Deshabhimani

ഓസ്ട്രേലിയൻ പന്തുചുരണ്ടൽ വിവാദം; അന്വേഷണപരിധിയിൽ 2017-18 ആഷസ് പരമ്പരയും

Smith

സ്റ്റീവ് സ്മിത്ത് | Photo: Gettyimages

വെബ് ഡെസ്ക്

Published on Nov 27, 2026, 10:44 AM | 2 min read

സിഡ്നി : 2018ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ പുറത്തുവന്ന പന്ത് ചുരണ്ടൽ വിവാദത്തിൽ (സാൻഡ്‌പേപ്പർഗേറ്റ്) സ്വതന്ത്ര അന്വേഷണത്തിന്റെ പരിധി വിപുലീകരിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. വിവാദത്തിന് തൊട്ടുമുമ്പ് നടന്ന 2017-18ലെ ആഷസ് പരമ്പരയിലെ പന്തിന്റെ പരിചരണ രീതികളും അന്വേഷണവിധേയമാക്കും. അന്വേഷണ റിപ്പോർട്ടും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തുടർനടപടികളും പരസ്യപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.


2018ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കേപ് ടൗൺ ടെസ്റ്റിനിടെ ഓസ്ട്രേലിയൻ താരം കാമറൂൺ ബാൻക്രോഫ്റ്റ് സാൻഡ്‌പേപ്പർ ഉപയോഗിച്ച് പന്തിന്റെ സ്വഭാവത്തിൽ മാറ്റം വരുത്താൻ ശ്രമിച്ചതാണ് വിവാദമായത്. അന്നത്തെ അന്വേഷണത്തിൽ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ, ബാൻക്രോഫ്റ്റ് എന്നിവർക്ക് മാത്രമാണ് പദ്ധതിയെക്കുറിച്ച് അറിവുണ്ടായിരുന്നതെന്നായിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കണ്ടെത്തൽ. ഇവർക്ക് ഒൻപതു മുതൽ 12 മാസം വരെ വിലക്കും ഏർപ്പെടുത്തിയിരുന്നു.


തന്റെ ആത്മകഥയിൽ ഉസ്മാൻ ഖവാജ നടത്തിയ വെളിപ്പെടുത്തലുകളാണ് വിവാദം വീണ്ടും സജീവമാക്കിയത്. പന്തിൽ കൃത്രിമം കാണിക്കാനുള്ള നീക്കത്തെക്കുറിച്ച് ടീമിലെ എല്ലാവർക്കും അറിവുണ്ടായിരുന്നുവെന്നും പോർട്ട് എലിസബത്തിലെ രണ്ടാം ടെസ്റ്റിലും ഇത്തരം രീതി ഉപയോഗിച്ചെന്നുമാണ് ഖവാജയുടെ ആരോപണം. വാർണറും ബാൻക്രോഫ്റ്റും ഖവാജയുടെ വാദത്തെ പിന്തുണച്ചപ്പോൾ നിലവിലെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽവുഡും ആരോപണം നിഷേധിച്ചു.


പുതിയ അന്വേഷണ ഫോറത്തിന് മുതിർന്ന അഭിഭാഷക ഫിയോണ മക്ലിയോഡ് നേതൃത്വം നൽകും. ആറാഴ്ച നീളുന്ന നടപടികളിൽ കളിക്കാർക്കും പരിശീലകർക്കും മറ്റ് ടീം അംഗങ്ങൾക്കും തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാം. എഴുത്തിലൂടെയോ നേരിട്ടോ മൊഴി നൽകാം. ഇവരുടെ മൊഴികൾ രഹസ്യമായി സൂക്ഷിക്കും.


2017-18 സീസണിലെ ആഷസ് പരമ്പര, ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ നാല് ടെസ്റ്റുകൾ, 2018 മാർച്ച് 24ന് ബാൻക്രോഫ്റ്റ് സാൻഡ്‌പേപ്പറുമായി പിടിയിലായ സംഭവം, അന്നത്തെ ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണത്തിന്റെ നടപടിക്രമങ്ങൾ എന്നിവ ഫിയോണ മക്ലിയോഡ് പരിശോധിക്കും. പ്രധാന കണ്ടെത്തലുകളും ശുപാർശകളും ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കും. എന്നാൽ വ്യക്തികളുടെ മൊഴികൾ പരസ്യപ്പെടുത്തില്ല. പുതിയ ശിക്ഷാനടപടികൾക്കും വ്യക്തികളുടെ ഉത്തരവാദിത്തം നിർണയിക്കുന്നതിനും അന്വേഷണത്തിന് അധികാരമുണ്ടാകില്ല.


2017-18ലെ ആഷസ് പരമ്പരയിൽ ഓസ്ട്രേലിയ 4-0ന് വിജയിച്ചിരുന്നു. പരമ്പരയ്ക്കിടെ ഓസ്ട്രേലിയൻ ബൗളർമാർക്ക് സ്ഥിരമായി റിവേഴ്സ് സ്വിങ് ലഭിച്ചതിനെക്കുറിച്ച് ഇംഗ്ലണ്ട് താരങ്ങൾക്കിടയിൽ സംശയമുണ്ടായിരുന്നുവെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ അലസ്റ്റർ കുക്ക് ഈ മാസം പ്രതികരിച്ചിരുന്നു. മഴയെത്തുടർന്ന് ഔട്ട്ഫീൽഡ് നനഞ്ഞുകിടന്ന പെർത്ത് ടെസ്റ്റിൽ പോലും ഓസ്ട്രേലിയൻ ബൗളർമാർക്ക് റിവേഴ്സ് സ്വിങ് ലഭിച്ചതാണ് സംശയത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.


വിവാദം വീണ്ടും ഉയർന്നതിനെത്തുടർന്ന് പാറ്റ് കമ്മിൻസിന് ക്യാപ്റ്റനായി തുടരാൻ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പൂർണ പിന്തുണയുണ്ടെന്ന് കഴിഞ്ഞ വാരം അധികൃതർ വ്യക്തമാക്കിയിരുന്നു. താരങ്ങളുടെ ക്ഷേമത്തിനും ടീമിന്റെ സംസ്കാരം മെച്ചപ്പെടുത്തുന്നതിനും മുൻഗണന നൽകുമെന്ന് ഇടക്കാല ചെയർമാൻ ഡേവിഡ് ബൂൺ പറഞ്ഞു. റിപ്പോർട്ട് പൂർണമായി പ്രസിദ്ധീകരിക്കുന്നത് സുതാര്യത ഉറപ്പാക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബർ ഒൻപതിന് പെർത്തിൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെയാണ് പുതിയ നീക്കം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home