47 പന്തിൽ സെഞ്ചുറി; തഴഞ്ഞവർക്ക് ബാറ്റുകൊണ്ട് സർഫറാസ് ഖാന്റെ മറുപടി

മുംബൈ: ദേശീയ ടീമിൽ നിന്ന് തഴഞ്ഞവർക്ക് ബാറ്റിലൂടെ മറുപടി നൽകി സർഫറാസ് ഖാൻ. സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20 ക്രിക്കറ്റ് ടൂർണമെൻ്റിൽ മുംബൈക്കായി 47 പന്തിൽ നിന്ന് താരം സെഞ്ചുറി നേടി. മത്സരത്തിൽ അസമിനെതിരെ 99 റൺസിന്റെ കൂറ്റൻ ജയമാണ് മുംബൈ സ്വന്തമാക്കിയത്. രഞ്ജി ക്രിക്കറ്റിൽ മിന്നും ഫോമിൽ കളിച്ച താരം സർഫറാസ് ഖാൻ ട്വൻ്റി 20യിലും മികവ് തുടർന്നു. എട്ട് ഫോറും ഏഴും സിക്സും പറത്തിയാണ് 28കാരൻ ട്വൻ്റി 20യിലെ തന്റെ കന്നി സെഞ്ചുറി നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് ഓപ്പണർമാർ ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. 17കാരൻ ആയുഷ് മാത്രെ (15 പന്തിൽ 21) പുറത്തായതിന് പിന്നാലെയാണ് സർഫറാസ് ഖാൻ കളത്തിലെത്തിയത്. തുടർന്ന് അജിൻക്യ രഹാനെയ്ക്കൊപ്പം (33 പന്തിൽ 42) താരം ടീം സ്കോർ ഉയർത്തി. പിന്നീട് കളത്തിലെത്തിയ സൂര്യകുമാർ യാദവ് (12 പന്തിൽ 20), സൂര്യൻഷ് ഷെഡ്ജെ (6 പന്തിൽ 9) വേഗം പുറത്തായെങ്കിലും സർഫറാസ് ഒരറ്റത്ത് നിന്ന് തകർത്തടിച്ചു. ആറാമനായി ഇറങ്ങിയ സായ്‌രാജ് പാട്ടീൽ (9 പന്തിൽ 25) കൂടി കൂറ്റനടി നടത്തിയതോടെ മുംബൈ സ്കോർ 220ലെത്തി.
വമ്പൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അസം 19.1 ഓവറിൽ 122 റൺസിന് പുറത്തായി. ക്യാപ്റ്റൻ ശർദുൾ താക്കൂർ അഞ്ച് വിക്കറ്റ് നേടി. മുഷ്താഖ് അലിയിൽ മുംബൈയുടെ തുടർച്ചയായ നാലാം ജയമാണിത്.








0 comments