമം നേരിട്ടിട്ടില്ലെന്ന് വ്യക്തമായി. ഇക്കാര്യം ഡോക്ടറോട് കുട്ടി സമ്മതിക്കുകയും ചെയ്തതായാണ് വിവരം. പെൺകുട്ടി മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിലും പീഡനത്തെപ്പറ്റി പറയുന്നില്ല. ഇതോടെയാണ് വ്യാജപരാതി പുറംലോകമറിയുന്നത്.










0 comments