ad
Deshabhimani

ദീപ്‌തി 
തെളിഞ്ഞു ; ഇന്ത്യക്ക്‌ നാല്‌ വിക്കറ്റ്‌ ജയം

deepti sharma India England Odi
avatar
Sports Desk

Published on Jul 18, 2025, 12:03 AM | 2 min read


സതാംപ്‌ടൺ

ഓൾ റൗണ്ടർ ദീപ്‌തി ശർമയുടെ മികവിൽ ഇംഗ്ലണ്ടുമായുള്ള ആദ്യ ഏകദിന ക്രിക്കറ്റ്‌ മത്സരം ഇന്ത്യൻ വനിതകൾ സ്വന്തമാക്കി. നാല്‌ വിക്കറ്റിനായിരുന്നു ജയം. 259 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 48.2 ഓവറിൽ ആറ്‌ വിക്കറ്റ്‌ നഷ്ടത്തിൽ ജയം നേടി. ദീപ്‌തി 64 പന്തിൽ 62 റണ്ണുമായി പുറത്താകാതെനിന്നു. ഇംഗ്ലണ്ട്‌ ആറ്‌ വിക്കറ്റിനാണ്‌ 258 എടുത്തത്‌.


ദീപ്‌തിയുടെ ബാറ്റിങ്‌ രീതി ഏകദിന ശൈലിക്ക്‌ യോജിച്ചതല്ല എന്ന

വിമർശങ്ങൾക്കിടെയാണ്‌ ഇരുപത്തേഴുകാരി തകർപ്പൻ കളിയിലൂടെ മറുപടി നൽകിയത്‌. വനിതാ ഏകദിനത്തിൽ മൂന്നുതവണ അഞ്ച്‌ വിക്കറ്റ്‌ നേടിയ ഏക ഇന്ത്യക്കാരിയാണ്‌ ദീപ്‌തി. എന്നാൽ, ബാറ്റിൽ ആ മികവുണ്ടായിരുന്നില്ല. 92 ഇന്നിങ്‌സുകളിൽ 67.91 മാത്രമാണ്‌ ബാറ്റിങ്‌ പ്രഹരശേഷി. ഒരുപതിറ്റാണ്ടോളം കളിച്ചിട്ടും വേഗത്തിൽ ബാറ്റ്‌ ചെയ്യാൻ ഇടംകൈയൻ ബാറ്റർക്കായിട്ടില്ല. 2022മുതൽ അൽപ്പം മെച്ചപ്പെട്ട്‌ 77.74ൽ എത്തിയിരുന്നു. എങ്കിലും ഈ കാലയളവിൽ 500 റണ്ണെങ്കിലും നേടിയ ബാറ്റർമാരുടെ പ്രഹരശേഷിയിൽ പിന്നിലാണ്‌ ഇന്ത്യൻ താരം. ആകെ 57 പേരിൽ 35–-ാംസ്ഥാനം.


ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ മറ്റൊരു മുഖമാണ്‌ കണ്ടത്‌. ആറാം നമ്പറിൽ ഇറങ്ങുമ്പോൾ പലരും നെറ്റിചുളിച്ചു. ക്രീസിലെത്തുമ്പോൾ 28 ഓവറിൽ നാലിന്‌ 124 റണ്ണെന്ന നിലയിലായിരുന്നു ഇന്ത്യ. പ്രതിക റാവൽ (36), സ്‌മൃതി മന്ദാന (28), ഹർലീൻ ഡിയോൾ (27), ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ കൗർ (17) എന്നിവരുടെ വിക്കറ്റുകൾ നഷ്ടം. ആറ്‌ വിക്കറ്റ്‌ ശേഷിക്കെ 135 റൺകൂടി വേണമായിരുന്നു.


ഈ ഘട്ടത്തിൽ ജമീമ റോഡ്രിഗസുമായി ചേർന്ന്‌ ദീപ്‌തി ഇന്ത്യൻ ഇന്നിങ്‌സിന്‌ വേഗം നൽകി. 86 പന്തിൽ 90 റണ്ണാണ്‌ അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്‌. ഇതിൽ 49 പന്തിൽ 47 റൺ ദീപ്‌തിയുടെ സമ്പാദ്യമായിരുന്നു. 32 പന്തുവരെ രണ്ട്‌ ഫോറുകൾ മാത്രമായിരുന്നു ഇന്നിങ്‌സിൽ. പിന്നാലെ ലൊറെൻ ബെല്ലിനെ സിക്‌സർ പറത്തി. 54 പന്തിൽ 48 റണ്ണെടുത്ത്‌ ജമീമയും പത്ത്‌ റണ്ണുമായി റിച്ചാ ഘോഷും പുറത്തായപ്പോഴും പ്രതീക്ഷ കൈവിട്ടില്ല. ഒടുവിൽ അമൻജോത്‌ കൗറുമായി (14 പന്തിൽ 20) ചേർന്ന്‌ ജയത്തിലെത്തിക്കുകയായിരുന്നു.

ഇംഗ്ലണ്ടിനെതിരെ തുടർച്ചയായ നാലാം ഏകദിന ജയമാണ്‌ ഇന്ത്യക്ക്‌. 2022ൽ പരമ്പര 3–-0ന്‌ സ്വന്തമാക്കിയിരുന്നു.


മൂന്ന്‌ മത്സര പരമ്പരയിലെ രണ്ടാമത്തെ കളി നാളെ നടക്കും. ട്വന്റി20 പരമ്പര 3–-2നാണ്‌ ഹർമൻപ്രീതും കൂട്ടരും നേടിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home