ad
Deshabhimani

രാജ്യത്തിനായി മൂന്ന് യുദ്ധങ്ങളിൽ പോരാടിയ 92-കാരന്‍ 'നാലാം പോരാട്ടത്തിൽ'; ഇത്തവണ സ്വന്തം ഭൂമിക്കായി

chunni lal land
വെബ് ഡെസ്ക്

Published on Jul 12, 2026, 05:13 PM | 2 min read

ജയ്‌സാൽമർ: രാജ്യത്തിനായി മൂന്ന് യുദ്ധങ്ങളിൽ പോരാടിയ സൈനികൻ സ്വന്തം ഭൂമി തിരിച്ചുപിടിക്കാൻ 92-ാം വയസ്സിൽ നീതിക്കായി അലയുന്നു. 1962ലെ ഇന്ത്യ–ചൈന യുദ്ധത്തിലും 1965ലെയും 1971ലെയും ഇന്ത്യ–പാകിസ്ഥാൻ യുദ്ധങ്ങളിലും പങ്കെടുത്ത വിരമിച്ച ക്യാപ്റ്റൻ ചുന്നിലാലാണ് വ്യാജരേഖ ഉപയോഗിച്ച് ഭൂമി തട്ടിയെടുത്തെന്ന പരാതിയുമായി രംഗത്തെത്തിയത്. ജീവിതത്തിലെ ‘നാലാം യുദ്ധം’ എന്നാണ് കുടുംബം നിയമപോരാട്ടത്തെ വിശേഷിപ്പിക്കുന്നത്.


ഹിമാചൽപ്രദേശ് സ്വദേശിയായ ചുന്നിലാലിന്റെ കുടുംബത്തിന് പോങ് അണക്കെട്ട് പദ്ധതിയുടെ ഭാഗമായി പുനരധിവാസ പദ്ധതിയിൽ രാജസ്ഥാനിലെ ജയ്‌സാൽമർ ജില്ലയിലെ മോഹൻഗഢിൽ കൃഷിഭൂമി അനുവദിച്ചിരുന്നു. ഈ ഭൂമി തന്റെ അറിവോ സമ്മതമോ ഇല്ലാതെ ആദ്യം പണയപ്പെടുത്തുകയും പിന്നീട് 25 ലക്ഷം രൂപയ്ക്ക് വിൽക്കുകയും ചെയ്തെന്നാണ് ചുന്നിലാലിന്റെ പരാതി.


ഭൂമാഫിയ വ്യാജരേഖകൾ തയ്യാറാക്കുകയും ചുന്നിലാലായി മറ്റൊരാളെ ഹാജരാക്കുകയും ചെയ്താണ് വിൽപ്പന നടത്തിയതെന്ന് കുടുംബം ആരോപിച്ചു. യഥാർഥ ഭൂമിയനുവദിക്കൽ രേഖകൾ കൈവശമുണ്ടായിട്ടും ആഴ്ചകളായി പൊലീസ് സ്റ്റേഷനുകളും സർക്കാർ ഓഫീസുകളും കയറിയിറങ്ങേണ്ടിവരികയാണെന്നും കുടുംബം പറഞ്ഞു.


പോങ് അണക്കെട്ടിനായി ഹിമാചൽപ്രദേശിലെ ഫലഭൂയിഷ്ഠമായ പൂർവിക സ്വത്ത് കുടുംബം വിട്ടുനൽകിയിരുന്നു. പകരമായാണ് ഇന്ദിരാഗാന്ധി കനാൽ പുനരധിവാസ പദ്ധതിയിലൂടെ രാജസ്ഥാനിൽ ഭൂമി ലഭിച്ചത്. മണൽക്കൂനകൾ നിറഞ്ഞിരുന്ന പ്രദേശം വർഷങ്ങളുടെ അധ്വാനത്തിലൂടെയാണ് കുടുംബം കൃഷിയോഗ്യമാക്കിയതെന്ന് ചുന്നിലാൽ പറഞ്ഞു.


ജൂൺ 16നാണ് വ്യാജ വിൽപ്പനരേഖ രജിസ്റ്റർ ചെയ്തതെന്നും ജൂൺ 22ന് ഭൂമിയുടെ ഉടമസ്ഥാവകാശ രേഖ മാറ്റിയതെന്നും മകൻ മുൾത്താൻ സിങ് ഠാക്കൂർ ആരോപിച്ചു. 92 വയസ്സുള്ള പിതാവിന് പകരം 75 വയസ്സുള്ള ഒരാളെയാണ് ഉപ രജിസ്ട്രാർക്കു മുന്നിൽ ഹാജരാക്കിയതെന്നും കുടുംബം പറഞ്ഞു.


വിവരം അറിഞ്ഞതോടെ കുടുംബം ആദ്യം മോഹൻഗഢ് പൊലീസ് സ്റ്റേഷനെ സമീപിച്ചു. എന്നാൽ അധികാരപരിധിയുടെ പേരിൽ മറ്റൊരു പൊലീസ് സ്റ്റേഷനിലേക്കും പിന്നീട് രജിസ്ട്രേഷൻ നടന്ന കോട്ട്വാലി പൊലീസ് സ്റ്റേഷനിലേക്കും അയച്ചു. റവന്യൂ ഉദ്യോഗസ്ഥരെ സമീപിച്ചപ്പോൾ ഉടമസ്ഥാവകാശ മാറ്റം റദ്ദാക്കാൻ കോടതിയെ സമീപിക്കണമെന്ന മറുപടിയാണ് ലഭിച്ചതെന്നും കുടുംബം ആരോപിച്ചു.


ഹൃദ്രോഗിയായ ചുന്നിലാലിന്റെ ആരോഗ്യത്തെയും തുടർച്ചയായ ഓഫീസ് യാത്രകൾ ബാധിച്ചു. വിരലടയാളം നൽകുന്നതിനിടയിൽ ക്ഷീണിച്ച് ഉറങ്ങിപ്പോയതായും വാടക വാഹനത്തിൽ യാത്ര ചെയ്യാനും നിയമനടപടികൾക്കുമായി പണം കടംവാങ്ങേണ്ടിവന്നതായും കുടുംബം പറഞ്ഞു.


പ്രദേശത്ത് പുറത്തുനിന്നെത്തിയ പുനരധിവാസ കുടുംബങ്ങളെയും മുൻ സൈനികരെയും ലക്ഷ്യമിട്ട് സംഘടിത ഭൂമിതട്ടിപ്പ് നടക്കുന്നതായും ചുന്നിലാൽ ആരോപിച്ചു. ഭൂമിയുടമകൾ ദൂരെയാണെന്നതും പ്രാദേശിക ഭരണസംവിധാനങ്ങളെക്കുറിച്ച് അറിവില്ലാത്തതും മുതലെടുത്താണ് വ്യാജരേഖകൾ തയ്യാറാക്കി ഭൂമി കൈവശപ്പെടുത്തുന്നതെന്ന് മുൻ സൈനികനായ ലാലാറാം ചൗധരിയും പറഞ്ഞു.


കുടുംബം ജയ്‌സാൽമർ പൊലീസ് മേധാവിയെ സമീപിച്ചതിന് പിന്നാലെയാണ് കോട്ട്വാലി പൊലീസ് കേസെടുത്തത്. ചുന്നിലാലായി ആൾമാറാട്ടം നടത്തി ഭൂമി രജിസ്റ്റർ ചെയ്തെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചതായി അഡീഷണൽ പൊലീസ് മേധാവി രേവത്ദാൻ അറിയിച്ചു. റവന്യൂ വകുപ്പിൽനിന്ന് ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാരെ കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home