ad
Deshabhimani

print edition ഒടുവിൽ ഇംഗ്ലണ്ട്; 15 വർഷത്തിനുശേഷം ഓസീസ്‌ മണ്ണിൽ ആദ്യജയം

ENGLANDCRICKET
വെബ് ഡെസ്ക്

Published on Dec 28, 2025, 03:04 AM | 2 min read

മെൽബൺ : അപമാനത്തിന്റെ പടുകുഴിയിൽനിന്ന്‌ ഒടുവിൽ ഇംഗ്ലണ്ടിന്‌ ഉയിർപ്പ്‌. ആഷസ്‌ ക്രിക്കറ്റ്‌ നാലാം ടെസ്‌റ്റിൽ ഓസ്‌ട്രേലിയക്കെതിരെ നാല്‌ വിക്കറ്റ്‌ജയം. പതിനഞ്ച്‌ വർഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ ഓസീസ്‌ മണ്ണിൽ ഒരു ജയം സ്വന്തമാക്കുന്നത്‌. 5468 ദിവസത്തിന്റെ കാത്തിരിപ്പ്‌. ജയമില്ലാത്ത 18 ടെസ്‌റ്റുകൾക്കുശേഷം മെൽബൺ ക്രിക്കറ്റ്‌ ഗ്ര‍ൗണ്ടിൽ ഇംഗ്ലീഷുകാരുടെ ക്രിസ്‌മസ്‌ ആഘോഷം. ജയിക്കാൻ 175 റൺ ലക്ഷ്യമിട്ട ഇംഗ്ലണ്ട്‌ രണ്ടാംദിനം ആറ്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ ജയം പൂർത്തിയാക്കി.


പെർത്തിൽ നടന്ന ആദ്യ ടെസ്‌റ്റിനും രണ്ട്‌ ദിവസത്തെ ആയുസ്സായിരുന്നു. അന്ന്‌ ഓസീസിനായിരുന്നു ജയം. 129 വർഷത്തിനിടെ ആദ്യമായാണ്‌ ഒരു പരന്പരയിലെ രണ്ട്‌ മത്സരങ്ങൾ രണ്ട്‌ ദിവസത്തിൽ തീരുന്നത്‌. ആദ്യദിനം 94,199 പേർ കളികാണാനെത്തിയെങ്കിൽ രണ്ടാംദിനം അത്‌ 92,045 ആയിരുന്നു. മൂന്നാംദിനത്തിലേക്ക്‌ 90,000 ടിക്കറ്റുകളായിരുന്നു ബുക്ക്‌ ചെയ്‌തിരുന്നത്‌. രണ്ടാം ഇന്നിങ്‌സിൽ ഓസീസ്‌ സ്‌കോർ 132ന്‌ അവസാനിച്ചിരുന്നു. രണ്ട്‌ ഇന്നിങ്‌സിലുമായി ഏഴ്‌ വിക്കറ്റെടുത്ത ഇംഗ്ലീഷ്‌ പേസർ ജോഷ്‌ ടങ്‌ ആണ്‌ മാൻ ഓ-ഫ്‌ ദി മാച്ച്‌. സ്‌കോർ: ഓസ്‌ട്രേലിയ 152, 132; ഇംഗ്ലണ്ട്‌ 110, 178/6.


പേസർമാരുടെ വിളനിലമായ മെൽബണിൽ 175 റൺ ലക്ഷ്യം ഇംഗ്ലണ്ടിന്‌ വെല്ലുവിളിയായിരുന്നു. പക്ഷേ, ആദ്യ ഇന്നിങ്‌സിലെ തെറ്റുതിരുത്തിയ ബാറ്റർമാർ ഓസീസ്‌ പേസ്‌ നിരയെ സമർഥമായി നേരിട്ടു. ഓപ്പണർമാരായ സാക്ക്‌ ക്രോളിയും (48 പന്തിൽ 37) ബെൻ ഡക്കെറ്റും (26 പന്തിൽ 34) വേഗത്തിൽ റണ്ണടിച്ചു. 46 പന്തിൽ 40 റണ്ണുമായി ജേക്കബ്‌ ബെതലും പൊരുതി. ജോ റൂട്ടും (15) ക്യാപ്‌റ്റൻ ബെൻ സ്‌റ്റോക്‌സും (2) വേഗത്തിൽ മടങ്ങിയെങ്കിലും ഇംഗ്ലീഷുകാർ പിടിച്ചുനിന്നു. ഹാരി ബ്ര‍ൂക്കും (18) ജാമി സ്‌മിത്തും (3) ചേർന്നാണ്‌ ജയമൊരുക്കിയത്‌.


ഓസീസിനായി മിച്ചെൽ സ്‌റ്റാർക്‌, ജൈ റിച്ചാർഡ്‌സൺ, സ്‌കോട്‌ ബോളണ്ട്‌ എന്നിവർ രണ്ട്‌ വീതം വിക്കറ്റ്‌ നേടി. രണ്ടാംദിനം 46 റണ്ണിന്റെ ഒന്നാം ഇന്നിങ്‌സ്‌ ലീഡുമായി ഇറങ്ങിയ ഓസീസിന്‌ പിടിച്ചുനിൽക്കാനായില്ല. 46 റണ്ണെടുത്ത ഓപ്പണർ ട്രാവിസ്‌ ഹെഡ്‌ പുറത്തായതോടെയാണ്‌ തകർച്ച തുടങ്ങിയത്‌. മൂന്നിന്‌ 82 എന്ന നിലയിൽനിന്ന്‌ ആറിന്‌ 88ലേക്ക്‌ തകരുകയായിരുന്നു. പകരക്കാരൻ ക്യാപ്‌റ്റൻ സ്‌റ്റീവൻ സ്‌മിത്ത്‌ 24 റണ്ണുമായി പുറത്താകാതെ നിന്നെങ്കിലും പിന്തുണയ്‌ക്കാൻ ആരുമുണ്ടായില്ല.


19 റണ്ണെടുത്ത കാമറൂൺ ഗ്രീൻ മാത്രമാണ്‌ അൽപ്പമെങ്കിലും ചെറുത്തുനിൽക്കാൻ ശ്രമിച്ചത്‌. ഉസ്-മാൻ ഖവാജ റണ്ണെടുക്കാതെ മടങ്ങിയപ്പോൾ അലെക്-സ് കാരി നാല് റണ്ണിന് പുറത്തായി. നാല്‌ വിക്കറ്റുമായി ബ്രൈഡൻ കാർസ്‌ ഇംഗ്ലീഷ്‌ പേസർമാരിൽ തിളങ്ങി. സ്‌റ്റോക്‌സ്‌ മൂന്നും ടങ്‌ രണ്ടും വിക്കറ്റെടുത്തു. രണ്ട്‌ ദിവസത്തിൽ 36 വിക്കറ്റാണ്‌ മെൽബണിൽ നിലംപതിച്ചത്‌. പരന്പരയിൽ ഓസീസ്‌ 3–1ന്‌ മുന്നിലാണ്‌. അവസാന ടെസ്‌റ്റ്‌ ജനുവരി നാലിന്‌ തുടങ്ങും. 2010–11 ആഷസിലാണ്‌ അവസാനമായി ഇംഗ്ലണ്ട്‌ ഓസീസ്‌ മണ്ണിൽ ജയം നേടിയത്‌. തുടർന്നുള്ള 18 ടെസ്‌റ്റുകളിൽ 16ലും തോറ്റു. രണ്ട്‌ സമനില.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home