കിടിലൻ ഫീച്ചറുകളുമായി സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 8 സ്മാർട്ട്‌ഫോൺ; വിലയും സവിശേഷതകളും അറിയാം

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 8 സ്മാർട്ട്‌ഫോൺ |Photo: gadgets360.com
ന്യൂഡൽഹി : സാംസങ്ങിന്റെ ഏറ്റവും പുതിയ ഫോൾഡബിൾ സ്മാർട്ട്‌ഫോണായ ഗാലക്സി ഇസഡ് ഫോൾഡ് 8 (Samsung Galaxy Z Fold 8) ഉടൻ ആഗോള വിപണിയിലും ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കും. ഈ മാസം ലണ്ടനിൽ നടക്കുന്ന ഗാലക്സി അൺപാക്ക്ഡ് ചടങ്ങിലായിരിക്കും ഫോൺ ഔദ്യോഗികമായി പുറത്തിറക്കുക. മുൻ മോഡലുകളെ അപേക്ഷിച്ച് കൂടുതൽ വീതിയുള്ളതും ഭാരം കുറഞ്ഞതുമായ ഡിസൈനിലാണ് പുതിയ ഫോൾഡ് 8 എത്തുന്നതെന്നാണ് സൂചനകൾ.
യൂറോപ്യൻ വിപണിയിലെ വിവരങ്ങൾ അനുസരിച്ച് ഗാലക്സി ഇസഡ് ഫോൾഡ് 8-ന്റെ പ്രാരംഭ വില (256GB വേരിയന്റ്) ഏകദേശം 1,999 യൂറോ (ഏകദേശം 2,17,000 രൂപ) ആയിരിക്കാനാണ് സാധ്യത. 512GB പതിപ്പിന് 2,199 യൂറോയും ഉയർന്ന വേരിയന്റായ 1TB പതിപ്പിന് 2,599 യൂറോയും വില പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗാലക്സി ഫോൾഡ് 7 ഇന്ത്യൻ വിപണിയിൽ 1,74,999 രൂപയ്ക്കാണ് ലഭ്യമായിരുന്നത്.
ഡിസൈനിലെയും ഡിസ്‌പ്ലേയിലെയും മാറ്റങ്ങൾ
മുൻ മോഡലായ ഫോൾഡ് 7-നേക്കാൾ 14 ഗ്രാം ഭാരം കുറവായിരിക്കും പുതിയ ഫോണിന് (ആകെ ഭാരം 201 ഗ്രാം). ക്രീം, ഗ്രാഫൈറ്റ്, ലാവെൻഡർ എന്നീ ആകർഷകമായ നിറങ്ങളിൽ ഫോൺ ലഭ്യമാകും. സാംസങ് ഓൺലൈൻ സ്റ്റോർ വഴി മാത്രമായി ഒരു പിസ്ത ഫിനിഷും കമ്പനി നൽകിയേക്കും. ഫോൺ തുറക്കുമ്പോൾ 7.6 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് (QHD+) മെയിൻ ഡിസ്‌പ്ലേയും പുറത്ത് 120Hz അഡാപ്റ്റീവ് റീഫ്രെഷ് റേറ്റുള്ള ഡൈനാമിക് എൽടിപിഒ അമോലെഡ് ഡിസ്‌പ്ലേയും ഉണ്ടായിരിക്കും.
പ്രൊസസറും മറ്റ് ഫീച്ചറുകളും
ക്വാൽകോമിന്റെ ഏറ്റവും കരുത്തുറ്റ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 9 ഒഎസിലായിരിക്കും പ്രവർത്തനം. ഒപ്പം വിപുലമായ ഗാലക്സി എഐ ഫീച്ചറുകളും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും. 12GB റാമുള്ള ഫോൺ 256GB, 512GB, 1TB സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാകും.
ക്യാമറയും ബാറ്ററി ബാക്കപ്പും
50 മെഗാപിക്സലിന്റെ മെയിൻ ക്യാമറയും 50 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറയും അടങ്ങുന്ന ഇരട്ട പിൻക്യാമറ സംവിധാനമാണ് ഫോണിലുള്ളത്. സെൽഫികൾക്കായി കവർ സ്‌ക്രീനിലും മെയിൻ സ്‌ക്രീനിലും 10 മെഗാപിക്സൽ ക്യാമറകൾ വീതമുണ്ട്. 45W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,800mAh ബാറ്ററിയാണ് ഇതിലുള്ളത്. മുൻ മോഡലിലെ 25W ചാർജിംഗിൽ നിന്നുള്ള വലിയൊരു മാറ്റമാണിത്. കൂടാതെ ഫാസ്റ്റ് വയർലെസ് ചാർജിങ് സൗകര്യവും ഇതിലുണ്ട്. ജൂലൈ 22ലെ ഔദ്യോഗിക ലോഞ്ചിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഫോൺ ഇന്ത്യയിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.










0 comments