കോൺഗ്രസിലെ ചേരിതിരിഞ്ഞുള്ള വാക്‌പോര്; മറുപടിയില്ലാതെ സണ്ണി ജോസഫ്

തിരുവനന്തപുരം: കോൺഗ്രസിൽ നേതാക്കളുടെ ചേരിതിരിഞ്ഞുള്ള വാക്‌പോരിൽ മറുപടിയില്ലാതെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. നേതാക്കളുടെ ഫ്ളക്സ് യുദ്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് താനിപ്പോൾ ഡൽഹിയിലാണ് എന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കെ സി വേണുഗോപാൽ എന്നിവരുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താന്റെ വെളിപ്പെടുത്തലുകൾക്കു പിന്നാലെ ഷാഫി– മാങ്കൂട്ടത്തിൽ അനുയായി വൃന്ദം സൈബർ ആക്രമണം രൂക്ഷമാക്കിയിരുന്നു. ഷാഫി പറന്പിലും രാഹുൽ മാങ്കൂട്ടത്തിലും ചേർന്നാണ് തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നതെന്നും ആക്രമണം തുടർന്നാൽ ഡയറി പുറത്തെടുക്കുമെന്നും വെല്ലുവിളിച്ചതിനുപിന്നാലെയാണ് സൈബർ ആക്രമണം കടുപ്പിച്ചത്.
രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്ക് നെല്ലിക്കാത്തളം വയ്‌ക്കാൻ നെല്ലിക്കകൾ കൊറിയർ അയച്ചും ഫ്ലക്‌സ്‌ബോർഡുകൾ സ്ഥാപിച്ചും പോര് കനക്കുകയാണ്. പാലക്കാട് വണ്ടാഴി പഞ്ചായത്തിലെ ഷാഫി അനുകൂലികളാണ് നെല്ലിക്കകൾ പാഴ്സലായി അയച്ചത്. എന്നാൽ ഇതൊന്നും കണ്ടില്ലെന്ന് നേതൃത്വം നടക്കുകയാണ്.








0 comments