മൂന്ന് ലോകകപ്പ് നേടിയ മാക്സ്‍വെല്ലിനെ ഒഴിവാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ; 2026-27 വാർഷിക കരാർ പുറത്ത്

ഗ്ലെൻ മാക്സ്‍വെൽ
മെൽബൺ : 2026-27 അന്താരാഷ്ട്ര ക്രിക്കറ്റ് സീസണിലേക്കുള്ള വാർഷിക കരാർ പട്ടിക ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്‍വെൽ, യുവ ഓപ്പണിങ് ബാറ്റർ സാം കോൺസ്റ്റാസ് എന്നിവരെ ഒഴിവാക്കി. ആഗസ്റ്റ് മുതൽ ആരംഭിക്കുന്ന സീസണിൽ 20 ടെസ്റ്റ് മത്സരങ്ങൾ ഉൾപ്പെടുന്നതിനാൽ ടെസ്റ്റ് സ്പെഷ്യലിസ്റ്റുകൾക്കാണ് ഇത്തവണ മുൻഗണന നൽകിയിരിക്കുന്നത്.
ഫോമിലല്ലാത്ത 20കാരൻ കോൺസ്റ്റാസിന് പകരം ജേക്ക് വെതറാൾഡിനെ ഓപ്പണറായി ഉൾപ്പെടുത്തി. ആഗസ്റ്റിൽ ബംഗ്ലാദേശിനെതിരെ നടക്കുന്ന രണ്ട് മത്സര പരമ്പരയോടെയാണ് സീസൺ ആരംഭിക്കുന്നത്. തുടർന്ന് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സിംബാബ്‌വേയിൽ മൂന്ന് ഏകദിനങ്ങളും, ദക്ഷിണാഫ്രിക്കയിൽ മൂന്ന് ഏകദിനങ്ങളും ടെസ്റ്റുകളും ഓസീസ് കളിക്കും. ഇംഗ്ലണ്ടിനെതിരായ വൈറ്റ്-ബാൾ സീരീസിന് ശേഷം ഡിസംബർ, ജനുവരി മാസങ്ങളിൽ ന്യൂസിലൻഡിനെതിരെ നാല് ഹോം ടെസ്റ്റ് പരമ്പര നടക്കും. ജനുവരി 21ന് ഇന്ത്യക്കെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പര്യടനം ആരംഭിക്കും. 2027 മാർച്ചിൽ ഇംഗ്ലണ്ടിനെതിരെ മെൽബണിൽ നടക്കുന്ന 150-ാം വാർഷിക ടെസ്റ്റോടെ സീസൺ അവസാനിക്കും.
സേവിയർ ബാർട്ട്‌ലറ്റ്, സ്കോട്ട് ബോലണ്ട്, അലക്സ് ക്യാരി, പാറ്റ് കമ്മിൻസ്, ബ്രെൻഡൻ ഡോഗറ്റ്, നഥൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യൂ കൂണ്മൻ, മർനസ് ലബുഷെയ്ൻ, നഥാൻ ലിയോൺ, മിച്ചൽ മാർഷ്, ടോഡ് മർഫി, മൈക്കൽ നേസർ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, ജേക്ക് വെതറാൾഡ്, ബോ വെബ്സ്റ്റർ, ആദം സാംപ എന്നിവരാണ് കരാർ പട്ടികയിൽ ഇടംപിടിച്ച മറ്റ് താരങ്ങൾ.










0 comments