ad
Deshabhimani

print edition റോയൽ ബംഗളൂരു; പഞ്ചാബ്‌ കിങ്സിനെ 
23 റണ്ണിന്‌ തോൽപ്പിച്ചു

Royal Challengers Bengaluru playoff

റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരു താരങ്ങളുടെ ആഘോഷം | PHOTO CREDIT: BCCI

വെബ് ഡെസ്ക്

Published on May 18, 2026, 12:35 AM | 2 min read

ധർമശാല: തകർപ്പൻ ജയത്തോടെ ചാമ്പ്യൻമാർ മുന്നേറി. റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരു ഐപിഎൽ ക്രിക്കറ്റിൽ പ്ലേഓഫിലെത്തുന്ന ആദ്യ ടീമായി. പഞ്ചാബ്‌ കിങ്സിനെ 23 റണ്ണിന്‌ കീഴടക്കി. 40 പന്തിൽ എട്ട്‌ ഫോറും നാല്‌ സിക്‌സറുമടക്കം 73 റണ്ണുമായി പുറത്താകാതെനിന്ന ബംഗളൂരു ബാറ്റർ വെങ്കിടേഷ്‌ അയ്യരാണ്‌ ‘മാൻ ഓഫ്‌ ദി മാച്ച്‌’. പഞ്ചാബിന്റെ തുടർച്ചയായ ആറാം തോൽവിയാണ്‌. സ്‌കോർ: ബംഗളൂരു 222/4, പഞ്ചാബ്‌ 199/8.


പേസ്‌ ബ‍ൗളറായ റാസിഖ്‌ സലാം ദർ എറിഞ്ഞ അവസാന ഓവറിൽ നാല്‌ വിക്കറ്റ്‌ ശേഷിക്കെ പഞ്ചാബിന്‌ ജയിക്കാൻ 33 റൺ വേണ്ടിയിരുന്നു. തകർത്തുകളിച്ച ശശാങ്ക്‌ സിങ്ങിനെയും (56) അസ്‌മത്തുള്ള ഒമർസായിയെയും പുറത്താക്കി റാസിഖ്‌ കളി പിടിച്ചു. പഞ്ചാബിന്‌ നേടാനായത്‌ ഒമ്പത്‌ റൺ. വലിയ ലക്ഷ്യം പിന്തുടർന്ന്‌ നാലാം ഓവറിൽ 19/3 എന്ന സ്‌കോറിലേക്ക്‌ വീണ പഞ്ചാബിനെ ശശാങ്ക്‌ ഉയർത്താൻ ശ്രമിച്ചു. കൂപ്പർ കൊണോലി (37), സൂര്യാൻഷ്‌ ഷെഡ്‌ഗെ(35), മാർകസ്‌ സ്‌റ്റോയിനിസ്‌(37) എന്നിവർ പിന്തുണച്ചപ്പോൾ പഞ്ചാബ്‌ പ്രതീക്ഷയിലായി. എന്നാൽ കളി ജയിക്കാനുള്ള മിടുക്ക്‌ അവരുടെ ബാറ്റിൽ ഇല്ലായിരുന്നു.


ഓപ്പണർമാരായ പ്രിയാൻഷ്‌ ആര്യയെയും (0) പ്രഭ്‌സിമ്രാൻ സിങ്ങിനെയും (2) വീഴ്‌ത്തി പേസർ ഭുവനേശ്വർ കുമാറാണ്‌ പഞ്ചാബിനെ പ്രതിസന്ധിയിലാക്കിയത്‌. ക്യാപ്‌റ്റൻ ശ്രേയസ്‌ അയ്യരെ ഒരു റണ്ണിന്‌ പുറത്താക്കി റാസിഖ്‌ കടുപ്പിച്ചു. തുടർന്നാണ്‌ പഞ്ചാബിനെ കരകയറ്റാനുള്ള ശ്രമമുണ്ടായത്‌. എന്നാൽ ബംഗളൂരു പേസർമാർ പിടിമുറുക്കിയതോടെ പരാജയം സമ്മതിച്ചു.

ടോസ്‌ നഷ്‌ടപ്പെട്ട്‌ ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരുവിനായി വിരാട്‌ കോഹ്‌ലി ഒരിക്കൽകൂടി ഓപ്പണർ റോളിൽ തിളങ്ങി. 37 പന്തിൽ 58 റണ്ണെടുത്തപ്പോൾ അതിൽ നാല്‌ ഫോറും മൂന്ന്‌ സിക്‌സറും ഉൾപ്പെട്ടു. സഹഓപ്പണർ ജേക്കബ്‌ ബെതലിന്‌(11) തിളങ്ങാനായില്ല.


കോഹ്‌ലിക്കൊപ്പം ചേർന്ന ദേവ്‌ദത്ത്‌ പടിക്കൽ സ്‌കോർ ഉയർത്തി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന്‌ 76 റൺ പടുത്തുയർത്തി. 25 പന്തിൽ 45 റണ്ണെടുത്ത പടിക്കൽ നാല്‌ ഫോറും മൂന്ന്‌ സിക്‌സറുമടിച്ചു. വെങ്കിടേഷ്‌ അയ്യർ കോഹ്‌ലിക്കൊപ്പം 60 റണ്ണിന്റെയും ടിം ഡേവിഡിനൊപ്പം 65 റണ്ണിന്റെയും നിർണായക കൂട്ടുകെട്ടുണ്ടാക്കി. ടിം ഡേവിഡ്‌ 12 പന്തിൽ 28 റണ്ണെടുത്തു.


ബംഗളൂരു 18 പോയിന്റോടെ പ്ലേഓഫായ ആദ്യ നാലിൽ ഇടംപിടിച്ചു. 13 കളിയിൽ ഒമ്പത്‌ ജയവും നാല്‌ തോൽവിയും. 22ന്‌ സൺറൈസേഴ്‌സ്‌ ഹൈദരാബാദുമായുളള കളി ബാക്കിയുണ്ട്‌. പഞ്ചാബിന്‌ ആദ്യ ഏഴ്‌ കളിയിൽ നേടിയ 13 പോയിന്റിൽനിന്ന്‌ ഒരടി പോലും മുന്നേറാനായില്ല. 23ന്‌ അവസാനസ്ഥാനക്കാരായ ലഖ്‌ന‍ൗ സൂപ്പർ ജയന്റ്‌സിനെയാണ്‌ നേരിടാനുള്ളത്‌. ഇ‍ൗ കളി ജയിച്ചാലും പ്ലേഓഫ്‌ സാധ്യത മറ്റ്‌ മത്സരഫലത്തെ ആശ്രയിച്ചിരിക്കും. കഴിഞ്ഞ സീസൺ ഫൈനലിൽ പഞ്ചാബിനെ പരാജയപ്പെടുത്തിയാണ്‌ ബംഗളൂരു കന്നിക്കിരീടം നേടിയത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home