ബംഗളൂരുവിന് വിജയത്തുടക്കം

ബംഗളൂരു : സ്വന്തം തട്ടകത്തിൽ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വിജയത്തുടക്കം. ഐപിഎൽ ക്രിക്കറ്റ് പുതിയ സീസണിലെ ആദ്യ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് കീഴടക്കി. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ദേവ്‌ദത്ത് പടിക്കലും(26 പന്തിൽ 61) വിരാട് കോഹ്‌ലിയും(38 പന്തിൽ 69*) അർധസെഞ്ചുറിയുമായി തിളങ്ങി. സ്‌കോർ: ഹൈദരാബാദ് 201/9, ബംഗളൂരു 203/4(15.4).
കൂറ്റൻ സ്‌കോർ അനായാസം പിന്തുടർന്ന ബംഗളൂരു 26 പന്ത് ശേഷിക്കെ വിജയം പിടിച്ചു. കോഹ്‌ലിയും പടിക്കലും ചേർന്ന് 101 റണ്ണിന്റെ കൂട്ടുകെട്ടൊരുക്കി. ഏഴ് ഫോറും നാല് സിക്‌സറും നിറഞ്ഞതായിരുന്നു മറുനാടൻ മലയാളിയായ പടിക്കലിന്റെ ഇന്നിങ്സ്. കോഹ്‌ലി അഞ്ച് വീതം ഫോറും സിക്‌സറുമടിച്ചാണ് പുറത്താകാതെനിന്നത്. 16 റണ്ണോടെ ടിം ഡേവിഡ് വിജയത്തിൽ കൂട്ടായി. ക്യാപ്‌റ്റൻ രജത് പടിദാർ 12 പന്തിൽ 31 റണ്ണടിച്ച് വിജയം വേഗത്തിലാക്കി.
ക്യാപ്‌റ്റൻ ഇഷാൻ കിഷന്റെ അർധസെഞ്ചുറിയാണ് ഹൈദരാബാദിന് മികച്ച സ്‌കോർ സമ്മാനിച്ചത്. എട്ട് ഫോറും അഞ്ച് സിക്‌സറുമടക്കം 38 പന്തിൽ 80 റണ്ണെടുത്ത് ട്വന്റി20 ലോകകപ്പിലെ ഫോം തുടർന്നു. 4.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 29 റണ്ണെന്ന നിലയിൽനിന്നാണ് പൊരുതിക്കയറിയത്. ഹെൻറിച്ച് ക്ലാസനൊത്ത് (22 പന്തിൽ 31) ഇഷാൻ സ്‌കോർ ഉയർത്തി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 97 റണ്ണടിച്ചു. ന്യൂസിലൻഡ് പേസ് ബൗളർ ജേക്കബ് ഡഫി കൂറ്റനടിക്കാരായ ട്രാവിസ് ഹെഡ്ഡിനെയും (11) അഭിഷേക് ശർമയെയും(7) നിതീഷ് കുമാർ റെഡ്ഡിയെയും(1) പുറത്താക്കിയശേഷമാണ് ഇഷാൻ–ക്ലാസെൻ സഖ്യത്തിന്റെ രക്ഷാപ്രവർത്തനം.
മൂന്ന് ക്യാച്ചെടുത്ത ഫിൽ സാൾട്ട് ഫീൽഡിൽ തിളങ്ങി. ഇഷാനെ ബൗണ്ടറി ലൈനിനരികെ ഒറ്റക്കൈയിൽ പറന്ന് പിടിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ ബംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ 11 ആരാധകർ തിക്കിലും തിരക്കിലുംപെട്ട് മരിച്ചിരുന്നു. അവരെ അനുസ്‌മരിച്ചായിരുന്നു തുടക്കം. സ്‌റ്റേഡിയത്തിലെ 11 സീറ്റുകൾ ഒഴിച്ചിട്ടായിരുന്നു അനുസ്‌മരണം.










0 comments