ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്‌ൽ ഇനി ടീം ഉടമ; ഗ്ലാസ്‌ഗോ മുഗാഫിയൻസിനെ സ്വന്തമാക്കി വിൻഡീസ് താരം

Photo Credit: Getty Images
ലണ്ടൻ: ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്‌ൽ ഇനി ടീം ഉടമയുടെ റോളിൽ. ഈ വർഷം ഓഗസ്റ്റിൽ ആരംഭിക്കുന്ന പ്രഥമ യൂറോപ്യൻ ടി20 പ്രീമിയർ ലീഗിലെ ഗ്ലാസ്‌ഗോ ഫ്രാഞ്ചൈസിയെയാണ് ഗെയ്‌ൽ സ്വന്തമാക്കിയത്.
ഇന്ത്യ ആസ്ഥാനമായുള്ള വിനോദസഞ്ചാര-വിനോദ കമ്പനിയായ മുഗാഫി ഗ്രൂപ്പുമായി സഹകരിച്ചാണ് ഗെയ്‌ലിന്റെ ഈ പുതിയ നീക്കം. 'ഗ്ലാസ്‌ഗോ മുഗാഫിയൻസ്' എന്നായിരിക്കും ടീമിന്റെ ഔദ്യോഗിക നാമം.
ആദ്യം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ രാഹുൽ ദ്രാവിഡും രവിചന്ദ്രൻ അശ്വിനും നയിക്കുന്ന നിക്ഷേപക ഗ്രൂപ്പാണ് ഗ്ലാസ്‌ഗോ ടീമിനെ ഏറ്റെടുക്കുമെന്ന് കരുതിയിരുന്നത്. എന്നാൽ അവസാന നിമിഷം ഇവർ അയർലൻഡിലെ ഡബ്ലിൻ ഫ്രാഞ്ചൈസിയിലേക്ക് തങ്ങളുടെ താൽപ്പര്യം മാറ്റിയതായാണ് ബിബിസി സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത്.
ഫ്രാഞ്ചൈസി ക്രിക്കറ്റിലെ ഏറ്റവും ജനപ്രിയ മുഖമായ ഗെയ്‌ലിന്റെ വരവ് ലീഗിന് വലിയ തോതിൽ അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുക്കും.ഗ്ലാസ്‌ഗോ മുഗാഫിയൻസിന്റെ ഉടമസ്ഥത ഏറ്റെടുക്കുന്നത് തന്റെ കരിയറിലെ ആവേശകരമായ പുതിയ അധ്യായമാണെന്ന് 46-കാരനായ ഗെയ്‌ൽ പ്രതികരിച്ചു.
യൂറോപ്പ് ക്രിക്കറ്റിലെ വലിയൊരു സാധ്യതയാണെന്നും പ്രാദേശിക പ്രതിഭകളെ കണ്ടെത്താനും അവർക്ക് വലിയ വേദികൾ ഒരുക്കാനും ഇടിപിഎല്ലിലൂടെ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വെസ്റ്റ് ഇൻഡീസിനായി 103 ടെസ്റ്റുകളും 301 ഏകദിനങ്ങളും കളിച്ചിട്ടുള്ള ഗെയ്‌ൽ 2021-ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.
അയർലൻഡ്, സ്കോട്ട്ലൻഡ്, നെതർലൻഡ്സ് എന്നീ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകൾ സംയുക്തമായാണ് ഈ ലീഗ് സംഘടിപ്പിക്കുന്നത്. ആംസ്റ്റർഡാം, റോട്ടർഡാം, ബെൽഫാസ്റ്റ്, ഡബ്ലിൻ, ഗ്ലാസ്‌ഗോ, എഡിൻബറോ എന്നിവിടങ്ങളിൽ നിന്നുള്ള ആറ് ടീമുകളാണ് ലീഗിൽ മാറ്റുരയ്ക്കുന്നത്.
ബോളിവുഡ് താരം അഭിഷേക് ബച്ചനും ലീഗിൽ നിക്ഷേപകനായി ഒപ്പമുണ്ട്. പത്ത് വർഷത്തെ കാലയളവിലേക്ക് ഓരോ ടീമിനും ഏകദേശം 120 കോടിയിലധികം രൂപയ്ക്കാണ് ഉടമസ്ഥാവകാശം വിറ്റുപോയിരിക്കുന്നത്. ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 20 വരെയാണ് ടൂർണമെന്റ് നടക്കുക.










0 comments