ഐപിഎൽ; ഗ്രീനിന്റെ കാര്യത്തിൽ കൊൽക്കത്ത കാണിച്ചത് മണ്ടത്തരം; മുൻ ഇന്ത്യൻ താരം

കൊൽക്കത്ത : ഐപിഎല്ലിൽ പോയിന്റ് ടേബിളിൽ അവസാനക്കാരായി തുടരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മോശം പ്രകടനം ചർച്ചയാകുന്നു. ടീം നേരിടുന്ന തകർച്ചയ്ക്ക് പ്രധാന കാരണം 25.20 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ക്യാമെറൺ ഗ്രീനിന്റെ മോശം പ്രകടനമാണെന്ന വിമർശനവുമായി മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ് രംഗത്തെത്തി.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ വിദേശ താരമായ ഗ്രീനിന് അഞ്ച് മത്സരങ്ങളിൽ നിന്ന് ഇതുവരെ നേടാനായത് വെറും 56 റൺസും ഒരു വിക്കറ്റും മാത്രമാണ്. പരിക്കിനെ തുടർന്ന് ആദ്യ മൂന്ന് മത്സരങ്ങളിൽ താരം പന്തെറിഞ്ഞിരുന്നില്ല. ഇത്രയും വലിയ തുക മുടക്കി ഗ്രീനിനെ വാങ്ങിയത് വലിയ മണ്ടത്തരമായിരുന്നുവെന്ന് കൊൽക്കത്ത മാനേജ്‌മെന്റ് സമ്മതിക്കണമെന്ന് സെവാഗ് പറഞ്ഞു.
"ഗ്രീൻ ഇപ്പോൾ ടീമിന് ഒരു ബാധ്യതയായി മാറിയിരിക്കുന്നു. ഇത്രയും വലിയ തുക മുടക്കിയിട്ടും താരം പ്രകടനം നടത്തുന്നില്ലെങ്കിൽ ബെഞ്ചിലിരുത്തുന്നതിൽ നാണക്കേട് വിചാരിക്കേണ്ടതില്ല. തെറ്റുകൾ സമ്മതിക്കുന്നതിലാണ് മാന്യത. ഗ്രീനിനെ പ്ലെയിങ് ഇലവനിൽ നിന്ന് മാറ്റി പകരം കിവീസ് ഓപ്പണർ ടീം സീഫെർട്ടിനെ ടീമിലെത്തിക്കണം," ക്രിക്ബസിനോട് സംസാരിക്കവെ സെവാഗ് വ്യക്തമാക്കി.
ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ഓപ്പണിങ്ങിൽ നിന്ന് മാറി മധ്യനിരയിൽ കളിക്കണമെന്നും സീഫെർട്ടിനെ ഓപ്പണറാക്കണമെന്നുമാണ് സെവാഗിന്റെ നിർദ്ദേശം. അഞ്ചിൽ നാല് മത്സരങ്ങളും തോറ്റ കൊൽക്കത്തയ്ക്ക് ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചതിലൂടെ ലഭിച്ചത് ഒരു പോയിന്റ് മാത്രമാണ്. ടീം കോമ്പിനേഷനിൽ മാറ്റങ്ങൾ വരുത്തുമെന്ന് നായകൻ രഹാനെയും കഴിഞ്ഞ മത്സരത്തിന് ശേഷം സൂചിപ്പിച്ചു.









0 comments