നഗരത്തിൽ പെൺകുട്ടികളെ ആക്രമിച്ച കേസ്
7 പ്രതികളെ പിടികൂടാതെ പൊലീസ്

കൊച്ചി
കൊച്ചി നഗരമധ്യത്തിൽ രണ്ട് വിദ്യാർഥിനികളെ അതിക്രൂരമായി വളഞ്ഞിട്ടാക്രമിച്ച സംഭവത്തിൽ മുഖ്യപ്രതി ഉൾപ്പെടെ ഏഴുപ്രതികളെ ഇനിയും പിടികൂടാനായില്ല. ഇവർ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. കഴിഞ്ഞദിവസം അറസ്‌റ്റിലായ മലപ്പുറം എടപ്പാൾ സ്വദേശി ആൽബിൻ സൈമൺ, മണ്ണാർക്കാട് സ്വദേശികളായ സാബിത്, അരുൺ എന്നിവരെ റിമാൻഡ് ചെയ്‌തു.
മുഖ്യപ്രതി അക്‌ബർ അലി സെക്‌സ് റാക്കറ്റിലെ കണ്ണിയാണെന്ന് വിവരം ലഭിച്ചു. ഇയാൾ നടത്തിയിരുന്ന ലോഡ്‌ജ് കേന്ദ്രീകരിച്ചായിരുന്നു അനാശാസ്യ പ്രവർത്തനങ്ങൾ. അക്‌ബർ അലിക്ക് പുറമേ മറ്റുപ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നും പൊലീസ് പറയുന്നു. പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവരാണിവർ. അക്രമിസംഘത്തിലുണ്ടായിരുന്ന രണ്ട് യുവതികൾ ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠിക്കാൻ കൊച്ചിയിലെത്തിയതാണ്. ഇവർ മലപ്പുറം സ്വദേശികളാണ്. സംഭവ ശേഷം അക്‌ബർ അലി പാലക്കാട് എത്തിയതായും ഇവിടെ നിന്നും ഒളിവിൽ പോയതായും വിവരം ലഭിച്ചു.
ചൊവ്വ പുലർച്ചെ 4.30ഓടെ കലൂർ ജങ്ഷനടുത്ത് ചക്കാലപ്പാടം റോഡിൽ രണ്ട് സ്‌ത്രീകൾ ഉൾപ്പെട്ട പത്തംഗസംഘമാണ് വിദ്യാർഥിനികളെ ആക്രമിച്ചത്. മൊഴിയെടുക്കാൻ എത്തിയ പൊലീസ് ആക്രമണത്തിനിരയായ പെൺകുട്ടികളെ അധിക്ഷേപിച്ചതായും പരാതിയുണ്ട്.
വിദ്യാർഥിനികൾ സമീപത്തെ കടയിൽനിന്ന് ചായകുടിക്കാൻ ചക്കാലപ്പാടം റോഡിലൂടെ പോകുന്പോഴാണ് ആക്രമണം.
പത്തംഗ അക്രമിസംഘത്തിലുണ്ടായിരുന്ന അക്‌ബർ അലി പെൺകുട്ടികളിൽ ഒരാൾക്കുനേരെ അശ്ലീല ആംഗ്യം കാണിച്ചു. ഇത് ചോദ്യംചെയ്‌തപ്പോഴായിരുന്നു ആക്രമണത്തിന്റെ തുടക്കം. ചോദ്യം ചെയ്‌ത വിദ്യാർഥിനിയെ കഴുത്തിന് കുത്തിപ്പിടിച്ച് നിലത്തേക്ക് തള്ളിയിട്ട് വലിച്ചിഴച്ചു. നെഞ്ചിലും വയറ്റിലും ചവിട്ടി. തുടർന്ന് അക്രമികൾ രക്ഷപ്പെടുകയായിരുന്നു.
നടുക്കം മാറാതെ വിദ്യാർഥിനി
കൊച്ചി
നഗരമധ്യത്തിൽ അതിക്രൂരമായ ആക്രമണത്തിന് ഇരയായ വിദ്യാർഥിനി വീണ്ടും ചികിത്സ തേടി. ശരീരമാസകലം ഇവർക്ക് വേദനയുണ്ട്. ശ്വാസമെടുക്കുന്പോഴും പ്രയാസമുണ്ട്. പനിയുമുണ്ടായി. മാനസികാഘാതത്തിൽനിന്നും ഇതുവരെ മോചിതയായിട്ടില്ല.
മൊഴിയെടുക്കാൻ എത്തിയ പൊലീസ് ‘എന്തിനാണ് പുലർച്ചെ റോഡിൽ ഇറങ്ങിയതെന്നും ഇതാണോ വസ്‌ത്രമെന്നും’ ചോദിച്ചിരുന്നു. ഇതും വിദ്യാർഥിനിക്ക് മാനസികവിഷമത്തിന് ഇടയാക്കി. പൊലീസിന്റെ ഇൗ പെരുമാറ്റത്തിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി ഉൾപ്പെടെയുള്ളവർക്കും പരാതി നൽകാനുള്ള ഒരുക്കത്തിലാണ്.
മുഖ്യപ്രതി സെക്‌സ് റാക്കറ്റ് കണ്ണി; നടത്തിയിരുന്നത് അനാശാസ്യ കേന്ദ്രം
കൊച്ചി
മുഖ്യപ്രതി അക്ബർ അലിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പെൺകുട്ടികളെ ആക്രമിച്ച സംഘത്തിലുള്ള എല്ലാവരും ഇയാളുടെ പരിചയക്കാരാണ്. ജോലിതേടിയാണ് അക്‌ബർ അലി കൊച്ചിയിൽ എത്തിയത്. കലൂരിലെ ലോഡ്ജിൽ ആദ്യം കെയർടേക്കറായിരുന്നു. പിന്നീട് ലോഡ്‌ജിന്റെ രണ്ടാംനില വാടകയ്ക്കെടുത്ത് അനാശാസ്യകേന്ദ്രം നടത്തി. കലൂർ ലിബർട്ടി ലെയ്‌നിൽ ഇയാൾ നടത്തിയിരുന്ന ഹൈലാൻഡ് ലോഡ്ജ് പൊലീസ് പരിശോധിച്ചു. 2025ൽ അനാശാസ്യവുമായി ബന്ധപ്പെട്ട് കടവന്ത്ര പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണം: ജനാധിപത്യ മഹിളാ അസോസിയേഷൻ
കൊച്ചി
നഗരമധ്യത്തിൽ കഴിഞ്ഞദിവസം വിദ്യാർഥിനികൾക്കുനേരെയുണ്ടായ ആക്രമണത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സിസിടിവി ദൃശ്യങ്ങളിലൂടെ കൂടുതൽ പ്രതികളുണ്ടെന്ന് വ്യക്തമായിട്ടും മൂന്നു പ്രതികളെ മാത്രമേ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളൂ. നഗരത്തിൽ ജോലിക്കും പഠനാവശ്യത്തിനും എത്തിച്ചേരുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും സുരക്ഷ ഒരുക്കാൻ സർക്കാർ തയ്യാറാകണമെന്നും അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
ആക്രമണത്തിനിരയായ പെൺകുട്ടികളെ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി വി അനിത, ജില്ലാ പ്രസിഡന്റ് ബീന ബാബുരാജ്, ജില്ലാ സെക്രട്ടറി എം ബി ഷൈനി എന്നിവർ ആശുപത്രിയിൽ സന്ദർശിച്ചു. പെൺകുട്ടികൾക്ക് ആവശ്യമായ നിയമസഹായം നൽകുമെന്നും നേതാക്കൾ പറഞ്ഞു.










0 comments