ad
Deshabhimani

നിഴലായ്... ഇനിയെന്നുമാ ആ പാട്ടുകൾ

S JANAKI
വെബ് ഡെസ്ക്

Published on Jul 12, 2026, 05:28 PM | 3 min read

വളർന്ന് പന്തലിച്ച് വിശാലമായി നിന്ന പാട്ടിന്റെ പൂമരം. അതായിരുന്നു എസ് ജാനകി. ആ പൂമരം പൊഴിക്കുന്ന ഓരോ പൂവിന്റെയും ​ഗന്ധം ഒന്നുതന്നെയായിരുന്നുവെങ്കിലും വെെകാരികതയുടെ വ്യത്യസ്ത നിമിഷങ്ങളിൽ ആ സു​ഗന്ധം ഓരോരുത്തരുടേയും ഹൃ​ദയത്തിൽ വേറിട്ട നിറങ്ങളായി. അവ മനസിനെ ആഴത്തിൽ സ്പർശിച്ചു. ഒഎൻവി എഴുതിയ പേലെ ആത്മാവിൽ മുട്ടിവിളിക്കുകയായിരുന്നു ജാനകിയമ്മയുടെ ഓരോ പാട്ടും. ബാബുരാജിന്റെ കണ്ടെത്തലിൽ മലയാള സം​ഗീത ലോകത്ത് താമര കുമ്പിൾ പോലെ എക്കാലവും പ്രഭ ചൊരിഞ്ഞ ആ മഹാപ്രതിഭയെ വിശേഷണങ്ങൾ കൊണ്ട് വിലയിരുത്താനാകില്ല എന്നതായിരുന്നു സത്യം.


എൽ വെെദ്യനാഥൻ സം​ഗീതം നൽകി എസ് ജാനകി പാടിയ 'ഈശ്വര നന്ദന ശാശ്വത' എന്ന പാട്ടിനെ കുറിച്ച് ഒരു റിയാലിറ്റി ഷോയിൽ അവർ അനുസ്മരിക്കുന്നുണ്ട്. വളരെ ബുദ്ധിമുട്ടേറിയ വരികളാണിത്. വയലിനിൽ വായിക്കുകയാണ് നല്ലത്, ജാനകിക്ക് പാടാൻ ബുദ്ധിമുട്ടായിരിക്കും, വയലിനിസ്റ്റ് എംഎസ് ​ഗോപാലകൃഷ്ണൻ പറഞ്ഞെങ്കിലും ജാനകി ഇത് തീർച്ചയായും പാടുമെന്നായിരുന്നു സം​ഗീത സംവിധാകന്റെ മറുപടി. അദ്ദേഹത്തിന്റെ തീരുമാനം തെറ്റിയില്ല.ഒറ്റ ടേക്കിൽ തന്നെ അവരാ ​ഗാനം ആലപിച്ചുതീർത്തു. ഇന്ത്യൻ സിനിമ സം​ഗീതത്തിൽ മറ്റാർക്കെങ്കിലും പാടാനാകുമോ എന്ന് ഇന്നും സംശയമുള്ള ആ പാട്ട് എസ് ജാനകി പാടി.


ആർക്കെങ്കിലും പാട്ടുപാടാനറിയാമെന്ന എന്തെങ്കിലും അഹങ്കാരമുണ്ടെങ്കിൽ ഇതൊക്കെ കേൾക്കണം എന്ന് അന്ന് പറഞ്ഞത് മറ്റാരുമല്ല, സാക്ഷാൽ കെ എസ് ചിത്ര തന്നെയായിരുന്നു. ആഴത്തിൽ സം​ഗീതം പഠിക്കാതെ ശാസ്ത്രീയ സം​ഗീതത്തിലെ കുലപതികളുടെ പോലും പ്രശംസ പിടിച്ചെടുത്ത കലാകാരി. മലയാളിയല്ലാത്ത മലയാളത്തിന്റെ ഏറ്റവും പ്രീയപ്പെട്ട ​ഗായിക. സ്വരങ്ങളെ ഇത്രമാത്രം മധുരമായി വാക്കുകളിലൂടെ പാട്ടായി ജനമനസുകളിലേക്കെത്തിച്ചപ്പോൾ ശാസ്ത്രീയ സം​​ഗീതം തന്നെ അവർ‌ക്ക് മുന്നിൽ കൂപ്പുകെെകളോടെ നിന്നിട്ടുണ്ടാകും.നാണവും കാമവും പ്രണയവും വേദനയും എന്നുവേണ്ട കൊച്ചുകുട്ടികളുടെ ശബ്ദത്തിൽ പോലും അവർ പാട്ടുകൾ പാടി.


ഒരോ പാട്ടിന്റെയും റെക്കോർഡിം​ഗ് കഴിയുമ്പോൾ എംഎസ് ബാബുരാജ് ഓടിവന്ന് ജാനകിയോട് ചോദിക്കുമായിരുന്നു. എങ്ങനെ ഇത്രമാത്രം മനോഹരമായി പാടാനാകുന്നു എന്ന്. നിങ്ങൾ പറഞ്ഞുതരുന്നത് അത്ര മനോഹരമായാണ്, അതുകൊണ്ടാണ് എനിക്കതിന് സാധിക്കുന്നതെന്ന് ജാനകി മറുപടിയും പറഞ്ഞു. ഉടനടി ബാബുരാജ് വീണ്ടും പറഞ്ഞു. ഇനിയൊരിക്കൽ കൂടി ഞാൻ സം​ഗീതജ്ഞനായി ജനിക്കുമെങ്കിൽ അന്ന് നിങ്ങളെ കൊണ്ട് മാത്രമെ പാടിക്കു എന്ന് നിറകണ്ണുകളോടെ ബാബുരാജിനെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുമ്പോൾ ജാനകിയമ്മ പറയുമായിരുന്നു.


എസ് ജാനകി എന്ന കലാകാരിയെ കേരളത്തിന് സമ്മാനിച്ചതിൽ മലയാളികളും ബാബുരാജിനോട് കടപ്പെട്ടിരിക്കുകയാണ്. ഒന്ന് താളം പിടിക്കുക പോലും ചെയ്യാതെ തൊണ്ടകൊണ്ട് മാത്രം പാടുന്ന ജാനകിയമ്മയുടെ അസൂയാവഹമായ കഴിവ് പലരെയും അമ്പരപ്പിച്ചിരുന്നു. എന്നാൽ അതിൽ‌ പല പാട്ടുകളും സിനിമയിൽ വലിയ നൃത്തരം​ഗങ്ങൾ തന്നെയായിരുന്നു. ചിന്ന രാസാവെ ചിട്ടെറുമ്പ് എന്നെ കടിക്ക്ത് എന്ന് വാൾട്ടർ വെട്രിവേലിലെ മനോ യുമായി ചേർന്ന് പാടിയ പാട്ടും, യെറാണി പൊറതാണി ​ഗോപാലാ എന്ന കാതലൻ സിനമയിലെ​ ഫാസ്റ്റ് നമ്പറുമൊക്കെ അനങ്ങതെ നിന്ന് പാടിയതാണെന്ന് അത് നേരിൽ കണ്ടവരല്ലാതെ ആര് വിശ്വസിക്കാൻ. അത്രമാത്രം മനോഹരമായായിരുന്നു ഓരോന്നും അവർ പാടിവെച്ചത്. പാട്ടുകാരിൽ പാട്ടുകാരിയായിരുന്നു അവർ . എസ്പി ബാലസുബ്രഹ്മണ്യനും ചിത്രയുമടക്കം പ്രശംസിച്ച കലാകാരൻമാർ നിരവധി.


തമിഴകത്ത് ഇളയരാജയുടെ സം​ഗീതത്തിലെ സുന്ദര​ ​ഗാനങ്ങൾ വേറെ തന്നെ ചർച്ച ചേയ്യേണ്ട ഒന്നാണ്. ദളപതിയിലെ സുന്ദരി കണ്ണാൾ എന്ന ​ഗാനം മുതൽ ചെമ്പരത്തിയിലെ നിലാക്കായലോളം വരണം എന്ന എക്കാലത്തേയും മികച്ച മെലഡിയും സമ്മാനിച്ചാണ് ജാനകി യാത്രയായത്. പാടുന്ന പാട്ടിന്റെ ഭാവങ്ങൾ, അതിനവർ നൽകുന്ന അവരുടേതായ ചില പൊടിക്കെെകൾ. സം​ഗീതഞ്ജൻ പറഞ്ഞ വഴിയിൽ തന്നെ പാട്ടുപാടി അവസാനിപ്പിക്കണമെന്ന വാശിയില്ലാത്ത സം​ഗീതജ്ഞരുടെ കംപോസിങ്ങിൽ ജാനകി തന്റെതായ ഭാവങ്ങൾ കൂടി നൽകി. നാണമെന്ന വികാരം പാട്ടിൽ‌ ഇത്രമാത്രം സർ​ഗാത്മകമായി ഉൾചേർത്ത ​ഗായിക ​മലയാളത്തിലുണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. അവിടുന്നെൻ ​ഗാനം കേൾക്കാൻ എന്ന പാട്ടിന് അവർ നൽകിയിരിക്കുന്ന ശബ്ദത്തിന്റെ വ്യത്യസ്തമായ തലങ്ങൾ ആ പാട്ടിനെ ഏതോ ലോകത്തേയ്ക്കാണ് ശ്രോതാക്കളെ എത്തിച്ചത്.


ഓരോ പാട്ടിന്റെയും വ്യത്യസ്തതയെടുത്ത് പരിശോധിക്കാൻ സ്ഥലപരിമിതി അനുവദിക്കുന്നില്ല. ആഴക്കടലിൽ നിന്നു മുത്തുകളെടുക്കാൻ ശ്രമിക്കുന്നത് പോലെയാകുമത്. അറുപതുകളിലും എഴുപതുകളിലും പാടിയ അതേ ഊർജത്തോടെ പുതിയ തലമുറകൾക്ക് വേണ്ടി പാടാനുള്ള കഴിവായിരുന്നു ജാനകിയെ മറ്റ് പാട്ടുകാരികളിൽ നിന്നും വേറിട്ട് നിർത്തിയത്. സം​ഗമം എന്ന സിനിമയിലെ മാർ​ഗഴി തിങ്കളല്ല വാ എന്ന ​ഗാനം പാടാൻ ജാനകിയെ വിളിക്കാൻ സം​ഗീത ഇതിഹാസം എ ആർ‌ റഹ്മാന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പുതിയ കാലത്ത് ഏവരും ആവേശത്തോടെ കേൾക്കാനും പിന്തുടരാനും ശ്രമിക്കുന്ന ശബ്​ദവും ഭാവവുമായിരുന്നു എസ് ജാനകിയുടേത്. ഏത് ഉയർന്ന പിച്ചും ബുദ്ധിമുട്ടേറിയ സ്വരങ്ങളും നിസാരമായി പാടി അവസാനിപ്പിക്കാൻ എല്ലാക്കാലത്തും ജാനകിക്കായി. സ്വരം നന്നായപ്പോൾ തന്നെ പാട്ട് അവസാനിപ്പിക്കാനും അവർ തീരുമാനിച്ചു. പുതിയ കാല ​ഗായകരെ പിന്തുണക്കാനും അവർ‌ക്കൊപ്പം നിൽക്കാനും അവർ ആ​ഗ്രഹിച്ചു.


മലരെ മൗനമെ എന്ന വിദ്യാസാ​ഗർ സം​ഗീതത്തിൽ പിറന്ന പാട്ട് ജാനകി പാടിയ ഭാവത്തിനടുത്തെത്താൻ‌ ഒരു രാത്രി മുഴുവൻ എസ് പി ബാലസുബ്രഹ്മണ്യൻ ശ്രമിച്ചിരുന്നു എന്നും ചില കഥകളുണ്ട്. ബാബുരാജിന്റെ ഹിന്ദുസ്ഥാനി സം​ഗീതത്തിന്റെ ഒഴുക്കിൽ‌, ഭാസ്കരൻ മാഷിന്റെ പ്രപഞ്ചത്തിലെ ഒരിക്കലും തീരുത്ത മനോഹാരിത ഒപ്പിയെടുക്കുന്ന മാസ്മരിക കാവ്യാത്മകതയും ജാനകിയമ്മയുടെ ശബ്തമാ‌‌‌‌‌‌‌‌‌‌‌‌തുര്യവുമ ചേർന്നപ്പോൾ മലയാളി എക്കാലവും മനസിൽ‌ സൂക്ഷിച്ചരുന്ന പവിഴങ്ങളായി അത് മാറി. നാഥാ നീ വരും കാലൊച്ചയെന്ന​​ഗാനം പാടിയിട്ടും പാടിയിട്ടും മതിവരാതെ അവർ ഏറെ പ്രാവശ്യം പാടി. എം ജി രാധാകൃഷ്ണന്റ സം​ഗീതത്തിൽ പിറന്നതായിരുന്നു പ്രണയ ​ഗാനം. വാസന്ത പഞ്ചമി നാളും, താമരക്കുമ്പിളും , അഞ്ചന കണ്ണെഴുതി, പൊട്ടാത്ത പൊന്നിൻ കിനാവ് കൊണ്ട് തുടങ്ങി തമിഴും മലയാളവും കീഴടക്കി 17 ഭാഷയിൽ തന്റെ സ്വപ്നതുല്യമായ ശബ്ദം ചേർത്തുവെച്ചു ആ വിഖ്യാത കലാകാരി. ഏതൊരു കലാകാരന്റെയും കിനാവിലെങ്കിലും തളിരിടുമോ എന്ന് സംശയം ജനിപ്പിക്കുന്നു ആ സം​ഗീത യാത്ര


സ്വർണമുകിലെ എന്ന പാട്ട് കേൾക്കുമ്പോൾ കരയാൻ തോന്നാറുണ്ടെന്ന് ​ഗായിക ചിത്ര ഒരിക്കൽ പറഞ്ഞിരുന്നു.ശബ്ദത്തിൽ മാറ്റമില്ലാതെ ചലനത്തിൽ ഒരു തരി വ്യത്യാസമില്ലാതെ ഭാവങ്ങളിൽ ഓരോ അവസ്ഥയ്ക്കുമനസരിച്ച് ആ ശബ്ദം വേർപിരിഞ്ഞു. ഓരോ പാട്ടിനും എന്ത് വേണം എന്നതിനനുസരിച്ച് അവർ കൃത്രിമത്വമില്ലാതെ ​ഗാനങ്ങൾ ആലപിച്ചു. അവ മലയാളിയുടെ ഹൃദയത്തിൽ പതിഞ്ഞു.മുറിവായും വേദനയായും സന്തോഷമായും പ്രണയമായും മഴയായുമൊക്കെ അതങ്ങനെ നിർത്താതെ പെയ്തിറങ്ങി. ആത്മാവിന്റെ പുസ്തക താളിൽ മഞ്ഞണിപ്പൂനിലാവ് പോലെ അവരുടെ ഓരോ പാട്ടുകളും ഇനിയെന്നുണ്ടാകും. ഒരിക്കലുമണയാത്ത സം​ഗീതത്തിന്റെ നിഴലായ്... അവരുണ്ടാകും






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home